തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്ലസ് വൺ പ്രവേശനത്തിനായുള്ള രണ്ട് അലോട്ടമെന്റുകളിലെ നടപടികൾ പൂർത്തിയായപ്പോൾ സ്ഥിരപ്രവേശനം നേടിയത് 1,41,229 വിദ്യാർത്ഥികൾ.
ഇന്നലെ വൈകിട്ട് അഞ്ചിനാണ് രണ്ടാംഘട്ട അലോട്ട്‌മെന്റ് പ്രവേശന നടപടികൾ പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ താത്കാലിക അലോട്ട്‌മെന്റ് നേടിയത് 83,751 വിദ്യാർത്ഥികളാണ്. ഒന്നാം ഓപ്ഷൻ നല്കിയ 1,07,092 വിദ്യാർത്ഥികൾക്ക് രണ്ടുഘട്ടങ്ങളിലായി സ്ഥിരപ്രവേശനം ലഭിച്ചു. മെരിറ്റ് പട്ടികയിൽ ഇടംപിടിച്ച 17,294 വിദ്യാർത്ഥികൾ പ്രവേശനം വേണ്ടെന്നുവച്ചു. ന്യൂനതകൾ മൂലം 258 അപേക്ഷകൾ തള്ളപ്പെട്ടു.
രണ്ടുഘട്ട അലോട്ട്‌മെന്റ് പിന്നിട്ടപ്പോൾ സ്‌പോർട്സ് ക്വാട്ടയിൽ 2639 വിദ്യാർത്ഥികളാണ് സ്ഥിരപ്രവേശനം സ്വന്തമാക്കിയത്. 1992 വിദ്യാർത്ഥികൾ താത്കാലിക പ്രവേശനം നേടി. 1469 പേർ ഉത്തരവ് ലഭിച്ചിട്ടും പ്രവേശനം പൂർത്തിയാക്കിയില്ല. സ്‌പോർട്സ് ക്വാട്ടയിൽ 10 പേരുടെ അപേക്ഷകൾ വിവിധ കാരണങ്ങളാൽ തള്ളിപ്പോയി.
മെരിറ്റ് സീറ്റിലേക്കുള്ള പ്രവേശനത്തിൽ ഒന്നാംഘട്ട അലോട്ട്‌മെന്റിൽ 1,21,743 സീറ്റുകളിലാണ് സ്ഥിരപ്രവേശനം നേടിയത്. രണ്ടാം അലോട്ട്‌മെന്റിൽ ഇടംപിടിച്ച 18,883 പേർ പ്രവേശനം നേടിയില്ല. ഇവരെ 16ന് നടക്കുന്ന മൂന്നാംഅലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അപേക്ഷയിലെ തെറ്റായ വിവരങ്ങൾ കാരണം 268 പേർക്കും പ്രവേശനം നേടാനായില്ല. സംവരണം ഉൾപ്പെടെ രണ്ട് അലോട്ട്മെന്റിലുമായി ഒഴിഞ്ഞുകിടക്കുന്ന സീറ്റുകൾ മൂന്നാംഅലോട്ട്മെന്റിൽ ജനറൽ മെരിറ്റ് സീറ്റുകളാക്കി പ്രവേശനം നടത്തും.
18നാണ് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുക.
ഇതുവരെ അപേക്ഷിക്കാത്തവർക്കും മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതിനാലോ ഓപ്ഷനുകൾ നൽകാത്തതിനാലോ അലോട്ട്‌മെന്റിന് പരിഗണിക്കാത്തവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള ഒഴിവും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയപരിധിക്കുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. വിവരങ്ങൾക്ക്: www.hscap.kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |