തിരുവനന്തപുരം: മലപ്പുറം കൂരിയാട് ദേശീയപാതയിൽ നിർമ്മാണത്തിനിടെ തകർന്ന ഭാഗം ഉടൻ പൊളിച്ചു നീക്കും. മഴക്കാലത്തിന് ശേഷം തൂണുകളിൽ ഉയർത്തിയുള്ള (വയഡക്ട്) പുതിയ പാതയുടെ നിർമ്മാണം ആരംഭിക്കുമെന്ന് കരാർ കമ്പനിയായ കെ.എൻ.ആർ.സി.എൽ എം.ഡി നരസിംഹ റെഡ്ഡി ദേശീയപാത അതോറിട്ടി ചെയർമാൻ സന്തോഷ് കുമാർ യാദവിനെ അറിയിച്ചു. .കമ്പനിയുടെ നിലപാട് എൻ.എച്ച്.എ.ഐ ചെയർമാൻ ചീഫ് സെക്രട്ടറി എ.ജയതിലകിനെയും അറിയിച്ചു.
ഇക്കാര്യങ്ങളടക്കം ദേശീയപാതയിലുണ്ടായ വിവിധ പ്രശ്നങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തും. മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുക്കും. കൂരിയാട് ഭാഗത്ത് നടത്തേണ്ട അടിയന്തര നടപടികളിൽ ഇന്ന് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചന.
കൂരിയാട്ട് ഭാഗത്തെ മണ്ണ് പരിശോധിച്ചതിന് ശേഷമാണ് മണ്ണിട്ടുയർത്തി നിർമ്മാണം നടത്താൻ കൺസൾട്ടന്റും കരാർ കമ്പനിയും തീരുമാനിച്ചതെന്നാണ് കെ.എൻ.ആർ.സി.എൽ എം.ഡിയുടെ വിശദീകരണം. ഇത് ദേശീയപാത വിഭാഗം അംഗീകരിച്ചിരുന്നു. പദ്ധതി വേഗത്തിലാക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ, മണ്ണിന്റെ ബലക്കുറവും ശക്തമായ നീരൊഴുക്കും പ്രശ്നമായി. അപ്രോച്ച് റോഡിന്റെ വീതി കുറയുമെന്നതിനാൽ മണ്ണിട്ടുയർത്തിയുള്ള അടിത്തറയ്ക്ക് വീതി കൂട്ടുന്നതിനും പരിമിതിയുണ്ടായിരുന്നു. ഇതും നിർമ്മിതി തകരുന്നതിന് കാരണമായെന്ന് കമ്പനി അധികൃതർ വിശദമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |