ബംഗളൂരു: കർണാടകയിലെ ബാങ്കിൽ നിന്ന് 52 കോടി രൂപയുടെ സ്വർണം കൊള്ളയടിച്ചു. വിജയപുരയിലുള്ള കാനറ ബാങ്കിലാണ് മോഷണം നടന്നത്. മേയ് 23നാണ് സംഭവം നടന്നതെന്നാണ് വിവരം. ബാങ്ക് കൊള്ളയുടെ രാജ്യത്തെ തന്നെ ഏറ്റവും വലിയ ബാങ്ക് കൊള്ളകളിലൊന്നാണിത്.
വിജയപുരയിലെ മനഗുളിയിലുള്ള കാനറ ബാങ്ക് ശാഖയിലാണ് വൻ മോഷണം നടന്നത്. മൂന്നുപേർ ചേർന്നാണ് ബാങ്കിൽ നിന്ന് 51 കിലോഗ്രാം സ്വർണം കടത്തിയത്. മേയ് 23ന് വൈകിട്ട് ആറുമണിക്കും 26ന് രാവിലെ 11.30നും ഇടയിലാണ് മോഷണം നടന്നതെന്ന് വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്‌മൺ നിംബാർഗി പറഞ്ഞു. പ്രതികളെ പിടികൂടാൻ എട്ട് സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. മോഷണത്തിൽ എട്ടോളം പേർ പങ്കാളികളാണെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മോഷണം വളരെ ആസൂത്രിതമായാണ് നടത്തിയതെന്ന് വിജയപുര പൊലീസ് വ്യക്തമാക്കി. രണ്ടാം ശനിയും ഞായറാഴ്‌ചയും ഒരുമിച്ച് വരാൻ കാത്തിരിക്കുകയായിരുന്നു മോഷ്ടാക്കൾ. കള്ളത്താക്കോൽ ഉപയോഗിച്ച് ബാങ്കിനകത്തുകടന്ന മോഷ്ടാക്കൾ അലാറവും സിസിടിവി ക്യാമറകളും പ്രവർത്തനരഹിതമാക്കി. നെറ്റ്‌വർക്ക് വീഡിയോ റെക്കാഡറും അപഹരിച്ചു. ബാങ്ക് ലോക്കറുകൾ മാത്രമാണ് അവർ ലക്ഷ്യംവച്ചത്. കൊള്ളയ്ക്കുശേഷം ഒരു കറുത്ത പാവയും മോഷ്ടാക്കൾ ഉപേക്ഷിച്ചു. എന്തോ ആചാര ക്രിയകൾ അനുഷ്ഠിച്ചതിന്റെ സൂചനയാണിതെന്നും പൊലീസ് പറഞ്ഞു.
കർണാടകയിൽ ഇതിന് മുൻപും വലിയ ബാങ്ക് കൊള്ള നടന്നിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബറിൽ ദേവനഗരി ജില്ലയിലെ ന്യാമതി പട്ടണത്തുള്ള എസ്‌ബിഐ ശാഖയിൽ നിന്ന് 13 കോടി രൂപ മൂല്യമുള്ള സ്വർണമാണ് കൊള്ളയടിച്ചത്. സംഭവത്തിൽ പിന്നീട് ആറുപേർ അറസ്റ്റിലായിരുന്നു. ജനുവരിയിൽ മംഗളൂരുവിലെ വ്യവസായ സേവ സഹകാരി സംഘ ബാങ്കിൽ നിന്ന് 12 കോടിയുടെ സ്വർണവും മോഷണം പോയി. കേസിൽ ആറുപേർ അറസ്റ്റിലാവുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |