കോഴിക്കോട്: സംഗീതോപകരണങ്ങൾ വായിക്കുന്നത് പഠിക്കാൻ ആൽബർട്ട് ഹെൻറി (ആൽബി മാസ്റ്റർ) എവിടെയും പോയിട്ടില്ല. എന്നാൽ ഹാർമോണിയം, കീബോർഡ്, വയലിൻ, ഗിറ്റാർ, മാൻഡലിൻ, ട്രംപറ്റ്, ബുൾബുൾ തുടങ്ങി പതിനഞ്ചോളം സംഗീതോപകരണങ്ങൾ വായിക്കുന്നതിൽ പ്രഗത്ഭൻ. പതിറ്റാണ്ടുകളായി പഠിപ്പിക്കുകയും ചെയ്യുന്നു.
മാസ്റ്ററിൽ നിന്ന് ആയിരങ്ങൾ സംഗീതോപകരണങ്ങൾ അഭ്യസിച്ചിട്ടുണ്ട്. കോഴിക്കോട് ഈസ്റ്റ്ഹിൽ സുരേന്ദ്ര ക്വാർട്ടേഴ്സിലാണ് താമസം. എഴുപത്തിയഞ്ചാം വയസിലും സംഗീത ക്ളാസുമായി സജീവം. പുതിയ സംഗീതപാഠങ്ങൾ പഠിക്കാൻ ഊരു ചുറ്റിയിട്ടുണ്ട്. എം.എസ്. ബാബുരാജിന്റെ സഹായിയായിരുന്നു. ഭാരത്, വീനസ്, ജെമിനി തുടങ്ങി സർക്കസ് ഓർക്കസ്ട്രകളിലും പ്രവർത്തിച്ചു. പൊലീസ് ഓർക്കസ്ട്രയിൽ വേസ്റ്റേൺ സിംഗറായിരുന്നു. സ്കൂളുകളിൽ ബാൻഡ്സെറ്റും ഗിറ്റാറും ഓർഗനും പഠിപ്പിച്ചു.
പത്താം ക്ളാസിലായിരിക്കെ കോഴിക്കോട് ആകാശവാണിയിൽ ബാലലോകം പരിപാടിയിൽ പാടിയാണ് തുടക്കം. പതിനാലാം വയസിൽ കോഴിക്കോട് സി.എസ്.ഐ. സ്കൂളിലെ നൃത്തപരിപാടിക്കും മറ്റും ഹാർമോണിയം വായിച്ചു. നിരവധി ഓർക്കസ്ട്രകളിലും മ്യൂസിക് ഡയറക്ടറായും സജീവമായി. ഭാര്യ: ലതിക. മക്കൾ: ജൂലിയ, ബ്യൂല ഗ്രേസ്, ക്രിസ്റ്റീന.
എഫ്.സി.ഐ ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ഹെൻറി ജോഷ്വയും മുത്തച്ഛൻ ഫിലിപ്പും ഹാർമോണിയം വായിക്കുമായിരുന്നു. ഇരുവരും പഠിക്കാൻ പേയിട്ടില്ല. അമ്മ സാറ ഹെൻറി ഭക്തിഗാനങ്ങൾ ആലപിക്കുമായിരുന്നു. കോഴിക്കോട്ടെ ശരത്ചന്ദ്ര മാറാഠ, അപ്പൂട്ടി തുടങ്ങിയ ഗായകരുമായി ആൽബി മാസ്റ്റർ സംഗീതത്തെപ്പറ്റി ചർച്ച ചെയ്യുമായിരുന്നു.
2022ൽ ദേവരാജൻ മാസ്റ്ററുടെ 100 ഗാനങ്ങൾ ഹാർമോണിയത്തിൽ വിവിധ രീതിയിൽ വായിച്ചു. കഴിഞ്ഞമാസം മുഹമ്മദ് റഫിയുടെ 101 ഗാനങ്ങൾ ഗിറ്റാറിൽ വായിച്ചും ശ്രദ്ധേയനായി. 2013ൽ 25 വാദ്യോപകരണങ്ങളുടെ പ്രയോഗരീതി അവതരിപ്പിച്ചിട്ടുണ്ട്. 2023ൽ 101 കൃസ്തീയ ഭക്തിഗാനങ്ങൾ കീബോർഡിൽ വായിച്ചു. ബോംബെയ്സ് കമാൽ, തലത്ത് മുഹമ്മദ്, സി.എ. അബൂബക്കർ, തലശ്ശേരി ഉമ്മർകുട്ടി (മാപ്പിളപ്പാട്ട്) എന്നിവർക്കൊപ്പം പ്രവർത്തിച്ചിട്ടുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |