തിരുവനന്തപുരം: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് (ഐ.എസ്.എസ്) യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യൻ ബഹിരാകാശ യാത്രികനായി വ്യോമസേന ഗ്രൂപ്പ് ക്യാപ്ടൻ ശുഭാംശു ശുക്ള ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുമ്പോൾ ആകാംക്ഷയോടെ ഐ.എസ്.ആർ.ഒ. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാല് യാത്രികളിൽ ഒരാളാണ് ശുഭാംശു. കഴിഞ്ഞ പത്തുവർഷമായി ഗഗൻയാന്റെ പണിപ്പുരയിലാണ് ഐ.എസ്.ആർ.ഒ.
ഗഗൻയാൻ ദൗത്യത്തിൽ ഇതുവരെ പൂർത്തിയാക്കിയ ഒരുക്കങ്ങളുടെ പ്രായോഗികത ഈ യാത്രയിൽ ശുഭാംശു പരിശോധിക്കും. അതിനുള്ള നിർദ്ദേശങ്ങൾ ഐ.എസ്.ആർ.ഒ നൽകി. 10ന് ഇന്ത്യൻ സമയം വൈകിട്ട് 5.52നാണ് സ്പേസ് എക്സിന്റെ ആക്സിയം ഫോർ പേടകത്തിൽ ശുഭാംശുവും മൂന്നുപേരും ഫാൽക്കൺ 9 റോക്കറ്റിൽ ബഹിരാകാശ സ്റ്റേഷനിലേക്ക് പോകുന്നത്. നാസയുടെ പങ്കാളിത്തത്തോടെയാണിത്.
മുൻ നാസ യാത്രിക പെഗ്ഗി വിറ്റ്സനാണ് കമാൻഡർ. സ്ലാവോസ് വിസ്നീവ്സ്കി (പോളണ്ട്), ടിബോർ കാപു (ഹംഗറി) എന്നിവരാണ് മറ്റുള്ളവർ. രണ്ടാഴ്ച ഇവർ സ്പേസ് സ്റ്റേഷനിൽ ചെലവഴിക്കും. ആക്സിയം ഫോർ പേടകത്തിന്റെ പൈലറ്റാണ് ശുഭാംശു. സ്പേസ് സ്റ്റേഷനിലേക്ക് പേടകത്തെ അടുപ്പിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പങ്കാളിയാകാൻ ശുഭാംശുവിന് അവസരം കിട്ടും.
ഗഗൻയാൻ ദൗത്യവുമായി ബന്ധപ്പെട്ട് ഭക്ഷണം, മൈക്രോഗ്രാവിറ്റി, ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, അത് അതിജീവിക്കാൻ ഐ.എസ്.ആർ.ഒ നടത്തിയ ഒരുക്കങ്ങൾ, ഉണ്ടാകാനിടയുള്ള പ്രതിസന്ധികൾ, സ്വീകരിക്കേണ്ട മുൻകരുതലുകൾ, നാവിഗേഷൻ,നെറ്റ്‌വർക്ക്, കമ്മ്യൂണിക്കേഷൻ എന്നിവയിൽ തകരാറുണ്ടായാൽ ബദൽ സംവിധാനങ്ങൾ തുടങ്ങിയവയെല്ലാം ശുഭാംശു മനസിലാക്കും.
സ്പേസ് സ്റ്റേഷനിലേക്കുള്ള യാത്ര പൂർത്തീകരിക്കുന്നതോടെ രാകേഷ് ശർമയ്ക്കു ശേഷം ബഹിരാകാശത്തെത്തുന്ന ഇന്ത്യക്കാരനാകും ശുഭാംശു. ഐ.എസ്.എസിൽ ആദ്യമെത്തുന്ന ഇന്ത്യക്കാരനും. സ്പേസ് സ്റ്റേഷനിലേക്കുള്ള ശുഭാംശുവിന്റെ ചെലവ് വഹിക്കുന്നത് ഇന്ത്യയാണ്.
നടത്തുന്നത്
7 പരീക്ഷണങ്ങൾ
ബഹിരാകാശ നിലയത്തിൽ കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളിൽ ശുഭാംശു ഏഴ് പരീക്ഷണങ്ങൾ നടത്തും. ഗുരുത്വാകർഷണബലം തീരെ കുറവായ ഐ.എസ്.എസിലെ സാഹചര്യത്തിൽ ഭക്ഷ്യവിത്തുകളുടെ വളർച്ചയും വിളവും സംബന്ധിച്ച പഠനമാണ് ഇതിലൊന്ന്. വെള്ളായണി കാർഷിക കോളജും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് ആൻഡ് ടെക്‌നോളജിയുമടക്കം ചേർന്നാണ് ഇത് തയ്യാറാക്കിയത്.
ഗഗൻയാൻ ദൗത്യം
1.ഭൂമിയിൽ നിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ യാത്രികരെ എത്തിക്കുന്ന പദ്ധതി. ഇതിനായി ജി.എസ്.എൽ.വി റോക്കറ്റ് ഹ്യൂമൻറേറ്റഡ് ആയി പരിഷ്കരിച്ചു
2.ഒരാഴ്ചക്കാലം ഭൂമിയെ വലംവയ്ക്കും. പിന്നീട് സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തും
3.മലയാളിയായ പ്രശാന്ത് ബി.നായരും ശുഭാംശുവും ഉൾപ്പെടെ നാലുപേരാണ് യാത്രികർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |