തിരുവനന്തപുരം: കൃഷി വകുപ്പ് മുൻകൈയെടുത്ത് രാജ്ഭവനിൽ സംഘടിപ്പിച്ച പരിസ്ഥിതിദിനാഘോഷ വേദിയിൽ ഭാരതാംബയുടെ ചിത്രം വച്ചതിനെ ചൊല്ലിയുള്ള തർക്കം സർക്കാരും ഗവർണറും തമ്മിലുള്ള സൗഹൃദം തകിടം മറിച്ചു.
ചിത്രവും പുഷ്‌പാർച്ചനയും ഒഴിവാക്കണമെന്ന് ഗവർണറുടെ സെക്രട്ടറിയെ വിളിച്ച് മന്ത്രി ആവശ്യപ്പെട്ടു. പറ്റില്ലെന്നും രാജ്ഭവനിലെ കാര്യങ്ങളിൽ അന്തിമതീരുമാനം ഗവർണറുടേതാണെന്നുമായിരുന്നു മറുപടി.
അതിനു വഴങ്ങാതെ, മുഖ്യമന്ത്രിയുടെ അനുമതിയോടെ പരിപാടി റദ്ദാക്കിയ മന്ത്രി പ്രസാദ് സെക്രട്ടേറിയറ്റിലെ ദർബാർഹാളിൽ ബദൽ പരിപാടി നടത്തി. ആദ്യവേദിയിൽ ഗവർണർ പരിസ്ഥിതിദിനാഘോഷ ചടങ്ങ് നടത്തി നിലപാട് കടുപ്പിച്ചു.
ആർ.എസ്.എസ് മാത്രം ഉപയോഗിക്കുന്ന ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ടതിനാലാണ് പരിപാടി മാറ്റിയതെന്ന് മന്ത്രി പി.പ്രസാദ് പറഞ്ഞു. എത്ര സമ്മർദ്ദമുണ്ടായാലും ഭാരതമാതാവിനെ കൈവിടുന്ന പ്രശ്നമില്ലെന്ന് ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കർ വ്യക്തമാക്കി. മന്ത്രിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്ന് വാർത്താക്കുറിപ്പിറക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. രാജ്ഭവനിൽ വൈകിട്ട് നടന്ന മറ്റൊരു പരിപാടിയിൽ നിന്നു മന്ത്രി വിട്ടുനിന്നു. രാജ്യത്തിന്റെ ബിംബമാണ് ഭാരതമാതാവെന്നും രാജ്ഭവനിൽ നിന്ന് ചിത്രം മാറ്റാനാവില്ലെന്നും ഈ പരിപാടിയിൽ ഗവർണർ തുറന്നടിച്ചു.
നിലപാട് അതാണെങ്കിൽ പോകേണ്ടതില്ല: മുഖ്യമന്ത്രി
പരിസ്ഥിതിദിനാഘോഷം രാജ്ഭവനിൽ വച്ച് നടത്തണമെന്ന് മേയ് 26ന് മന്ത്രി പ്രസാദ് ഗവർണർക്ക് കത്തുനൽകിയിരുന്നു. ഭാരതാംബയുടെ ചിത്രത്തിനുമുന്നിൽ വിളക്കുതെളിച്ച് പുഷ്‌പാർച്ചന ഉൾപ്പെടുത്തി രാജ്ഭവൻ കാര്യപരിപാടി സ്വമേധയാ പുതുക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ട് രാജ്ഭവൻ ഓഡിറ്രോറിയത്തിലെ വേദിപരിശോധിക്കാനെത്തിയ മന്ത്രിയുടെ പേഴ്സണൽസ്റ്റാഫും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമാണ് ഭാരതാംബയുടെ ചിത്രമുണ്ടെന്ന് മന്ത്രിയെ അറിയിച്ചത്. പടമെടുത്ത് മന്ത്രിക്കയച്ചു. ചിത്രം മാറ്റാൻ ഗവർണർ തയ്യാറായില്ല. ഇതോടെ ഡൽഹിയിലായിരുന്ന മുഖ്യമന്ത്രിയെ അറിയിച്ചു. രാത്രിയിൽ സി.പി.ഐ നേതാക്കളുമായി മന്ത്രി ചർച്ചനടത്തി. ചടങ്ങിന് പോകേണ്ടതില്ലെന്നായി തീരുമാനം. മുഖ്യമന്ത്രിയെ അറിയിച്ചപ്പോൾ ''നിങ്ങളുടെ നിലപാട് അങ്ങനെയാണെങ്കിൽ പോവേണ്ടതില്ല'' എന്നായിരുന്നു മറുപടി. ചടങ്ങ് മാറ്റുകയാണെന്ന് രാത്രിതന്നെ രാജ്ഭവനെ അറിയിച്ചു. ഇന്നലെ രാവിലെ കത്തുംനൽകി. രാത്രിയിൽത്തന്നെ ബദൽവേദി സജ്ജമാക്കാൻ തുടങ്ങി.
ആർ.എസ്.എസ് ഉപയോഗിക്കുന്ന ചിത്രം ഭരണഘടനാപദവിയുള്ള സ്ഥാപനത്തിൽ വയ്ക്കുന്നത് ശരിയല്ല. സർക്കാർ പരിപാടികളിൽ ഇന്നുവരെയില്ലാത്തതാണ്. ഇന്ത്യയുടെ ഭൂപടമല്ല വച്ചിരുന്നത്. ഔദ്യോഗികപരിപാടിയിൽ ഇതെങ്ങനെ പ്രദർശിപ്പിക്കും. രാജ്ഭവനിൽ മുൻപ് ഈചിത്രമില്ലായിരുന്നു. പുതിയ ഗവർണർ വന്നശേഷമാണിത്. സ്ഥിരമായുപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തോട് എതിർപ്പില്ല. രാജ്ഭവനെ ബാഹ്യശക്തികൾ നിയന്ത്രിക്കുന്നത് അപകടരം
-പി.പ്രസാദ്, കൃഷിമന്ത്രി
ഇതൊക്കെ നാം ജീവിക്കുന്ന ഈ രാജ്യത്തെ ബിംബങ്ങളാണ്. ഒഴിവാക്കാനാവില്ല. അതുകൊണ്ടായിരിക്കാം മന്ത്രി വരാതിരുന്നത്. ഇതൊക്കെ എന്തുതരം ചിന്തയാണെന്ന് എനിക്കറിയില്ല. പരിസ്ഥിതി വിഷയത്തേക്കാൾ പ്രധാനപ്പെട്ട മറ്റേതു പ്രശ്‌നമാണുള്ളതെന്ന് എനിക്കറിയില്ല. ദൗർഭാഗ്യകരമായിപ്പോയി. വൃക്ഷങ്ങളെയും ജലത്തെയും വായുവിനെയും വന്ദിക്കുന്ന പാരമ്പര്യം ഉപേക്ഷിക്കണമെന്നാണ് ചില ‘ഇസങ്ങൾ’ ആവശ്യപ്പെടുന്നത്
-ആർ.വി.ആർലേക്കർ,
ഗവർണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |