കാസർകോട്: പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയെ ബ്ലാക്ക്മെയിൽ ചെയ്തു തട്ടിപ്പ് നടത്തിയ നാലംഗസംഘം കാസർകോട് പൊലീസിന്റെ പിടിയിലായി. പുതിയ ബസ് സ്റ്റാൻഡിലെ റെഡിമെയ്ഡ് വസ്ത്ര വ്യാപാരിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ അണങ്കൂർ ടിപ്പുനഗറിലെ മുഹമ്മദ് അഷ്‌റഫ് എന്ന അച്ചു (24), അണങ്കൂർ കൊല്ലമ്പാടിയിലെ മുഹമ്മദ് റിയാസ് (30), കൊല്ലമ്പാടിയിലെ എസ്.എ സാബിത്ത് (32), പുളിക്കൂർ ഷിരിബാഗിലുവിലെ പി.ഐ. ഹബീബ് (25) എന്നിവരെയാണ് കാസർകോട് ടൗൺ അഡീഷണൽ എസ് ഐ നളിനാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്.
കടയിൽ റെഡിമെയ്ഡ് ഉടുപ്പുകൾ വാങ്ങാൻ എന്ന വ്യാജേന എത്തി പീഡനകഥകൾ ഉണ്ടാക്കുകയും മൊബൈൽ ഫോൺ നമ്പറിലേക്ക് ഭീഷണി സന്ദേശം അയക്കുകയും ചെയ്ത ശേഷം രണ്ടും മൂന്നും പ്രതികൾ ചൈൽഡ് ലൈനിൽ പരാതി കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഐ.ഡി.ബി.ഐ ബാങ്കിന്റെ എ.ടി.എം കാർഡ് വാങ്ങിച്ചു 25000 രൂപ വീതം രണ്ടുതവണ പിൻവലിച്ചു തട്ടിപ്പ് നടത്തിയെന്ന് പൊലീസ് പറയുന്നു. വീണ്ടും ബ്ലാക്ക് മെയിൽ ചെയ്തു അഞ്ചു ലക്ഷം രൂപ കിട്ടണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ സമീപിച്ചതോടെയാണ് വ്യാപാരി പൊലീസിൽ പരാതി നൽകിയത്. അറസ്റ്റിലായ പ്രതികളെ കാസർകോട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |