അഹമ്മദാബാദ്: രാജ്യംകണ്ടതിൽ വച്ച് ഏറ്റവും വലിയ വിമാനാപകടങ്ങളിൽ ഒന്നാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് ഉണ്ടായിരിക്കുന്നത്. എയർ ഇന്ത്യയുടെ 787-8 വിമാനം തകർന്നുവീണതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 2009 ഡിസംബർ 15നാണ് ഈ എയർ ഇന്ത്യ വിമാനം ആദ്യമായി പറന്നുയർന്നത്. വളരെയേറെ പ്രത്യേകതകളുള്ള വിമാന മോഡലാണ് തകർന്നുവീണ ബോയിംഗ് 787-8.
ഇടത്തരം വലുപ്പമുള്ള വിമാനത്തിൽ ഇരട്ട എഞ്ചിനാണുള്ളത്. മികച്ച ഇന്ധനക്ഷമതയുള്ള വിമാനം സുഖകരമായ യാത്രാ അനുഭവം നൽകുന്നതിൽ പേരുകേട്ടതായിരുന്നു. വാണിജ്യ വിമാനങ്ങളിൽ ഉള്ളതിൽവച്ച് ഏറ്റവും വലിയ വിൻഡോകളാണ് ഇതിലുള്ളത്. മെച്ചപ്പെട്ട കാഴ്‌ചകൾ സമ്മാനിക്കുന്നതിനായി ഇലക്ട്രോണിക് ഡിമ്മിംഗ് നിയന്ത്രണങ്ങൾ ഉൾപ്പെടെ ധാരാളം അത്യാധുനിക സംവിധാനങ്ങൾ ഈ വിമാനത്തിലുണ്ടായിരുന്നു.
വിമാനത്തിന്റെ 50 ശതമാനവും കാർബൺ ഫൈബർ-റൈൻഫോഴ്‌സ്ഡ് പോളിമർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് വിമാനത്തിന്റെ ഭാരം കുറയ്‌ക്കാനും ഇന്ധനക്ഷമത കൂട്ടാനും സഹായിക്കുന്നു. ചിറകുകളുടെ അഗ്രഭാഗവും വിമാനത്തിന്റെ മുൻ ഭാഗവും പ്രത്യേക രീതിയിലുള്ളതാണ്. അമേരിക്കൻ എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, ജപ്പാൻ എയർലൈൻസ്, ഖത്തർ എയർവേയ്‌സ്, എയർ ഇന്ത്യ, യുണൈറ്റഡ് എയർലൈൻസ്, എത്യോപ്യൻ എയർലൈൻസ് എന്നീ വിമാനക്കമ്പനികൾ ഈ ബോയിംഗ് വിമാനം ഉപയോഗിക്കുന്നുണ്ട്.
242 യാത്രക്കാർക്ക് ഇരിക്കാൻ കഴിയുന്ന തരത്തിലാണ് 787-8 വിമാനം സജ്ജീകരിച്ചിരിക്കുന്നത്. ടേക്കോഫിന് ശേഷം ഏകദേശം 7,305 നോട്ടിക്കൽ മൈൽ (13,530 കിലോമീറ്റർ) ദൂരം വിമാനത്തിന് സഞ്ചരിക്കാനാകും. വിമാനം പറക്കുന്നതിനിടെ യാത്രക്കാർക്കുണ്ടാകുന്ന ജെറ്റ്‌ലാഗ് പോലുള്ള അസ്വസ്ഥതകൾ ഒഴിവാക്കാൻ സഹായിക്കുന്ന രീതിയിലാണ് സീറ്റുകൾ ഉൾപ്പെടെ സജ്ജീകരിച്ചിരിക്കുന്നത്. കൂടാതെ യാത്രയ്‌ക്കിടെ ശബ്‌ദം കുറച്ച് യാത്ര സുഗമമാക്കുന്നു.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 1800 5691 444 എന്ന പ്രത്യേക പാസഞ്ചർ ഹോട്ട്‌ലൈൻ നമ്പറിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |