കോഴിക്കോട്: കാട്ടു പന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് ഷോക്കടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ ദാരുണ മരണം ഉയർത്തിയ പ്രതിഷേധം നിലമ്പൂരിലെ
ഉപ തിരഞ്ഞെടുപ്പ് പോരിന് തീ പകർന്നു.ദുരന്തം നടന്ന ഉടനെ പ്രതിഷേധവുമായി യു.ഡി.എഫ് സംഘം എത്തിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം പ്രതിഷേധം ആളിക്കത്തിച്ചു.
യു.ഡി.എഫ് നേതാക്കൾ പ്രതിഷേധം കടുപ്പിച്ചിട്ടും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞത് തിരുത്തിയില്ല. വഴിക്കടവ് സംഭവം ഗൂഢാലോചനയാണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും,,അപകടം വരുത്താൻ വൈദ്യുതി കെണി സ്ഥാപിച്ചത് മുതൽ ഗൂഢാലോചനയുണ്ടെന്നും പറഞ്ഞ മന്ത്രി , സർക്കാർ സ്‌പോൺസേർഡ് കൊലപാതകമെന്ന് യു.ഡി.എഫ് പറഞ്ഞത് ഏത് തെളിവിന്റെ അടിസ്ഥാനത്തിലാണെന്നും ചോദിച്ചു.തുടർന്ന്,
കുട്ടിയെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്കുള്ള റോഡ് ഉപരോധിച്ച യു.ഡി.എഫ്
നേതാക്കളും പ്രവർത്തകരും ,സംഭവ സ്ഥലത്തെത്തിയ സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്റെ വാഹനം തടഞ്ഞു. കുട്ടിയുടെ മരണം വച്ച് കളിക്കുന്നത്
കോൺഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് വിജയരാഘവൻ കുറ്റപ്പെടുത്തി.
മന്ത്രി ശശീന്ദ്രൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും, പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ആവശ്യപ്പെട്ടു.അപകടത്തിന്റെ കാരണം കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്നായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥി
ആര്യാടൻ ഷൗക്കത്തിന്റെ ആരോപണം. കുട്ടിയുടെ മരണം വച്ച് നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കോൺഗ്രസും യു.ഡി.എഫും കളിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ,നിലമ്പൂർ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.സ്വരാജും ആരോപിച്ചു.. ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടാൻ സർക്കാരിനാവില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
അതേ സമയം ,കിട്ടിയ അവസരത്തിൽ ആര്യാടൻ ഷൗക്കത്തിനെ കടന്നാക്രമിച്ചായിരുന്നു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി.അൻവറിന്റെ പ്രതികരണം. സംഭവത്തെ തിരഞ്ഞെടുപ്പ് വിഷയമായി കാണുന്നില്ലെന്നും വന്യജീവി- മനുഷ്യ സംഘർഷമല്ല നടന്നതെന്നും അൻവർ. ആശുപത്രി റോഡ് ഉപരോധിച്ചല്ല യു.ഡി.എഫ് പ്രകടനം നടത്തേണ്ടതെന്ന് പറഞ്ഞ അദ്ദേഹം, സർക്കാർ സ്‌പോൺസേർഡ് കൊലപാതകമെന്ന ഷൗക്കത്തിന്റെ പ്രസ്താവന ശരിയല്ലെന്ന് വ്യക്തമാക്കി. ഷൗക്കത്ത് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |