ആദ്യ നിർമ്മാണ സംരംഭം പുറത്തുവരുന്നതിനു മുൻപ് മരണം
അച്ഛൻ മാത്രമല്ല, ഏറ്റവും അടുത്ത സുഹൃത്തായി ചില സമയത്ത് സി.പി. ചാക്കോ മാറി. ഷൈനിന്റെ ഡേറ്റ് കാര്യങ്ങൾ നോക്കി മാനേജരെ പോലെ കൂടെനിന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം മകനൊപ്പം നിന്ന അച്ഛൻ.
ലഹരിക്കേസിൽ അറസ്റ്റിലായി ജയിലിൽ പോയപ്പോഴും പിന്നീടുള്ള കേസിന്റെ തുടർ അന്വേഷണങ്ങളിലും ഷൈനിനൊപ്പം നെടും തൂണായി നിന്ന ചാക്കോ തനി നാട്ടിൻ പുറത്തുകാരനായി പെരുമാറി. ലഹരിക്കേസിൽ ഷൈനെ മനഃപൂർവം കുടുക്കിയതാണെന്ന് ചാക്കോ എന്നും വിശ്വസിച്ചു.
കൊക്ക്‌യൻ കേസിൽ ഷൈൻ കുറ്റമുക്തനാക്കപ്പെട്ട ശേഷം ചാക്കോ മാദ്ധ്യമങ്ങളോട് വികാരനിർഭരനായി പ്രതികരിച്ചു.
''ചെയ്യാത്ത തെറ്റിനു പത്തുവർഷമായി അവനും ഞങ്ങളും പദ്‌മവ്യൂഹത്തിൽ പെട്ടു കിടക്കുകയായിരുന്നു. ഇപ്പോൾ പുറത്തേക്ക് വന്നിട്ടേ ഉള്ളു. ലഹരി കേസിൽ പെട്ടു എന്നു കരുതി ആരും അവനെ മാറ്റിനിറുത്തുകയോ അവസരങ്ങൾ ഇല്ലാതാവുകയോ ചെയ്തിട്ടില്ല. അവൻ തെറ്റ് ചെയ്‌തിട്ടില്ല എന്ന് എല്ലാവർക്കും അറിയാം. അതുകൊണ്ടാണ് നമ്മളോട് ആരും ഇതുവരെ മോശമായിട്ട് സംസാരിച്ചിട്ടില്ല.
''അവനു പടം കിട്ടാത്ത സാഹചര്യം ഉണ്ടായിട്ടില്ല. അഭിനയിക്കാൻ സമയമില്ലാത്ത കുഴപ്പമേ ഉള്ളൂ. ഇനിയിപ്പോ അവനും ഞാനും ഒക്കെ കൂടിയിട്ട് ഒരു പ്രൊഡക്‌ഷൻ കമ്പനി തുടങ്ങിയിട്ടുണ്ട്. അതിൽ ആദ്യത്തെ പടം റിലീസ് ആവുകയാണ്. അതിൽ ഷൈനും ഷൈനിന്റെ സഹോദരൻ ജോ ജോണും അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ ഈ കേസിൽ അവൻ നിരപരാധിയാണെന്ന് തെളിഞ്ഞല്ലോ. ഇനി ഞങ്ങൾ അന്വേഷണം തുടങ്ങാൻ പോകുന്നുള്ളൂ. ഇതിനു പിന്നിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ ഇനി നമ്മൾ അന്വേഷിക്കും. വിധിപ്പകർപ്പ് കിട്ടിയതിനു ശേഷം അതിനനുസരിച്ച് വേണ്ട നടപടികൾ സ്വീകരിക്കും. ''ചാക്കോയുടെ വാക്കുകൾ. ബംഗ്ളൂരുവിൽ ഷൈനിന്റെ ചികിത്സയുടെ ഭാഗമായി പോകുമ്പോഴാണ് വാഹനാപകടത്തിൽ സി. പി. ചാക്കോ മരണമടയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |