തളിപ്പറമ്പ് : പതിനൊന്നുദിവസങ്ങൾക്ക് ശേഷം ദേശീയപാതയിൽ തളിപ്പറമ്പ് കുപ്പം കപ്പണത്തട്ട് വഴി വാഹന ഗതാഗതം പുനസ്ഥാപിച്ചു .ഇന്നലെ മൂന്ന് മണിയോടെയാണ് ഇതുവഴി എല്ലാ വാഹനങ്ങളെയും കടത്തിവിട്ടുതുടങ്ങിയത്. മണ്ണിടിച്ചിലിനെ തുടർന്നാണ് പതിനൊന്നുദിവസം മുമ്പ് ഇതുവഴിയുള്ള ഗതാഗതം തടഞ്ഞത്.
നല്ല കാലാവസ്ഥയുണ്ടായിട്ടും അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗതം പുനസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ മുതൽ കണ്ണൂർ-പയ്യന്നൂർ റൂട്ടിലെ സ്വകാര്യബസുകൾ മിന്നൽ പണിമുടക്ക് നടത്തിയിരുന്നു. ഇതുമൂലം വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ദുരിതത്തിലായതിന് പിന്നാലെ ജില്ലാഭരണകൂടം അടിയന്തിരമായി ഇടപെടുകയായിരുന്നു.
മേയ് 25 മുതൽ കുപ്പം റോഡിൽ ഗതാഗതം നിരോധിച്ചതിനെ തുടർന്ന് പയ്യന്നൂർ ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെ കുപ്പം ഏഴോം നെരുവമ്പ്രം വഴി പരിയാരം മെഡിക്കൽ കോളജിന് മുന്നിലെത്തിയും തളിപ്പറമ്പ് ഭാഗത്തേക്കുള്ളവ ചുടലയിൽ നിന്നും മുക്കുന്ന് റോഡിലേക്ക് പ്രവേശിച്ച് കുപ്പത്ത് എത്തിയുമാണ് ദേശീയപാത വഴി സർവ്വീസ് നടത്തിയിരുന്നത്.
മണ്ണിടിച്ചിൽ തടയാൻ തട്ടുതട്ടാക്കി
കപ്പണത്തട്ടിൽ മണ്ണിടിഞ്ഞ ഭാഗം തട്ട് തട്ടായി തിരിച്ചിരിക്കുകയാണിപ്പോൾ. ഇതിന്റെ അടിഭാഗത്ത് കരിങ്കൽചീളുകൾ കൂട്ടിയിട്ട് ഭിത്തി നിർമ്മിക്കുകയും ചെയ്തു. ഇതിനോട് ചേർന്ന് ജില്ലിപ്പൊടി നിറച്ച ചാക്കുകൾ അടുക്കിവച്ചിരിക്കുകയാണ്. ഇവ നിരങ്ങിനീങ്ങാതിരിക്കാൻ മറ്റൊരു ഭിത്തിയും നിർമ്മിച്ചിട്ടുണ്ട് കൂടാതെ ഏറ്റവും ഉയരത്തിൽ വെള്ളം ഇറങ്ങി ഇടിയാതിരിക്കാൻ ടാർപോളിൻ ഷിറ്റ് വിരിച്ചിരിക്കുകയാണ്. മഴവന്നാൽ ദേശീയ പാതയുടെ താഴെ ഭാഗത്തെ വീടുകളിലേയ്ക്ക് ചെളിവെള്ളം ഒഴുകി എത്താതിരിക്കാനുള്ള മുൻകരുതലും കരാർ കമ്പനി സ്വീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |