തിരുവനന്തപുരം: ആൺ - പെൺ ദൈവങ്ങളുടെ പട്ടിക വേണമെന്നാവശ്യപ്പെട്ട് സെൻസർ ബോർഡിന് മുന്നിൽ വിവരാവകാശ അപേക്ഷ. ഹൈക്കോടതി അഭിഭാഷകൻ ഹരീഷ് വാസുദേവനാണ് അപേക്ഷ നൽകിയത്. ജെഎസ്‌കെ സിനിമയുമായി ബന്ധപ്പെട്ട സെൻസർ ബോർഡ് വിവാദങ്ങൾക്കിടെയാണ് വിവരാവകാശ അപേക്ഷ.
പിലിം സർട്ടിഫിക്കേറ്റ് ബോർഡിന്റെ വെബ്‌സൈറ്റിൽ ഇത്തരത്തിൽ ദൈവങ്ങളുടെ പട്ടിക കാണാത്തതിനാലാണ് ഇങ്ങനെയൊരു അപേക്ഷ നൽകിയതെന്ന് ഹരീഷ് പറയുന്നു. പൊതുജന താൽപ്പര്യം മുൻനിർത്തി ഇന്ത്യയിലുള്ള ആൺ - പെൺ ദൈവങ്ങളുടെ പട്ടിക പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി ചിത്രം 'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ പേര് മാറ്റണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു. മാനഭംഗത്തിന് ഇരയായ നായികയ്‌ക്ക് സീതാദേവിയുടെ പേര് നൽകിയത് ക്രമസമാധാന പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന് സെൻസർ ബോർഡിനായി ഹാജരായ അഭിനവ് ചന്ദ്രചൂഢ് ഹൈക്കോടതിയിൽ വാദിച്ചു. കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരൻ എന്നായതിനാലാണ് 'വി" എന്ന ഇനിഷ്യൽ കൂടി പേരിനൊപ്പം ചേർത്താൽ ചിത്രത്തിന് അനുമതി നൽകാമെന്ന് സെൻസർ ബോർഡ് പറഞ്ഞത്.
തുടർന്ന് ചിത്രത്തിന്റെ പേരിൽ ജാനകി. വി എന്ന മാറ്റം വരുത്താനും ക്രോസ് വിസ്താര സീനുകളിൽ ഈ പേര് പറയുന്നിടം നിശബ്ദമാക്കാമെന്നും നിർമാതാക്കൾ സമ്മതിച്ചു. മാറ്റം വരുത്തിയ പ്രിന്റ് സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനകം സെൻസർ സർട്ടിഫിക്കറ്റ് നൽകാമെന്നും ബോർഡ് അറിയിച്ചിരുന്നു. ഇതോടെ ചിത്രത്തിന്റെ റിലീസ് ഉടൻ ഉണ്ടാകാനാണ് സാദ്ധ്യത. എന്നാൽ, കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |