കോഴിക്കോട്: വേതന പാക്കേജ് ഉയർത്താത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ വീണ്ടും കടയടപ്പ് സമരത്തിലേക്ക്. 2018 ലെ വേതന പാക്കേജാണ് ഏഴ് വർഷം കഴിഞ്ഞിട്ടും പരിഷ്കരിക്കാതെ തുടരുന്നത്. 45 ക്വിന്റൽ വരെ റേഷൻ ധാന്യം ഒരു മാസം വിൽക്കുന്ന വ്യാപാരിക്ക് 18000 രൂപയും അതിന് മുകളിൽ വിൽക്കുന്നവർക്ക് ഓരോ ക്വിന്റലിന് 180 രൂപ അധികവുമാണ് കമ്മിഷൻ ഇനത്തിൽ നൽകുന്നത്. എന്നാൽ ഇത്രയും അളവിൽ വിൽപ്പന നടത്തുന്ന റേഷൻ കടകൾ കുറവാണ്. അതുകൊണ്ട് തന്നെ സ്വന്തം കെട്ടിടമുള്ള റേഷൻ കട ഉടമകൾക്ക് മാത്രമേ കമ്മിഷൻ കൊണ്ട് പ്രയോജനമുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്. മറ്റുള്ളവർക്ക് മാസ വാടക, വൈദ്യുതി ചാർജ്, കൂലി എന്നീ ഇനത്തിൽ മാസം 15,000 രൂപയോളം ചെലവുവരും. 7000 രൂപയ്ക്ക് താഴെ മാത്രമാണ് വ്യാപാരിക്ക് ലഭിക്കുന്നത്. വേതനം ഉയർത്തണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല കടയടപ്പ് സമരമുൾപ്പെട നടത്തിയിട്ടും ഫലമില്ലാതെ വന്നതോടെ സർക്കാരിന്റെ പദ്ധതികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് റേഷൻ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
റേഷൻകട വിപുലീകരിക്കില്ല
റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ കൂടുതൽ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങളുണ്ടാക്കുന്നതിന് കടകൾ വിപുലീകരിക്കണമെന്ന സർക്കാർ നിർദ്ദേശം പ്രതിസന്ധിയിലാക്കുമെന്ന് വ്യാപാരികൾ. പുതിയ എൻ. എഫ്. എസ്.എ ചട്ട പ്രകാരമുള്ള സ്റ്റോക്ക് പൂർണമായ തോതിൽ സ്റ്റോക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ റേഷൻകടകളിലും, പല എൻ.എഫ്.എസ്.എ ഭക്ഷ്യധാന്യ സംഭരണ കേന്ദ്രങ്ങളിലുമില്ല. നഗരത്തിലെ റേഷൻ കടകൾ സമീപത്തുള്ള കെട്ടിടത്തിലെ റൂമുകൾ വാടകയ്ക്ക് എടുക്കുന്നതിന്ന് വേണ്ടി ചെറുപട്ടണങ്ങളിൽ പോലും 400 മുതൽ, 500 രൂപ വരെയെങ്കിലും ദിവസ വാടക നൽകേണ്ടിവരും. വൻ സാംമ്പത്തിക ബാദ്ധ്യതകൾ വരുത്തുന്ന കട വിപുലീകരണ പദ്ധതികളുമായി റേഷൻ വ്യാപാരികൾക്ക് മുന്നോട്ട് പോകാനാവില്ല.
മറ്റ് ആവശ്യങ്ങൾ
1. റേഷൻ സാധനങ്ങൾ എല്ലാമാസവും 15ാം തിയതിക്കകം കടകളിലെത്തിക്കണം
2. റേഷൻ സാധനങ്ങൾ എഫ്.സി.ഐ (ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യ)യിൽ നിന്ന് നേരിട്ട് റേഷൻ കടകളിലെത്തിക്കണം.
3. മണ്ണണ്ണ റേഷൻ കടകളിൽ എത്തിച്ചു തരികയും ലിറ്ററിന് 7 രൂപയെങ്കിലും കമ്മിഷൻ നൽകുകയും ലീക്കേജ് അനുവദിക്കുകയും വേണം
4. കരാറുകാരുടെ കുടിശ്ശിക യഥാക്രമം നൽകി ഇടവിട്ടുള്ള സമരം മൂലം റേഷൻ തടസപെടുന്നത് ഒഴിവാക്കുക
'' സംസ്ഥാന സമ്മേളനത്തിന് മുമ്പ് വേതന പരിഷ്കരണമുണ്ടായില്ലെങ്കിൽ നിറുത്തിവെച്ച സമരം വീണ്ടും ആരംഭിക്കേണ്ടിവരും. ഇത് സംബന്ധിച്ച് റേഷൻ ഡീലേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി സർക്കാരിന് നോട്ടീസ് നൽകിയിട്ടുണ്ട്. ''- ടി. മുഹമ്മദാലി ,ജനറൽ സെക്രട്ടറി,
ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |