കാസർഗോഡ് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ അദ്ധ്യക്ഷ സ്ഥാനം രാജിവച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ട് ശരത് ലാൽ, കൃപേഷ് എന്നിവരുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സിബിഐ കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചതിന് പിന്നാലെയാണ് തീരുമാനം. സിപിഎമ്മിന്റെ ഉദുമ ഏരിയ സെക്രട്ടറിയായിരുന്ന മണികണ്ഠൻ ഇരട്ടക്കൊലപാതക കേസിലെ 14 പ്രതികളിൽ ഒരാളായിരുന്നു. ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യം ലഭിച്ചതിനാൽ ഇയാൾ ജയിലിലായില്ല. കുറ്റം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് മണികണ്ഠൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതിയിൽ അപ്പീൽ നൽകാനായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം.
കോൺഗ്രസ് നേതാവ് അഡ്വ. എം.കെ. ബാബുരാജ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ മണികണ്ഠനെ ജനപ്രതിനിധി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹർജി സമർപ്പിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് ആറ് മാസം ശേഷിക്കെയാണ് മണികണ്ഠന്റെ രാജി. സിപിഎം നേരത്തെ തന്നെ രാജിവയ്ക്കാൻ അനുമതി നൽകിയിരുന്നു. ശനിയാഴ്ച വൈകീട്ടാണ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹരികൃഷ്ണന് മണികണ്ഠൻ രാജിക്കത്ത് സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |