ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ പോയ ശശി തരൂർ എം.പിയുടെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം യു.എസിൽ കൂടിക്കാഴ്‌ചകൾ പൂർത്തിയാക്കി മടങ്ങി. ഇന്ത്യ അഹിംസയെ സ്‌നേഹിക്കുന്നവരാണെന്ന സത്യം ലോകത്തെ അറിയിച്ചെന്ന് മടക്കയാത്രയിൽ ശശി തരൂർ എക്‌സിൽ കുറിച്ചു. 'നൂറു തവണ ജനിച്ചാലും നൂറു തവണ അത് ചെയ്യും. എന്റെ രാജ്യത്തെ ഞാൻ പൂർണഹൃദയത്തോടെ സ്നേഹിക്കും. ഇപ്പോൾ ലോകം മുഴുവൻ സത്യം അറിയുന്നു. നമ്മൾ അഹിംസയെ സ്നേഹിക്കുന്നവരാണ്, പക്ഷേ ആരെങ്കിലും അത് പരീക്ഷിക്കുന്നതുവരെ മാത്രം... ജയ് ഹിന്ദ്- തരൂർ എക്‌സിൽ കുറിച്ചു.
ഗയാന,പനാമ,കൊളംബിയ,ബ്രസീൽ എന്നിവിടങ്ങളിലെ യാത്രയ്‌ക്കു ശേഷം ജൂൺ 3നാണ് തരൂരും സംഘവും വാഷിംഗ്ടണിൽ എത്തിയത്. അവിടെ അവർ യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ്,ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ,കോൺഗ്രസിലെ മുതിർന്ന അംഗങ്ങൾ,നയ വിദഗ്ദ്ധർ,ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ അംഗങ്ങൾ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി. വാൻസുമായുള്ള കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്ന് തരൂർ പറഞ്ഞു. പഹൽഗാം അക്രമത്തെക്കുറിച്ച് രോഷം പ്രകടിപ്പിച്ച വാൻസ് ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ കാണിച്ച സംയമനത്തെ പ്രശംസിച്ചെന്നും തരൂർ വെളിപ്പെടുത്തി. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലും ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിലും ഇന്ത്യയ്ക്കുള്ള അമേരിക്കയുടെ ശക്തമായ പിന്തുണ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ലാൻഡൗ ആവർത്തിച്ചു.
യു.എസിലെ പര്യടനത്തിന്റെ അവസാന ദിവസം,പ്രതിനിധി സംഘം വാഷിംഗ്ടണിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ആദരാഞ്ജലി അർപ്പിച്ചു. ഇരുപതാം നൂറ്റാണ്ടിലെ സമാധാനത്തിന്റെയും അഹിംസയുടെയും മനുഷ്യസ്വാതന്ത്ര്യത്തിന്റെയും ഏറ്റവും വലിയ പ്രവാചകനായ മഹാത്മാവിന്റെ അലങ്കരിച്ച പ്രതിമകൾ ലോക തലസ്ഥാനങ്ങളിൽ കാണുന്നത് അതിശയകരമാെന്ന് തരൂർ എക്‌സിൽ കുറിച്ചു. ശശി തരൂരിനെ കൂടാതെ തരൺജിത് സന്ധു,തേജസ്വി സൂര്യ,ഭുവനേശ്വർ കാലിത,ശശാങ്ക് മണി ത്രിപാഠി (ബി.ജെ.പി),മിലിന്ദ് ദിയോറ (ശിവസേന),സർഫറാസ് അഹമ്മദ് (ജെ.എം.എം),ഗന്തി ഹരീഷ് മധുർ ബാലയോഗി (ടി.ഡി.പി) തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |