SignIn
Kerala Kaumudi Online
Monday, 21 July 2025 10.49 PM IST

'മാജിക് ഹോം' പദ്ധതിയിലെ സ്നേഹഭവനം കൈമാറി: നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിൻ്റെ തണൽ

Increase Font Size Decrease Font Size Print Page
home

വയനാട്/പുൽപ്പള്ളി: സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതിരുന്ന ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളായ നിസ്സാനും നിസ്സിക്കും ഇനി സ്വന്തം വീടിന്റെ തണൽ. ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ 'മാജിക് ഹോം' പദ്ധതി പ്രകാരം വയനാട് പുൽപ്പള്ളി വേലിയമ്പത്ത് നിർമ്മിച്ച ഭിന്നശേഷി സൗഹൃദ ഭവനത്തിന്റെ താക്കോൽദാനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പ്രമുഖ കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കട നിർവഹിച്ചു. താക്കോൽദാന ചടങ്ങിൽ പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാർ, മെമ്പർ ഡോ. ജോമറ്റ് കോതവഴിക്കൽ, കാഴ്ചപരിമിതയും കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം ആർട്‌സ് ആന്റ് സയൻസ് കോളേജിലെ ഹിന്ദി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ആര്യപ്രകാശ്, ഡിഫറന്റ് ആർട്‌സ് സെന്റർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് തുടങ്ങിയവരും പങ്കെടുത്തു. പടിഞ്ഞാറത്തറ സ്വദേശികളായ സൈജൻ-ജോയ്‌സി ദമ്പതികളുടെ ബൗദ്ധിക പരിമിതവിഭാഗത്തിൽപ്പെട്ട മക്കളാണ് നിസ്സാനും നിസ്സിയും.

സഹജീവികളോടുള്ള മനുഷ്യസ്‌നേഹത്തിന്റെ ഒരു നല്ല ഉദാഹരണമാണ് ഈ ചടങ്ങ്. സാധാരണ മനുഷ്യരെ പോലെ തന്നെയോ അതിനു മുകളിലോ അവരുടെ മേഖലയിൽ മിടുക്കന്മാരും മിടുക്കികളുമാണ് ഈ കുഞ്ഞുങ്ങൾ. ഈ ഭൂമിയുടെ എല്ലാ സൗന്ദര്യവും സൗകര്യവും അനുഭവിക്കുന്നതിന് അവരെ സഹായിക്കേണ്ടതിന്റെ ഉത്തരവാദിത്തം നമ്മൾക്കാണ് . ഗോപിനാഥ് മുതുകാട് അത്തരമൊരു ശ്രമമാണ് മാജിക് ഹോംസ് എന്ന സംരംഭത്തിലൂടെ കേരളമൊട്ടാകെ ചെയ്യുന്നത്. ഇത്തരം ശ്രമങ്ങൾക്ക് പിന്തുണയേകാൻ നമുക്ക് കഴിയണമെന്ന് കവി മുരുകൻ കാട്ടാക്കട പറഞ്ഞു.

വർഷങ്ങളോളം ഒരു ഷെഡിൽ പരിമിതികളോടു മല്ലിട്ട് ജീവിച്ച ഈ കുടുംബത്തിന് 'മാജിക് ഹോം' പദ്ധതിയിലൂടെ ലഭിച്ച ഈ വീട് ഒരു സ്വപ്നസാക്ഷാത്കാരമാണ്. "കുഞ്ഞുങ്ങൾക്ക് സ്വന്തമായൊരു വീട് എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അത് സഫലമായതിൽ സന്തോഷം അടക്കാനാവുന്നില്ല," ജോയ്‌സി പറഞ്ഞു. വേലിയമ്പം സ്വദേശിയായ കുര്യാക്കോസ് അഞ്ച് സെന്റ് സ്ഥലം സൗജന്യമായി നൽകിയതോടെയാണ് ഈ സ്നേഹഭവനത്തിൻ്റെ നിർമ്മാണം യാഥാർത്ഥ്യമായത്.


ജില്ലയിൽ നിന്നും ലഭിച്ച നിരവധി അപേക്ഷകളിൽ നിന്ന്, ഡിഫറന്റ് ആർട്‌സ് സെന്റർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കനുസരിച്ച് ഏറ്റവും അനുയോജ്യമായ കുടുംബമായാണ് നിസ്സാനിന്റെയും നിസ്സിയുടെയും കുടുംബത്തെ തിരഞ്ഞെടുത്തത്. പുൽപ്പള്ളിയിലെ കൃപാലയ സ്പെഷ്യൽ സ്കൂളിൽ പഠിക്കുന്ന ഈ കുട്ടികൾക്ക് ഇനി സ്വന്തം വീട്ടിലിരുന്ന് പഠിക്കാനും കളിക്കാനും സാധിക്കും.

600 ചതുരശ്ര അടിയിൽ ഭിന്നശേഷി സൗഹൃദമായാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. കുട്ടികളുടെ പ്രത്യേക ആവശ്യകതകൾ മനസ്സിലാക്കി, ജൂഡ് കൺസ്ട്രക്ഷൻസിന്റെ നേതൃത്വത്തിൽ സിംസൺ ചീനിക്കുഴിയാണ് നിർമ്മാണപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചത്.

മാജിക് ഹോം: ഒരു മാതൃകാപരമായ മുന്നേറ്റം
ഡിഫറന്റ് ആർട്‌സ് സെന്ററിന്റെ MAGIK Homes - Making Accessible Gateways for Inclusive Kerala എന്ന ബൃഹത് പദ്ധതിയുടെ ഭാഗമാണിത്. ഓരോ ജില്ലയിലും ഒരു വീട് എന്ന നിലയിൽ 14 ഭിന്നശേഷി സൗഹൃദ മാതൃകാ ഭവനങ്ങളാണ് പദ്ധതിയിലൂടെ നിർമ്മിച്ചു കൈമാറുന്നത്. ഈ വീടുകൾ ഗുണഭോക്താവിന്റെ പ്രത്യേക പരിമിതികൾക്ക് അനുസൃതമായാണ് രൂപകൽപ്പന ചെയ്യുന്നത്. ഇതിനോടകം കാസർഗോഡ്, ഇടുക്കി, മലപ്പുറം ജില്ലകളിൽ വീടുകൾ പൂർത്തിയാക്കി കൈമാറി. വയനാട്ടിലെ ഈ വീട്, ഈ മഹത്തായ പദ്ധതിയുടെ നാലാമത്തെ വീടാണ്.

"മാജിക് ഹോംസ് പദ്ധതിക്കു കീഴിൽ നിർമ്മിച്ച ഈ ഭിന്നശേഷി സൗഹൃദ വീടുകൾ, സമാന മേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ജീവകാരുണ്യ സംഘടനകൾക്കും വ്യക്തികൾക്കും ഇതുപോലെയുള്ള വീടുകൾ നിർമിച്ച് നൽകാൻ പ്രചോദനമാകുമെന്നാണ് ഞങ്ങളുടെ വിശ്വാസം," പദ്ധതിയുടെ സൂത്രധാരൻ കൂടിയായ ഗോപിനാഥ് മുതുകാട് ചടങ്ങിൽ പറഞ്ഞു. അനേകം പേരുടെ സ്നേഹവും സഹകരണവും കൊണ്ട് യാഥാർത്ഥ്യമായ ഈ വീട്, നിസ്സാനും നിസ്സിക്കും മാത്രമല്ല, സമാനമായ സാഹചര്യങ്ങളിലുള്ള നിരവധി കുടുംബങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്ന ഒന്നായി മാറും.

TAGS: LOCAL NEWS, WAYANAD, KERALA, LATEST NEWS, WAYANAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.