പരസ്യ പ്രസ്‌താവന വിലക്കി കോൺഗ്രസ്
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ അയച്ച സർവകക്ഷി സംഘങ്ങളുടെ ഇടപെടൽ ഫലപ്രദമെന്ന് വിലയിരുത്തി ഇത്തരം ദൗത്യങ്ങൾക്ക് സ്ഥിരംസമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ. സംഘങ്ങളിലൊന്നിനെ നയിച്ച കോൺഗ്രസ് എം.പി ശശി തരൂരിനെ സമിതിയുടെ അദ്ധ്യക്ഷനാക്കിയേക്കും.
അന്താരാഷ്‌ട്ര വിഷയങ്ങളിൽ തത്പരനായ തരൂർ ഓഫർ തള്ളാനിടയില്ല. വിദേശയാത്ര കഴിഞ്ഞെത്തിയ സംഘാംഗങ്ങൾക്ക് ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സ്വീകരണത്തിൽ തരൂരിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു.
അതേസമയം, പരസ്യ പ്രസ്‌താവനകൾ പാടില്ലെന്ന് വിദേശത്തു നിന്ന് തിരിച്ചെത്തിയ തരൂരിന് എ.ഐ.സി.സി നിർദ്ദേശം നൽകിയതായി അറിയുന്നു. വിദേശരാജ്യങ്ങളിൽ കേന്ദ്രസർക്കാരിനെ പിന്തുണച്ച് സംസാരിച്ച തരൂരിനെതിരെ കോൺഗ്രസിൽ അമർഷം പുകയുന്നുണ്ട്.
തരൂരിന് പുതിയ പദവി നൽകി ഇത് ആളിക്കത്തിക്കാനാണ് കേന്ദ്ര നീക്കം. അതേസമയം തരൂർ പാർട്ടി ലൈൻ ലംഘിച്ചിട്ടില്ലെന്ന് എ.ഐ.സി.സി നേതാവ് താരിഖ് അൻവർ പറഞ്ഞത് ശ്രദ്ധേയമായി.
സംഘത്തിലേക്ക് കോൺഗ്രസ് നിർദ്ദേശിച്ച ആനന്ദ് ശർമ്മ മാത്രമാണ് ഹൈക്കമാൻഡുമായി യാത്രാ വിവരം പങ്കുവച്ചത്. പത്രസമ്മേളനത്തിലൂടെ വിശദമാക്കാമെന്ന തരൂർ, സൽമാൻ ഖുർഷിദ്, മനീഷ് തിവാരി എന്നിവരുടെ നിർദ്ദേശം കോൺഗ്രസ് പരിഗണിച്ചിട്ടില്ല. മൂവരും കേന്ദ്ര നോമിനികളായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |