തിരുവനന്തപുരം: മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനം ജില്ലാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ,സി.പി.ഐയിൽ അപശബ്ദങ്ങൾ. എറണാകുളത്ത് രണ്ട് സംസ്ഥാന നേതാക്കളുടെ സംഭാഷണം പുറത്തു വന്നതിൽ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ചില ഒളിയമ്പുകൾ ഉയർന്നിരുന്നു. മുൻ എം.എൽ.എയും ഇടുക്കിയിലെ പ്രമുഖ നേതാവുമായ ഇ.എസ്.ബിജിമോളെ ജില്ലയ്ക്ക് പുറത്തുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയെന്നതാണ് ഒടുവിലത്തെ വിവാദം.
ഈ മാസം അവസാനം ആലപ്പുഴയിൽ ആദ്യ ജില്ലാ സമ്മേളനം തുടങ്ങും. സെപ്റ്റംബറിൽ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനവും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സ്ഥാനത്തിന് തത്കാലം ഭീഷണിയില്ലെങ്കിലും പാർട്ടിയിൽ നേരത്തെ ഉണ്ടായിരുന്ന അഭിപ്രായഭിന്നതയുടെ കനലുകൾ വീണ്ടും പുകയുന്നുവെന്നതിന്റെ സൂചനയായി ഈ വിവാദങ്ങളെ കാണാം. അതിന്റെ പ്രതിഫലനം സംസ്ഥാന സമ്മേളനത്തിലേക്കും എത്തും. എറണാകുളം ജില്ലയിൽ ബിനോയ് വിശ്വത്തിന്റെ ഏറ്റവും അടുപ്പക്കാരെന്ന് പറയപ്പെട്ടിരുന്ന കമലസദാനന്ദനും കെ.എം.ദിനകരനും അദ്ദേഹത്തിനെതിരെ വിമർശനവുമായി വന്നതും പാർട്ടിക്കാരെ അമ്പരപ്പിക്കുന്നു.
തങ്ങളെ വേണ്ട വിധം പരിഗണിക്കുന്നില്ലെന്ന പരിഭവം അന്തരിച്ച മുൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അനുകൂലികളിൽ ചിലർക്ക് കുറേ നാളായുണ്ട്. ഇടയ്ക്ക് ശാന്തരായിരുന്ന പഴയ ഇസ്മയിൽ പക്ഷക്കാരും അതൃപ്തി കാട്ടിത്തുടങ്ങിയിട്ടുണ്ട്. കെ.ഇ.ഇസ്മയിലിനെതിരെ നടപടി കൈക്കൊണ്ട തീരുമാനം രാഷ്ട്രീയ പക്വതക്കുറവായി വിലയിരുത്തപ്പെട്ടിരുന്നു.
സംസ്ഥാന എക്സിക്യൂട്ടീവിലെ ഭൂരിപക്ഷം അംഗങ്ങളും കാനം പക്ഷക്കാരാണ്. എന്നാൽ തങ്ങൾക്ക് അനഭിമതരായവരെയും സെക്രട്ടറി ഒപ്പം നിറുത്താൻ ശ്രമിക്കുന്നതാണ് അവരെ പ്രകോപിപ്പിക്കുന്നത്. ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടത്തിയ സമ്മേളനത്തിൽ മരണപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറിമാരുടെ കുടംബാംഗങ്ങളെ ആദരിച്ചിരുന്നു. ഇതിലേക്ക് കാനത്തിന്റെ കുടുംബത്തെ ക്ഷണിക്കാതിരുന്നത് വിവാദമാവുകയും കാനത്തിന്റെ മകൻ പ്രതിഷേധം പരസ്യമാക്കുകയും ചെയ്തതിരുന്നു.
ബിജിമോൾ
വിവാദം
ഇസ്മായിൽ പക്ഷത്തോടൊപ്പം നിന്നതാണ് നേരത്തെ ബിജിമോളെ നേതൃത്വത്തിന് അനഭിമതയാക്കിയത്. ഇടുക്കിയിലെ ഏലപ്പാറ മണ്ഡലം സമ്മേളനത്തിൽ എൻ.ജയനെ സെക്രട്ടറിയാക്കണമെന്ന ജില്ലാ എക്സിക്യൂട്ടീവ് നിർദ്ദേശം നടപ്പാക്കാതിരുന്നതാണ് ഇപ്പോഴത്തെ ഇടച്ചിലിന് കാരണം. മണ്ഡലം സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു വന്ന മറ്റൊരു പേർ ബിജിമോളുടെ ഭർത്താവ് പി.ജെ.ജോയിയുടേതായിരുന്നു. ഇടുക്കി ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലം സമ്മേളനങ്ങളിൽ തന്നെ വിലക്കിയതായി വരുന്ന വാർത്തകളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ബിജിമോളുടെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |