കൊച്ചി: വീട് മതിൽക്കെട്ടിനകത്താക്കുന്ന മലയാളി ശീലത്തിന് അപവാദമാണ് തൃക്കാക്കരയിലെ ചിന്താമണിഗൃഹം. ഹരിതനഗറിലെ വലിയവീടുകളുടെ വലിയമതിലുകൾക്കിടയിൽ വേലിപ്പടർപ്പുകളും പൂക്കളും കിളികളുമായി ഈ സാധാരണ വീടും തൊടിയും വേറിട്ടു നിൽക്കുന്നു.
കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.കെ. ശിവപ്രസാദിന്റെ വീടാണ് ചിന്താമണിഗൃഹം. പരിസ്ഥിതി സ്നേഹിയായ അദ്ദേഹം 12 സെന്റ് വളപ്പിലെ രണ്ട് അതിരുകളിൽ മതിൽ കെട്ടിയില്ല. അയൽവാസികളുടെ രണ്ട് അതിരുകൾ മതിൽകെട്ടി. കിഴക്കേഭാഗം പത്തടി താഴ്ന്ന ഭൂമിയായതിനാൽ സുരക്ഷിതത്വത്തിനായി ചെറിയൊരു അരമതിൽ പണിതായിരുന്നു വേലി നിർമ്മാണം. കാൽനൂറ്റാണ്ട് പിന്നിട്ട വേലികളുടെ പരിപാലനവും അദ്ദേഹം തന്നെ.
ഇത്രത്തോളം മതിലുകെട്ടുന്ന സമൂഹം ലോകത്തെവിടെയും ഇല്ലെന്നാണ് കൊച്ചി യൂണിവേഴ്സിറ്റി ഷിപ്പിംഗ് ടെക്നോളജി വിഭാഗം മുൻതലവനും വിപുലമായ ലോകസഞ്ചാരം നടത്തിയിട്ടുമുള്ള ശിവപ്രസാദിന്റെ പക്ഷം. സാമൂഹികമായും പാരിസ്ഥിതികമായും മതിലുകൾ കേരളത്തിന്റെ മനസിനെയും ശരീരത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് പരീക്ഷണത്തിന് മുതിർന്നത്.
പഴമയുണർത്തി, പൂവിരിയും വേലി
ശീമക്കൊന്നയ്ക്കൊപ്പം ചെത്തി, ചെമ്പരത്തി, കനകാംബരം, മന്ദാരം, ശംഖുപുഷ്പം തുടങ്ങിയ നാടൻ പുഷ്പങ്ങൾ നിറഞ്ഞ വീടിന് മുന്നിലെ 25 മീറ്റർവേലി വഴിയാത്രക്കാർക്ക് കുളിർമ്മയുമേകുന്നു. പക്ഷികളും ജീവികളും പതിവ് സന്ദർശകരാണ്. ഹരിതാഭമായ പറമ്പിൽ പ്ളാവും മാവും റമ്പൂട്ടാനും ഉൾപ്പടെ ഏതാനും വൃക്ഷങ്ങളുമുണ്ട്. മൂന്നുവർഷംമുമ്പ് ഹുണ്ടായ് വെന്യൂ കാർ വാങ്ങിയപ്പോഴാണ് വേലിയെ വേദനിപ്പിക്കാതെ ഒരു ഗേറ്റ് വച്ചത്.
തൊട്ടടുത്തുള്ള പ്രസിദ്ധമായ തൃക്കാക്കൃര വാമനമൂർത്തി ക്ഷേത്രത്തിലേക്ക് പോകുന്ന ഭക്തർ വേലിയിലെ പുഷ്പങ്ങൾ ഭഗവാന് നൽകുന്ന പുണ്യത്തിന്റെ പങ്കും തനിക്കുണ്ടെന്ന് ഡോ. ശിവപ്രസാദ് പറഞ്ഞു.
തേവയ്ക്കൽ വിദ്യോദയ സ്കൂളിലെ റിട്ട. സംസ്കൃത അദ്ധ്യാപിക ഭാര്യ ശാലിനിയും ഇളയമകൻ ഫിസിക്കൽ എഡ്യൂക്കേഷൻ ഡിഗ്രി വിദ്യാർത്ഥിയുമായ മാനവേദനുമാണ് വീട്ടിലുള്ളത്. ലണ്ടനിൽ ഫിലിം എഡിറ്റിംഗ് പഠനം കഴിഞ്ഞ മകൻ നാമദേവ് അവിടെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |