തിരുവനന്തപുരം: കൊച്ചിക്കടുത്തെ കപ്പൽചാലിൽ എം.എസ്.സി എൽസ3 കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പൽ കമ്പനിക്കെതിരെ ക്രിമിനൽ കേസെടുക്കാതെ ഇൻഷ്വറൻസ് തുക നേടിയെടുക്കാൻ സർക്കാർ ശ്രമം. കമ്പനിയെ ക്രിമിനൽ കേസിലേക്ക് വലിച്ചിഴച്ചാൽ ഇൻഷ്വറൻസ് തുക വൈകുമെന്നതാണ് കാരണം. ഇതേക്കുറിച്ച് കേന്ദ്ര ഷിപ്പിംഗ് ഡയറക്ടർ ജനറലിന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുക്കാൻ വിദഗ്ദ്ധസമിതികളെയും സർക്കാർ നിയോഗിച്ചു.
മുങ്ങിയ കപ്പലിൽ 640 കണ്ടെയ്നറുകളുണ്ടായിരുന്നു. 600കോടി മൂല്യമുള്ള വിവിധയിനം കാർഗോയും ഉണ്ടായിരുന്നുവെന്നാണ് കണക്ക്. കടൽ ആവാസവ്യവസ്ഥയിലെ നാശനഷ്ടത്തിനും മത്സ്യത്തൊഴിലാളികൾക്ക് ജീവനോപാധി മുടങ്ങിയതിനുമടക്കം നഷ്ടപരിഹാരം നേടിയെടുക്കാനാണ് ശ്രമം. നേരത്തേ മഹാരാഷ്ട്രയിൽ എം.എസ്.സി ചിത്ര കപ്പലിൽ നിന്ന് എണ്ണ ചോർന്നപ്പോൾ പൊലീസ് കേസെടുത്തിരുന്നു. വിഴിഞ്ഞം തുറമുഖവുമായി സഹകരിക്കുന്ന കമ്പനിയാണ് എം.എസ്.സി എന്നതിനാലാണ് കേസ് നടപടികളിൽ ഇളവെന്നാണ് സർക്കാർ വാദം.
തീരത്തു നിന്ന് 200 നോട്ടിക്കൽ മൈൽ പരിധിയിൽ അനിഷ്ട സംഭവങ്ങളുണ്ടായാൽ കോസ്റ്റൽ പൊലീസിനു കേസെടുക്കാവുന്നതാണ്. കേരള, ലക്ഷദ്വീപ് തീരമേഖലയിലെ ഇക്കണോമിക് സോണുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാനുള്ള ചുമതല ഫോർട്ട് കൊച്ചിയിലെ കോസ്റ്റൽ പൊലീസ് സ്റ്റേഷനാണ്. ഭാരതീയ ന്യായസംഹിതയിലെ 282, 125, 324 വകുപ്പുകളും പരിസ്ഥിതി സംരക്ഷണ നിയമത്തിലെ 7, 8, 9, 15 വകുപ്പുകളും ചേർത്ത് കേസെടുക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |