തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികൾക്ക് ആശ്വാസം. ഉപകരണങ്ങളില്ലാത്തതിനാൽ മാറ്റിവച്ച ശസ്ത്രക്രിയകൾ ഇന്ന് പുനരാരംഭിക്കും. എച്ച്.എൽ.എല്ലിന്റെ അമൃത് ഫാർമസിയിലൂടെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു.
ഇന്റർവെൻഷണൽ റോഡിയോളജി ശസ്ത്രക്രിയകളാണ് മാറ്റിവച്ചിരുന്നത്. രോഗികളെ വിളിച്ച് മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദ്ദേശിച്ചു. യൂത്ത്കോൺഗ്രസും ഡി.വൈ.എഫ്.ഐയും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
2023ന് ശേഷം കരാർ പുതുക്കാത്തതിനെ തുടർന്ന് ഉപകരണങ്ങൾ വിതരണം ചെയ്യാൻ കമ്പനികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിയായത്. സ്ഥിതി വഷളായതോടെ ഇൻസ്റ്റിറ്ര്യൂട്ട് ഡയറക്ടർ ഡോ.സഞ്ജയ് ബിഹാരിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി എത്തിയതെന്നറിയുന്നു. പർച്ചേസ് വിഭാഗം ഉദ്യോഗസ്ഥരുമായും അമൃത് ഫാർമസി അധികൃതരുമായും ചർച്ച നടത്തിയ ശേഷം വകുപ്പ് മേധാവികളെ മന്ത്രി വിളിച്ചുവരുത്തി. തുടർന്നാണ് അമൃത് ഫാർമസിയെ ചുമതലപ്പെടുത്തിയത്. ഇന്നു മുതൽ ഉപകരണങ്ങൾ ലഭ്യമാക്കാമെന്ന് അവർ ഉറപ്പ് നൽകി. ധാരണപത്രം ഒരാഴ്ചയ്ക്കുള്ളിൽ ഒപ്പിടും.
ഡോക്ടർമാർ
ചൂണ്ടിക്കാട്ടിയിട്ടും...
ജെം പോർട്ടൽ വഴി മാത്രമേ ശസ്ത്രക്രിയ ഉപകരണങ്ങൾ വാങ്ങാവൂയെന്നാണ് കേന്ദ്രനിർദ്ദേശം
ഇന്റർവെഷണൽ റോഡിയോളജി ഉപകരണങ്ങൾ വിദേശനിർമ്മിതം. ജെമ്മിൽ ലഭ്യമല്ല
എയിംസ് ഉൾപ്പെടെ ഈസാഹചര്യം മറികടക്കാൻ അമൃത് ഫാർമസികളെ ആശ്രയിക്കുന്നു
ശ്രീചിത്രയിലെ ഡോക്ടർമാർ മാസങ്ങൾക്ക് മുമ്പ് ഇക്കാര്യം ഡയറക്ടറെ അറിയിച്ചു
അമൃതിൽ നിന്ന് വാങ്ങുന്നത് പഠിക്കാൻ സമിതിയെ വയ്ക്കാൻ തീരുമാനിച്ചെങ്കിലും മുന്നോട്ടുപോയില്ല
ചെലവ് കൂടും,
ചികിത്സാ ബില്ലും
ശസ്ത്രക്രിയ ഉപകരണങ്ങൾക്ക് അമൃത് ഫാർമസിയിലെ നിരക്ക് കൂടുതലാണ്. കമ്പനികളുമായി നേരിട്ട് ചർച്ച നടത്തി ഏറ്റവും താഴ്ന്ന നിരക്കിലാണ് ശ്രീചിത്ര വാങ്ങിയിരുന്നത്. അമൃത് ഫാർമസികൾ കമ്പനികളിൽ നിന്ന് വാങ്ങിയാണ് നൽകുന്നത്. ഉപകരണങ്ങൾക്ക് വില കൂടിയാൽ ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷയില്ലാത്ത രോഗികൾക്ക് ബില്ലും വർദ്ധിക്കും.
എളുപ്പത്തിൽ പരിഹരിക്കാവുന്ന വിഷയമാണ്.അഴിമതി രഹിത പരിഹാരമാണ് വേണ്ടത്.രോഗികൾക്ക് ബുദ്ധുമുട്ടൂണ്ടാകില്ല
-സുരേഷ് ഗോപി,
കേന്ദ്രമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |