അടുപ്പക്കാർ 'നാണപ്പൻ" എന്ന് വിളിച്ചുപോന്ന എം.പി. നാരായണപിള്ള എന്ന എഴുത്തുകാരനെ ഓർമ്മകളിലൂടെ രേഖപ്പെടുത്തുന്ന പുസ്തകമാണ് 'അങ്ങനെ ഒരാൾ മാത്രം- എം.പി. നാരായണപിള്ള സ്മൃതിലേഖ." സാഹിത്യകുതുകികളായ സാമാന്യമ ലയാളിയുടെ ഓർമ്മയിൽ നാരായണപിള്ള സ്ഥാനം പിടിച്ചത് അദ്ദേഹത്തിന്റെ 'പരിണാമം" എന്ന നോവലിന്റെ പേരിലാണ്. നോവൽ വായിച്ചിട്ടില്ലാത്തവരും ഓർമ്മിക്കുന്നു- കേരള സാഹിത്യ അക്കാഡമി അതിന് അവാർഡ് പ്രഖ്യാപിച്ചു, നാരായണ പിള്ള സോപാധികം അത് നിരസിച്ചു, അത് വാർത്തയായി! സോപാധികനിരാസം സ്വീകാര്യമല്ലെന്ന വാദത്തിൽ അക്കാഡമി പ്രഖ്യാപിച്ച അവാർഡ് റദ്ദാക്കി.
കാര്യങ്ങൾ അങ്ങനെ കിടക്കവെയാണ് അവാർഡ് റദ്ദാക്കിയതിൽ പ്രതിഷേധിക്കാൻ അഴീക്കോടിന് തോന്നിയത്. തനിക്ക് നേരത്തെ അക്കാഡമി നൽകിയ വിശിഷ്ടാംഗത്വം ആഘോഷപൂർവം അദ്ദേഹം മടക്കിക്കൊടുത്തു. പിന്നെ സാംസ്‌കാരിക നായകരുടെ പ്രസ്താവനായുദ്ധം വന്നു. അതൊന്ന് അടങ്ങിയപ്പോൾ അഴീക്കോട് മടക്കിക്കൊടുത്തതെല്ലാം വീണ്ടും വാങ്ങി സ്വത്വം തെളിയിച്ചു. സാമാന്യമലയാളിയുടെ ഓർമ്മയിൽ നാരായണപിള്ള തെളിഞ്ഞതിങ്ങനെ.
അവാർഡ് ഭാഗികമായി നിരസിക്കുന്ന കാര്യം കത്തിലൂടെ അറിയിച്ചത് അന്നത്തെ അക്കാഡമി സെക്രട്ടറിയെ ആണ്. പായിപ്ര രാധാകൃഷ്ണനായിരുന്നു അന്ന് സെക്രട്ടറി. പായിപ്ര തന്നെയാണ് ഈ പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. പായിപ്രയ്ക്ക് ഇതു സംബന്ധിച്ച് അയച്ച കത്തും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. അനുബന്ധകാര്യങ്ങൾ പായിപ്രയുടെ കുറിപ്പിലുമുണ്ട്. പായിപ്രയ്ക്ക് നാരായണപിള്ളയുമായുള്ള പലവിധ വ്യക്തിബന്ധങ്ങളുടെ ശക്തി ഈ പുസ്തകത്തിലെ ഉള്ളടക്കത്തെ മനോഹരമായി സംയോജിപ്പിക്കാൻ പ്രാപ്തമാക്കി.
ഓർമ്മക്കുറിപ്പുകൾക്കുമപ്പുറം നാരായണപിള്ളയുടെ ചില കഥകൾ, ജീവിതത്തെക്കുറിച്ചുള്ള വിലയിരുത്തൽ, പ്രഭാ നാരായണപിള്ള ഉൾപ്പെടെ വ്യക്തിബന്ധങ്ങൾ ചേരുന്ന കുറിപ്പുകൾ തുടങ്ങി പല കോണുകളിൽനിന്ന് ഒരാളെ നോക്കിക്കാണുമ്പോഴുള്ള ദൃശ്യവൈജാത്യങ്ങൾ.... അതൊക്കെ ഈ പുസ്തകത്തിന്റെ സവിശേഷതയാണ്. ഇങ്ങനെ വൈജാത്യങ്ങളുണ്ടെങ്കിലും ദൃശ്യങ്ങളുടെ ആകത്തുകയെ വാക്കുകളിലേക്ക് വിവർത്തനം ചെയ്താൽ 'ഒരാൾ മാത്രം" എന്ന പ്രസ്താവനയാകും അന്തിമമായി രൂപപ്പെടുക.
എം.ടി.മാധവിക്കുട്ടി, അഴീക്കോട്, വി.കെ.എൻ. കാക്കനാടൻ തുടങ്ങിയ എഴുത്തുകാർ, കെ. കരുണാകരൻ, പി.കെ.വി എന്നീ രാഷ്ട്രീയ നേതാക്കൾ, പത്രപ്രവർത്തകർ തുടങ്ങി ജീവിതത്തിന്റെ വിവിധ മേഖലയിലുള്ളവർ നാരായണപിള്ളയെ ഉറ്റുനോക്കി, വിലയിരുത്തി, അവരെല്ലാം അപൂർവതയുള്ള, വ്യതിരിക്തതയുള്ള ഒരേ ആളെ കണ്ടു, അങ്ങനെ 'ഒരാൾ മാത്രം- എം.പി.നാരായണപിള്ള!" ആദ്യകഥയെഴുതാൻ താൻ പെടാപ്പാട് പെട്ടകാര്യം വിവരിക്കുന്നുണ്ട് നാരായണപിള്ള; അത് 'മാതൃഭൂമി"യിലെത്തിയെപ്പോൾ എം.ടി. അത്ഭുതം കൊള്ളുന്നു-ഇങ്ങനെയൊരു കഥ തനിക്കെഴുതാൻ കഴിഞ്ഞല്ലല്ലോ എന്ന് നിരാശപ്പെടുന്നു!
നാരായണപിള്ളയുടെ സവിശേഷവ്യക്തിത്വം ഇവിടെ തെളിയുന്നു, ഒരു അപൂർവവ്യക്തിത്വത്തെ നാം കണ്ടുമുട്ടുന്നു, അവാർഡ് കിട്ടിയാലും, കുസൃതികാട്ടുന്ന നാരായണപിള്ളയെ; എല്ലാവർക്കുമറിയാം. ഒരു ജീനിയസിന്റെ കുസൃതിയാണ് ഇതെന്ന്. ഇങ്ങനെയൊരു ഓർമ്മപ്പുസ്തകം എഡിറ്റ് ചെയ്യുമ്പോൾ പായിപ്ര രാധാകൃഷ്ണൻ പഴയ ഓർമ്മകളെ ശേഖരിച്ച് ചരിത്രത്തിൽ വിതാനിക്കുകയാണ്. നാരായണപിള്ളയെ അനുസ്മരിച്ചവരിൽ പലരും ഇന്ന് ലോകത്തില്ല. ജീവിച്ചിരിക്കാത്തവരുടെ ഓർമ്മകളിലൂടെ നമ്മുടെ ഇടയിൽ ജീവിക്കുകയാണ് എം.പി. നാരായണപിള്ള.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |