തിരുവനന്തപുരം: സംസ്ഥാനത്തെ ഹൈസ്‌കൂൾ ക്ളാസുകൾക്ക് പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി. പുതിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികം പ്രവൃത്തി സമയമാക്കിയിരിക്കുകയാണ്.
രാവിലെയും വൈകുന്നേരവും 15 മിനിട്ട് വീതമാണ് കൂട്ടിയത്. ഇനി മുതൽ ഹൈസ്‌കൂൾ ക്ളാസുകൾ രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയായിരിക്കും. ആറ് ശനിയാഴ്‌ചകളും പ്രവൃത്തി ദിനങ്ങളായിരിക്കും. 220 പ്രവൃത്തി ദിവസങ്ങൾ വേണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്നാണ് പുതിയ ഉത്തരവ്.
അതേസമയം, ഒന്നുമുതൽ നാലുവരെയുള്ള ക്ളാസുകൾക്ക് ശനിയാഴ്‌ച അധിക പ്രവൃത്തി ദിനമായിരിക്കില്ല. യുപി വിഭാഗത്തിൽ ആഴ്‌ചയിൽ ആറ് പ്രവൃത്തി ദിവസങ്ങൾ തുടർച്ചയായി വരാത്ത രണ്ട് ശനിയാഴ്‌ചകൾ പ്രവൃത്തി ദിവസങ്ങളായിരിക്കും. 25 ശനിയാഴ്‌ചകൾ ഉൾപ്പെടെ 220 അദ്ധ്യയന ദിവസങ്ങൾ തികയ്ക്കുന്ന രീതിയിലാണ് പുതിയ വിദ്യാഭ്യാസ കലണ്ടർ.
അതേസമയം, പുതിയ അദ്ധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടറിനെതിരെ അദ്ധ്യാപക സംഘടനകൾ കടുത്ത പ്രതിഷേധമാണ് ഉയർത്തുന്നത്. കെ എസ് ടി എ ഉൾപ്പെടെയുള്ള ഭരണാനുകൂല സംഘടനകളും സിപിഐ അദ്ധ്യാപക സംഘടനയായ എ കെ എസ് ടി യുവും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ നിയമം പരിഗണിക്കാതെയാണ് പുതിയ കലണ്ടർ രൂപപ്പെടുത്തിയിരിക്കുന്നതെന്നാണ് പരാതി. പുതിയ വിദ്യാഭ്യാസ കലണ്ടർ ദേശീയ വിദ്യാഭ്യാസ അവകാശ നിയമത്തിന് എതിരാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |