കൊച്ചി: പറമ്പിലെ പ്ലാവിന്റെ വിലയറിയാതെപോയ മലയാളികളെ ചക്കപ്പഴത്തിന്റെ രുചിരസങ്ങളിലേക്കു കൂട്ടിക്കൊണ്ടുപോവുകയാണ് ഇലക്ട്രിക്കൽ എൻജിനിയർ തൃശൂർ മുരിയാട് സ്വദേശി കാർത്തിക് സുരേഷ്. വിവിധയിനം ചക്കകളുടെ കൊതിപ്പിക്കുന്ന രുചികൾ സൂപ്പർമാർക്കറ്റുകളിലെത്തുന്നത് ഈ 31കാരന്റെ വീട്ടുമുറ്റത്തു നിന്ന്. മൂത്തു പാകമായ ചക്ക കർഷകരിൽ നിന്ന് വാങ്ങി സ്വാഭാവികമായി പഴുപ്പിച്ച്, കുരുകളഞ്ഞ ചുളകൾ പ്ലാസ്റ്റിക് ബോക്‌സിലാക്കി വിൽക്കുന്നു. 200 ഗ്രാമിന്റെ പായ്ക്കറ്റുകൾ 400 എണ്ണം വരെ ഒരുദിവസം സൂപ്പർമാർക്കറ്റുകളിലെത്തുന്നു. ചില്ലറ വിൽപ്പനയില്ല. ചുവപ്പു ചുളകളുടെ പായ്ക്കറ്റിന് 100 രൂപ. മഞ്ഞയ്ക്ക് 90. മാസം ശരാശരി ഒന്നര ലക്ഷം രൂപ ലാഭം! കേരളത്തിന്റെ ഔദ്യോഗിക ഫലമായ ചക്കയ്ക്ക് വിപണിയിൽ ഗ്ലാമർ കൂടിവരുന്നതിനാൽ കച്ചവടം ഉഷാർ.
രണ്ടര വർഷം മുമ്പാണ് ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചത്. തൃശൂർ, കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട് എന്നിവിടങ്ങളിലെ തോട്ടങ്ങളിൽനിന്നാണ് ചക്ക വാങ്ങുന്നത്. വിദേശ ഇനങ്ങളും കേരളത്തിൽ കൃഷി ചെയ്യുന്നതിനാൽ ചക്ക സമൃദ്ധം. കീടനാശിനി പ്രയോഗിക്കാത്ത സംശുദ്ധ പഴമാണ് ചക്കയെന്ന തിരിച്ചറിവ് സ്വീകാര്യത വർദ്ധിപ്പിക്കുന്നു.
സംരംഭകർക്ക് മാർഗനിർദ്ദേശം നൽകുന്ന വൈ.ഇ സ്റ്റാക് എന്ന സ്ഥാപനത്തിന്റെ സഹായത്തോടെയാണ് ഈ രംഗത്തെത്തിയത്. തൃപ്പൂണിത്തുറ ഉദയംപേരൂർ സ്വദേശി ശരണ്യ (എൻജിനീയർ, ബംഗളൂരു)യാണ് ഭാര്യ.
പ്രധാന ഇനങ്ങൾ
ചക്കക്കുരുവിന്
50 രൂപ വരെ
ചക്കക്കുരു കിലോ 40-50 രൂപയ്‌ക്ക് വിൽക്കും. കൂഞ്ഞിൽ, ചവിണി, തൊലി തുടങ്ങിയവ ക്ഷീരകർഷകർക്ക് വിൽക്കും. തോട്ടങ്ങളിൽ വളമായും ഉപയോഗിക്കുന്നു.
സെപ്തംബർ മുതൽ
ചക്ക സീസൺ
സെപ്തംബറിൽ ഇടിച്ചക്ക സീസൺ തുടങ്ങും. ഇതും നുറുക്കി പായ്‌ക്കറ്റിലാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നു. ഒക്ടോബർ മുതൽ ആഗസ്റ്റ് പകുതി വരെയാണ് പഴുത്ത ചക്കയുടെ സീസണെങ്കിലും അതു കഴിഞ്ഞാൽ തമിഴ്നാട്ടിലെ ചക്കഗ്രാമമായ പൺറുട്ടിയിൽ നിന്നുമെത്തും.
വീട്ടമ്മമാർക്ക്
സ്ഥിരം ജോലി
12 സ്ഥിരം ജീവനക്കാരും അതിലേറെ താത്കാലിക ജീവനക്കാരുമുണ്ട്. ഇതിലേറെയും വീട്ടമ്മമാർ.
പലയിനം ചക്കകൾക്കും ശരാശരി 20 കിലോ ഭാരമുണ്ടാകുമെന്നതിനാൽ നഗരങ്ങളിൽ താമസിക്കുന്ന ചെറുകുടുംബങ്ങൾ വാങ്ങാൻ മടിച്ചിരുന്നു. ഇതിനു പരിഹാരമായാണ് ചുളകളാക്കി വിൽപ്പന തുടങ്ങിയത്.
കാർത്തിക് സുരേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |