അടിമാലി: അടിമാലി ബസ് സ്റ്റാൻഡിന്റെ വിവിധ ഭാഗങ്ങളിൽ രൂപം കൊണ്ടിട്ടുള്ള കുഴികൾ വാഹനങ്ങൾക്കും യാത്രകാർക്കും തലവേദനയാകുന്നു.ദിവസവും നിരവധിയായ സ്വകാര്യ ബസുകളും കെ .എസ് .ആർ .ടി സി ബസുകളും വന്നു പോകുന്ന ഇടമാണ് അടിമാലിയിലെ സ്വകാര്യ ബസ് സ്റ്റാൻഡ്. വിദ്യാർത്ഥികളും വിനോദ സഞ്ചാരികളുമടക്കം ആയിരക്കണക്കിനാളുകളും ഇതു വഴി യാത്ര ചെയ്യുന്നു.ഇവർക്കൊക്കെയും ദുരിതം സമ്മാനിച്ചാണ് ബസ് സ്റ്റാൻഡിലെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപം കൊണ്ടിട്ടുള്ളത്.മഴ പെയ്യുക കൂടി ചെയ്തതോടെ രൂപം കൊണ്ടിട്ടുള്ള കുഴികളിൽ വെള്ളം നിറഞ്ഞ സ്ഥിതിയുണ്ട്.കോൺക്രീറ്റ് ചെയ്ത് ഈ കുഴികൾ നികത്താൻ നടപടി വേണമെന്നാണ് ആവശ്യം.കുഴികളിലെ വെള്ളക്കെട്ടാണ് യാത്രക്കാരെ കൂടുതലായി വലക്കുന്നത്.വാഹനങ്ങൾ കുഴികളിൽ ചാടുമ്പോൾ യാത്രക്കാരുടെ ശരീരത്ത് വെള്ളം തെറിക്കുന്നത് വാക്ക് തർക്കങ്ങൾക്ക് വരെ ഇടവരുത്തുന്നു.മഴക്കാലമായതിനാൽ ദിവസം കഴിയുന്തോറും കുഴികളുടെ വിസ്തൃതിയും ആഴവും വർദ്ധിക്കുന്ന സ്ഥിതിയുമുണ്ട്.കുഴികൾ അടച്ച് സാറ്റാൻഡിലെത്തുന്ന യാത്രക്കാരുടെ ദുരിതം ഒഴിവാക്കണമെന്നതാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |