ലോര്‍ഡ്‌സ്: ആദ്യ രണ്ട് ദിനങ്ങളില്‍ വീണത് 28 വിക്കറ്റുകള്‍. ലോര്‍ഡ്‌സ് ക്രിക്കറ്റ് മൈതാനം ബൗളര്‍മാരെ വാരിക്കോരി സഹായിച്ചപ്പോള്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി അന്ത്യത്തിലേക്ക്. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസ്ട്രിലേയ അവരുടെ രണ്ടാം ഇന്നിംഗ്‌സില്‍ 144ന് എട്ട് എന്ന നിലയിലാണ്. ആകെ ലീഡ് 218 റണ്‍സായി ഉയര്‍ത്താനായത് നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് ആത്മവിശ്വാസം പകരുന്നുണ്ട്. മിച്ചല്‍ സ്റ്റാര്‍ക് (16*), നേഥന്‍ ലയണ്‍ (1*) എന്നിവരാണ് ക്രീസില്‍.
സ്‌കോര്‍: ഓസ്‌ട്രേലിയ 212 & 144-8 | ദക്ഷിണാഫ്രിക്ക 138
ഒരു ഘട്ടത്തില്‍ 73ന് ഏഴ് എന്ന നിലയില്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിച്ച ഓസീസിനെ അലക്‌സ് ക്യാരി (43) സ്റ്റാര്‍ക്കിനൊപ്പം നേടിയ 61 റണ്‍സ് കൂട്ടുകെട്ടാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. മാര്‍നസ് ലാബുഷെയ്ന്‍ (22), ഉസ്മാന്‍ ഖ്വാജ (6), കാമറൂണ്‍ ഗ്രീന്‍ (0), സ്റ്റീവന്‍ സ്മിത്ത് (13), ട്രാവിസ് ഹെഡ് (9), ബ്യൂ വെബ്സ്റ്റര്‍ (9), പാറ്റ് കമ്മിന്‍സ് (6) എന്നിങ്ങനെയാണ് പുറത്തായ ബാറ്റര്‍മാരുടെ സ്‌കോര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ലുംഗി എംഗിഡി, കാഗിസോ റബാഡ എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മാര്‍ക്കോ യാന്‍സന്‍, വിയാന്‍ മള്‍ഡര് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക വെറും 138 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു. ആറ് വിക്കറ്റുകള്‍ പിഴുത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ മാസ്മരിക ബൗളിംഗ് പ്രകടനമാണ് ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടിയത്. 43ന് നാല് എന്ന നിലയില്‍ രണ്ടാം ദിനം കളി പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് 95 റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച ആറ് വിക്കറ്റുകളും നഷ്ടമായി.
45 റണ്‍സെടുത്ത ഡേവിഡ് ബെഡിംഗ്ഹാം ആണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ തെംബ ബവൂമ 36 റണ്‍സ് നേടി മടങ്ങി. ഓപ്പണര്‍ റയാന്‍ റിക്കിള്‍ടണ്‍ (16), വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കൈല്‍ വെറെയ്ന്‍ (13) എന്നിവര്‍ മാത്രമാണ് പിന്നീട് രണ്ടക്കം കടന്നത്. എയ്ഡന്‍ മാര്‍ക്രം (0), വിയാന്‍ മള്‍ഡര്‍ (6), ട്രിസ്റ്റന്‍ സ്റ്റബ്സ് (2), മാര്‍ക്കോ യാന്‍സന്‍ (0), കേശവ് മഹാരാജ് (7), കാഗിസോ റബാഡ (1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. മിച്ചല്‍ സ്റ്റാര്‍ക് രണ്ട് വിക്കറ്റുകളും ജോഷ് ഹേസില്‍വുഡ് ഒരു വിക്കറ്റും വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |