തിരുവനന്തപുരം: പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഓപ്പറേഷൻ സിന്ദൂറിലൂടെ ഭീകരതയ്ക്ക് തിരിച്ചടി നൽകിയ സൈന്യത്തിന് ആദരവോടെ നന്ദി അർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിൽ ബലി പെരുന്നാൾ സന്ദേശം നൽകുകയായിരുന്നു ഇമാം.
പഹൽഗാമിൽ നടന്നത് പൈശാചികവും, മനുഷ്യത്വ രഹിതവുമായ ആക്രമണമാണ്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. മനുഷ്യരെ അന്യായമായി
ആരെങ്കിലും വധിച്ചാൽ അത് ഭൂമിയിലെ എല്ലാ മനുഷ്യരെയും വധിച്ചതിനു തുല്യമായ ക്രൂരതയാണെന്നാണ് വിശുദ്ധ ഖുർആൻ പറയുന്നത്. ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട വാർത്തകളെ രാഷ്ട്രീയ നേട്ടങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്താതിരിക്കാനുള്ള ജാഗ്രത ഉണ്ടാകണം.ഭീകരതയ്ക്കെതിരെ നടന്ന സൈനിക നടപടികൾ ഏറെ പ്രശംസനീയമാണ്. അക്രമികൾക്കെതിരെ നമ്മുടെ രാജ്യം ഒറ്റക്കെട്ടാണെന്ന് വിളിച്ചു പറയാൻ ഈ സൈനിക നടപടികൾക്കായി.രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ സൗഹൃദത്തോടെ മുന്നോട്ടു നീങ്ങണമെന്നാണ് ഇത്തരം സാഹചര്യങ്ങൾ നമ്മോടു പറയുന്നത്.
ഇന്ന് രാജ്യത്തെ ഇസ്ലാം വിശ്വാസികൾ നേരിടുന്ന പ്രധാന പ്രശ്നമാണ് വഖഫ് നിയമ ഭേദഗതി. ഈ നിയമത്തിലുടെ മസ്ജിദ്, മദ്രസകൾ,യത്തീംഖാനകൾ എന്നിവ നഷ്ടപ്പെടാൻ പാടില്ല. കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകളും നിരീക്ഷണങ്ങളും ആശ്വാസകരമാണ്. മനുഷ്യാവകാശത്തെയും അന്താരാഷ്ട നിയമങ്ങളെയും വെല്ലുവിളിച്ച് കൊണ്ട് പലസ്തീനികളെ ഭൂപടത്തിൽ നിന്ന് തുടച്ചു നീക്കാനാണ് ഇസ്രയേലിന്റെ ശ്രമം. കൊച്ചുകുട്ടികളെ പട്ടിണിക്കിട്ടും ക്രൂരത തുടരുകയാണ്. പതിനായിരക്കണക്കിന് കുഞ്ഞുങ്ങൾ മരിച്ചു വീഴുമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. എന്നാൽ നിരപരാധികളെ വെടി വച്ചുവീഴ്ത്തുകയാണ് ഇസ്രയേൽ- ഇമാം പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |