കൊച്ചിയിയിൽ, 643 കണ്ടെയ്നറുകളുമായി കടലിൽ മുങ്ങിയ എം.എസ്.സി എൽസ-3 എന്ന കപ്പലിലുണ്ടായിരുന്ന ചരക്കുകളും, അവയിൽ ഉണ്ടായിരുന്നതായി ഇപ്പോൾ സർക്കാർ തന്നെ വെളിപ്പെടുത്തിയിരിക്കുന്ന അപകടകാരികളായ രാവസ്തുക്കളും ഉയർത്തുന്ന ചോദ്യങ്ങൾ അതീവ ഗൗരവമുള്ളതാണ്. വെള്ളവുമായി പ്രതിപ്രവർത്തിച്ച് അസറ്റലിൻ വാതകമായി മാറിയാൽ തീപിടിത്ത സാദ്ധ്യതയുള്ള കാൽസ്യം കാർബൈഡ് രാസവസ്തു, പ്ളാസ്റ്റിക് ഉത്പന്ന നിർമ്മാണത്തിനുള്ള പോളിപ്രൊപ്പിലീൻ ഗ്രാന്യൂളുകൾ എന്നിവയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പട്ടികയനുസരിച്ച് സമുദ്ര പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും ഗുരുതരമായ ദോഷം വരുത്തുന്നവ. അങ്ങനെയുണ്ടാകുന്ന പരിസ്ഥിതി നാശത്തിന്റെ മൂല്യം കണക്കാക്കുവാൻ വിദഗ്ദ്ധ പഠനത്തിലൂടെയേ സാധിക്കൂ. രാസമാലിന്യ ഭീഷണി കാരണം ആളുകൾ മത്സ്യം ഉപയോഗിക്കാൻ മടിച്ചതോടെ വില്പന പാടെ നിലച്ചതു കാരണം മത്സ്യത്തൊഴിലാളികൾക്കുണ്ടായ നഷ്ടമാണ് മറ്റൊന്ന്.
കപ്പൽ അപകടങ്ങളുടെ കാര്യത്തിൽ നഷ്ടപരിഹാരം നൽകേണ്ട ബാദ്ധ്യത പൂർണമായും കപ്പൽ കമ്പനിക്കാണ്. സംസ്ഥാനങ്ങളുടെ അധികാര പരിധിയിലുള്ള സമുദ്രമേഖല, തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയാണ്. അതേസമയം, പുതുക്കിയ കേന്ദ്ര നിയമം അനുസരിച്ച് രാജ്യത്തിന്റെ അധികാരാതിർത്തിയായ 200 നോട്ടിക്കൽ മൈൽ വരെയുള്ള വിഷയങ്ങളിൽ തീരദേശ പൊലീസിനും മലിനീകരണ നിയന്ത്രണ ബോർഡിനും ഇടപെടാം. അതായത്, ലൈബീരിയൻ പതാകയുള്ള എം.എസ്.സി എൽസ- 3 കപ്പൽ വരുത്തിയ സമുദ്ര പരിസ്ഥിതി നാശത്തിനും, തൊഴിലാളികൾക്കുണ്ടായ നഷ്ടത്തിനും കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നിയമപരമായ നടപടികളുമായി മുന്നോട്ടു പോകാൻ സംസ്ഥാന സർക്കാരിന് തടസമില്ല. കപ്പൽ അപകടത്തിന്റെ പരിസ്ഥിതി ആഘാതം ഉൾപ്പെടെ പഠിക്കാൻ മൂന്ന് വിദഗ്ദ്ധ സമിതികളെയാണ് സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. അവരുടെ പഠനത്തിനു ശേഷമേ നഷ്ടപരിഹാരമായി ആവശ്യപ്പെടേണ്ട തുകയുടെ കാര്യത്തിൽ തീരുമാനമാകൂ.
ജീവാപായമൊന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ, ഭീമമായ തുക നഷ്ടപരിഹാരം നൽകാനുള്ള ബാദ്ധ്യതയിൽ നിന്ന് ഒഴിഞ്ഞുമാറാൻ കപ്പൽ ഉടമകളായ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി) എല്ലാ കുതന്ത്രങ്ങളും സ്വീകരിക്കുമെന്ന് തീർച്ചയാണ്. കോടതികളിൽ കമ്പനിയുടെ വാദങ്ങളെ ശക്തമായി ഖണ്ഡിക്കുകയും, അർഹമായ നഷ്ടപരിഹാരം നേടിയെടുക്കുകയും ചെയ്യണമെങ്കിൽ സമുദ്രജല മലിനീകരണത്തിന്റെ തോതും, സമുദ്ര പരിസ്ഥിതി നാശത്തിന്റെ വ്യാപ്തിയും, മത്സ്യസമ്പത്തിന് ദീർഘകാലാടിസ്ഥാനത്തിൽ ഉണ്ടാകുന്ന ആഘാതവും, രാസമാലിന്യ ഭീഷണിയെ തുടർന്ന് മത്സ്യ ഉപഭോഗത്തിലുണ്ടായ കുറവും ഉൾപ്പെടെ മുഴുവൻ കാര്യങ്ങളും ശാസ്ത്രീയവും വിശദവുമായ പഠനത്തിന് വിധേയമാക്കിയേ മതിയാകൂ. ദൈർഘ്യമേറിയ തീരപ്രദേശമുള്ള സംസ്ഥാനത്തെ സംബന്ധിച്ച് ഈ ഘടകങ്ങൾക്കെല്ലാം സാമ്പത്തികവശം കൂടിയുള്ളതുകൊണ്ട് അത്തരത്തിലുണ്ടായ ആഘാതത്തെക്കുറിച്ച് പ്രത്യേക പഠനം നടത്തുകയും വേണം.
2020-ൽ 'വകാഷിയോ" എന്ന ജാപ്പനീസ് കപ്പൽ മൗറീഷ്യസിലെ പോയിന്റ് ഡി"എൻസി ദ്വീപിലേക്ക് ഇടിച്ചുകയറി, കടലിൽ എണ്ണ പടർന്നുണ്ടായ പരിസ്ഥിതിനാശത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾക്ക് നഷ്ടം സംഭവിച്ച ഇനത്തിൽ ആയിരത്തോളം ദുരിതബാധിതർക്ക് രണ്ടുലക്ഷത്തോളം രൂപ വീതം കപ്പൽ കമ്പനി നഷ്ടപരിഹാരം നല്കേണ്ടിവന്ന സംഭവം മത്സ്യത്തൊഴിലാളി സംഘടനകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. മുങ്ങിയ കണ്ടെയ്നറുകളിൽ ഉള്ള പ്ളാസ്റ്റിക് ഗ്രാന്യൂളുകൾ മത്സ്യസമ്പത്തിന് വലിയ തോതിലുള്ള പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ഇതുൾപ്പെടെ മുഴുവൻ ഘടകങ്ങളും ശാസ്ത്രീയമായി വിലയിരുത്തി വേണം നഷ്ടപരിഹാരത്തുക നിശ്ചയിക്കാൻ. കപ്പൽ കമ്പനിയുമായുള്ള നിയമയുദ്ധത്തിന് സമുദ്രനിയമങ്ങളിൽ ഏറ്റവും പരിചയസമ്പന്നരായ അഭിഭാഷകരെത്തന്നെ നിയോഗിക്കുവാനും സംസ്ഥാനം ജാഗ്രത പുലർത്തേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |