മാഹി: തലശേരി-മാഹി ബൈപ്പാസിലെ മുഴപ്പിലങ്ങാട് ടോൾ പ്ലാസയിൽ യാത്രക്കാരും ടോൾ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. ഞായാറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. സെക്യൂരിറ്റി ജീവനക്കാരനും സൂപ്പർവൈസറും മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചൊക്ലി സ്വദേശികൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. ടോൾ നൽകുന്നതുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലംഗ സംഘത്തിനോടാണ് ടോൾ പ്ലാസ ജീവനക്കാർ മോശമായി പെരുമാറിയത്.
അരമണിക്കൂറിലധികം ടോൾ ഗേറ്റിന് മുന്നിൽ ഗതാഗത കുരുക്ക് ഉണ്ടായതിനെ തുടർന്ന് അത് ചോദ്യം ചെയ്തതിന്റെ പേരിൽ ടോൾ ജീവനക്കാർ അക്രമാസക്തരാകുകയായിരുന്നു. ജീവനക്കാർ കാറിന്റെ ചില്ല് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യാത്രക്കാർ ആരോപിച്ചു. എന്നാൽ ടോൾ അടയ്ക്കാതെ പോകാൻ ശ്രമിച്ചത് തടഞ്ഞപ്പോൾ യാത്രക്കാർ മർദ്ദിച്ചുവെന്നാണ് ജീവനക്കാർ പറയുന്നത്.
സംഘർഷത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. യാത്രക്കാരിൽ ഒരാൾ ടോൾ ജീവനക്കാരനെ തള്ളിയിടുന്നതും തുടർന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ യാത്രക്കാരനെ തള്ളിയിടുന്നതും ദൃശ്യങ്ങളിൽ കാണാം. ഇത് കണ്ടുനിന്ന യാത്രാ സംഘം വാഹനത്തിൽ നിന്ന് ഇറങ്ങി ടോൾ പ്ലാസ ജീവനക്കാരെ ആക്രമിക്കാൻ ശ്രമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |