പട്‌ന: സ്‌ത്രീധനമായി ആഭരണങ്ങളും ബൈക്കും പണവും നൽകാത്തതിനാൽ നവവധുവിനോട് വൃക്ക ആവശ്യപ്പെട്ട് അമ്മായിഅമ്മ. ബീഹാറിലെ മുസാഫർപൂരിലാണ് സംഭവം. വൃക്ക നൽകണമെന്നാവശ്യപ്പെട്ട് ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തുന്നുവെന്ന് ദീപ്‌തി എന്ന യുവതിയാണ് മുസാഫർപൂർ പൊലീസിൽ പരാതി നൽകിയത്. വരന് ഗുരുതരമായ വൃക്കരോഗമുണ്ടെന്നതും മറച്ചുവച്ചായിരുന്നു വിവാഹം നടത്തിയതെന്നും ദീപ്‌തി ആരോപിച്ചു.
2021ലായിരുന്നു ഇവരുടെ വിവാഹം. ആദ്യനാളുകളിൽ ഭർതൃവീട്ടുകാർ സ്‌നേഹത്തോടെയാണ് പെരുമാറിയത്. പിന്നീട് അവർ സ്‌ത്രീധനം ആവശ്യപ്പെട്ട് തുടങ്ങിയെന്നും പരാതിയിൽ പറയുന്നുണ്ട്. വീട്ടിൽ നിന്ന് ബൈക്കും പണവും ആഭരണങ്ങളും കൊണ്ടുവരാനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. ഈ പണം നൽകാൻ ദീപ്‌തിയുടെ വീട്ടുകാർക്ക് കഴിയാതെ വന്നപ്പോഴാണ് വൃക്ക നൽകണമെന്ന ആവശ്യം ഭർതൃവീട്ടുകാർ പറഞ്ഞത്. ഇതോടെയാണ് ഭർത്താവിന് വൃക്ക സംബന്ധമായ ഗുരുതര തകരാറുണ്ടെന്ന് അറിയുന്നതെന്നും ദീപ്‌തി പരാതിയിൽ പറഞ്ഞിട്ടുണ്ട്.
ആദ്യം വൃക്ക വേണമെന്ന് പറഞ്ഞപ്പോൾ തമാശയായിട്ടാണ് തോന്നിയത്. എന്നാൽ, ആവശ്യം പിന്നീട് ഭീഷണിയിലേക്കും കയ്യേറ്റത്തിലേക്കും എത്തിയതോടെയാണ് പൊലീസിൽ പരാതിപ്പെട്ടതെന്നും യുവതി പറഞ്ഞു. കയ്യേറ്റം പതിവായതോടെ വിവാഹമോചനം ആവശ്യപ്പെട്ടെങ്കിലും ഭർത്താവ് തയ്യാറായില്ലെന്നും യുവതി ആരോപിച്ചു.
പരാതിയിൽ ഭർത്താവിന്റെ കുടുംബത്തിലെ നാലുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. സ്‌ത്രീധനം വാങ്ങുന്നത് ശിക്ഷാർഹമായ കുറ്റമാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മുസാഫർപൂർ റൂറൽ എസ്‌പി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |