പുതിയ അദ്ധ്യയന വർഷം ആരംഭിച്ചതോടെ വിദ്യാർത്ഥികൾക്കിടയിൽ വിപണി ലക്ഷ്യമിട്ട് ലഹരി മാഫിയ സ്‌കൂൾ- കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നു. പൊലീസും എക്‌സൈസും പരിശോധന ശക്തമാക്കിയിട്ടും ലഹരിയുടെ കടത്തലും ഉപയോഗവും മുമ്പെങ്ങുമില്ലാത്ത വിധം നാട്ടിൽ വ്യാപകമാകുകയാണ്. വ്യാജ കുറിപ്പടി തയ്യാറാക്കി ഗുളികകൾ വാങ്ങി ലഹരിയ്ക്കായി ഉപയോഗിക്കുന്ന യുവാവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇടുക്കിയിൽ പിടിയിലായിരുന്നു. വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയ്ക്ക് അടിമപ്പെടുത്തി പിന്നീട് കച്ചവടത്തിന് ഇറക്കുന്നതാണ് ലഹരി മാഫിയയുടെ തന്ത്രം. കാരിയറായി പോകുന്നവരെ ഒറ്റിക്കൊടുത്ത് പിടിപ്പിക്കുന്ന പണിയും സംഘത്തിനുണ്ട്. കുറഞ്ഞ അളവിൽപ്പോലും വലിയ വില ലഭിക്കുന്നതിനാൽ കടത്താനും എളുപ്പമാണ്. ഒരിക്കൽ പിടിക്കപ്പെടുന്നവർ പിന്തിരിഞ്ഞ് പോകില്ലെന്നും വീണ്ടും വിൽപ്പനക്കാരാകുന്നതും പതിവാണ്. ലഹരി കടത്തിന് ഇടനിലക്കാരായി പെൺകുട്ടികളും രംഗത്തുണ്ട്. ലഹരി വാങ്ങാനുള്ള പണത്തിനായി ഇതിന് അടിമകളായവർ എന്തു മാർഗവും സ്വീകരിക്കും. ഇത് യുവാക്കളെ ക്രിമിനൽ പ്രവണതകളിലേക്ക് നയിക്കും. ന്യൂജൻ ലഹരികൾക്ക് പ്രത്യേകിച്ച് മണമോ മറ്റോ ഇല്ലാത്തതിനാൽ വീട്ടുകാർക്ക് അവരുടെ മക്കൾ ഇത് ഉപയോഗിച്ചത് തിരിച്ചറിയാനും ആദ്യമൊന്നും കഴിയില്ല. ബൈപാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്നു മാഫിയയുടെ വിഹാര കേന്ദ്രങ്ങൾ. പൊലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇവരുടെ ഇടപാടുകൾ ഏറെയും. വിദ്യാർത്ഥികൾക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികളും വൻ തോതിൽ മയക്കുമരുന്നിന്റെ ഉപഭോക്താക്കളാണ്. ഒരു കിലോയിൽ താഴെ കഞ്ചാവ് കൈവശംവച്ചതിന് പിടിക്കപ്പെട്ടാൽ സ്റ്റേഷൻ ജാമ്യം ലഭിക്കും. ഇത് മുതലാക്കി ചെറിയ അളവുകളിലാകും വിൽപ്പനക്കാർ കഞ്ചാവ് കൈവശം വയ്ക്കുക. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്.
നിർജീവമായി ലഹരി
വിമുക്ത ക്ലബുകൾ
വിദ്യാർത്ഥികൾ ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ അകപ്പെടാതിരിക്കാനും കെണിയിൽപ്പെട്ടവരെ രക്ഷപെടുത്താനും ബോധവത്കരണ പ്രവർത്തനങ്ങൾക്കുമായി രൂപീകരിച്ച ലഹരി വിമുക്ത ക്ലബുകളുടെ പ്രവർത്തനം പല വിദ്യാലയങ്ങളിലും നിർജീവമാണ്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവും സ്‌കൂളുകൾ ഇക്കാര്യത്തിൽ കാട്ടുന്ന നിസംഗതയുമാണ് ലഹരി വിമുക്ത ക്ലബുകളുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കുന്നത്. വിമുക്തിയുടെ കീഴിലാണ് സ്‌കൂൾ, കോളേജ് തലങ്ങളിൽ ലഹരി വിമുക്ത ക്ലബുകൾ പ്രവർത്തിക്കുന്നത്. ഓരോ സ്‌കൂളിലെയും പ്രവർത്തനങ്ങൾക്ക് ഒരു എക്‌സൈസ് ഉദ്യോഗസ്ഥനും ഒരു അദ്ധ്യാപകനുമാണ് ചുമതല. ഇവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. സ്‌കൂളുകളിൽ സന്ദർശനം നടത്തി ലഹരി സംഘങ്ങളുടെ പ്രവർത്തനം സ്‌കൂളിന്റെ പരിസരങ്ങളിലുണ്ടോയെന്നതും കുട്ടികൾ ഇവരുടെ കെണിയിൽ വീണിട്ടുണ്ടോയെന്നും പരിശോധിക്കും. ഇതിന് പുറമെ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ്, സംവാദ സദസ്, പോസ്റ്റർ രചന, ക്വിസ് മത്സരങ്ങൾ തുടങ്ങിയവ സംഘടിപ്പിക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ, നാഷണൽ സർവീസ് സ്‌കീമുകൾ, കുടുംബശ്രീ, റെസിഡൻസ് അസോസിയേഷനുകൾ, സംസ്ഥാന ലൈബ്രറി കൗൺസിൽ, ലഹരി വിമുക്ത ഓർഗനൈസേഷനുകൾ, വാർഡ്, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും യുവാക്കളുടെയും വിദ്യാർത്ഥികളുടെയും കൂട്ടായ്മകൾ എന്നിവയുടെ പ്രവർത്തനങ്ങളിലൂടെയാണ് വിമുക്തി മിഷൻ ലഹരിയ്‌ക്കെതിരെ പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വിമുക്തി പദ്ധതിയുടെ ഭാഗമായി ഇത്തരം പ്രവർത്തനങ്ങൾ കാര്യമായ തോതിൽ നടക്കുന്നില്ല. ഇതിനിടെ പരിശോധന കർശനമാക്കിയെങ്കിൽ മാത്രമേ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി സംഘങ്ങൾക്ക് തടയിടാൻ കഴിയൂവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദ്യാലയങ്ങൾക്ക് സമീപം മഫ്തിയിൽ ഉൾപ്പെടെ പരിശോധന നടന്നു വരുന്നുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എങ്കിലും ലഹരി വിൽപ്പന സംഘങ്ങളുടെ പ്രവർത്തനം പലയിടങ്ങളിലും സജീവമാണ്. വിദ്യാർത്ഥികളുടെ യാത്രയയപ്പ് സമ്മേളനം വരെ ലഹരി ഉപയോഗിച്ച് നടത്തുന്നതായി അടുത്തിടെ കണ്ടെത്തിയിരുന്നു.
രാസലഹരിയെന്ന
കാളകൂട വിഷം
കഞ്ചാവ് പോലുള്ള നാച്ചുറൽ ലഹരികളിൽ നിന്ന് മാറി സിന്തറ്റിക് ലഹരിയുടെ ഉപയോഗം കൂടുന്നതായും കണക്കുകൾ സൂചിപ്പിക്കുന്നു. എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പും പോലുള്ളവയാണ് സിന്തറ്റിക് ലഹരികൾ. ഇവയ്ക്ക് വില കൂടുതലാണെങ്കിലും സൂക്ഷിക്കാനും ഉപയോഗിക്കാനും എളുപ്പമാണെന്നതും മണിക്കൂറുകളോളം ലഹരി നിൽക്കുമെന്നതുമാണ് ലഹരി ഉപയോക്താക്കളെ ഇതിലേക്ക് ആകർഷിക്കുന്ന ഘടകം. മറ്റ് ലഹരികളിൽ നിന്ന് വ്യത്യസ്തമായി പെട്ടെന്നുണ്ടാകുന്ന ഉന്മാദാവസ്ഥയാണ് മയക്കുമരുന്നുകൾക്ക് അടിമപ്പെട്ടവരെ എം.ഡി.എം.എ ഉപയോഗിക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു തവണ ഉപയോഗിച്ചാൽ തന്നെ അടിമപ്പെടും. ഉപയോഗിക്കുന്ന വ്യക്തിയുടെ വിശപ്പ് കെട്ടുപോകും. ഹൃദയമിടിപ്പ് കൂടുകയും രക്തസമ്മർദ്ദത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുകയും ചെയ്യും. ഉപയോഗം തുടങ്ങി കുറഞ്ഞ കാലയളവിൽ തന്നെ വ്യക്തിയുടെ ആരോഗ്യം ക്ഷയിക്കുകയോ മരണപ്പെടുകയോ ചെയ്യാം. ഒന്നോ രണ്ടോ തവണയിലെ ഉപയോഗം കൊണ്ടുതന്നെ മാരകമായ ആസക്തി ഉണ്ടാക്കുന്നതിനാൽ എം.ഡി.എം.എ ഉപയോഗിച്ചു തുടങ്ങുന്ന യുവാക്കൾ വളരെ എളുപ്പം അതിന് അടിമയാകുകയും പിന്നീട് സ്ഥിരമായി ഉപയോഗിക്കേണ്ടി വരുന്ന ഒരു മാനസികാവസ്ഥയിലെത്തുകയും ചെയ്യും.
പിന്നിൽ അദൃശ്യ സംഘം
കഞ്ചാവ് വ്യാപാരം നടത്തി ടൂറിസ്റ്റ് ബസ് വ്യൂഹം സ്വന്തമാക്കിയവർ പോലുമുണ്ട്. ഇവരൊക്കെ ചെറിയ അളവ് കഞ്ചാവുമായി പിടിയിലാകുമെങ്കിലും ചുരുങ്ങിയ ജയിൽവാസത്തിന് ശേഷം ജാമ്യത്തിലിറങ്ങും. മയക്കുമരുന്നിന്റെ കണ്ണികൾ നീളുന്നത് അദൃശ്യ ശക്തികളിലേക്കാണെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു. ബൈപാസ് റോഡുകളും ആളൊഴിഞ്ഞ ഇടങ്ങളുമാണ് മയക്കുമരുന്നു മാഫിയയുടെ വിഹാര കേന്ദ്രങ്ങൾ. പൊലീസിന്റെ നിരീക്ഷണം കാര്യമായി എത്താത്ത മേഖലകളിലാണ് ഇടപാടുകൾ ഏറെയും. വിദ്യാർത്ഥികൾക്ക് പുറമേ ഇതര സംസ്ഥാന തൊഴിലാളികളും മയക്കുമരുന്നിന്റെ ഉപഭോക്താക്കളാണ്. പത്തുവർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണെങ്കിലും ഭൂരിഭാഗം പ്രതികളും തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെടുന്നതാണ് പതിവ്. ഡാൻസാഫ് പോലെയുള്ള മയക്കുമരുന്ന് വിരുദ്ധ സേനകളിലെ പൊലീസുകാർക്ക് പലപ്പോഴും മയക്കുമരുന്ന് സംഘങ്ങളുടെ ഭീഷണിയും നേരിടേണ്ടി വരുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |