അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് എണ്ണിയാലൊടുങ്ങാത്ത പ്രതീക്ഷകളുമായി പറന്നുയർന്ന ഡ്രീംലൈനർ വിമാനം 270 ജീവനുകളെടുത്ത ദുരന്തത്തിലെ വില്ലനായത് രാജ്യത്തെയാകെ കരയിപ്പിച്ചു. ലോകത്തെ നമ്പർ വൺ എന്ന ഖ്യാതിയുള്ള ബോയിംഗ് വിമാന നിർമ്മാണ കമ്പനിയുടെ യശസിനു കൂടിയാണ് ഈ അപകടം ആഘാതമേൽപ്പിച്ചത്. ഒരു കാലത്ത് ഏറ്റവും സുരക്ഷിതമെന്ന് പെരുമയുണ്ടായിരുന്ന ബോയിംഗ് വിമാനങ്ങൾ, ഇന്ന് തുടരെത്തുടരെയുള്ള അപകടങ്ങൾ കാരണം പറക്കൽ നിറുത്തേണ്ട ദുഃസ്ഥിതിയിലാണ്.
സുരക്ഷിതമായ സുഖയാത്ര പ്രദാനം ചെയ്യുന്ന ബോയിംഗ് ഡ്രീംലൈനർ വിമാനങ്ങൾ ദീർഘദൂര യാത്രക്കാർക്ക് പ്രിയപ്പെട്ടതായിരുന്നു. ഭൂഖണ്ഡാന്തര യാത്രകൾക്കായി വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത് ഡ്രീംലൈനറാണ്. കേരളത്തിൽ നിന്നുണ്ടായിരുന്ന ഏക യൂറോപ്യൻ സർവീസായ കൊച്ചി-ലണ്ടൻ സർവീസിനായി എയർ ഇന്ത്യ ഉപയോഗിച്ചിരുന്നത് ഡ്രീംലൈനറാണ്. ആഴ്ചയിൽ മൂന്നു സർവീസുകളുണ്ടായിരുന്നു. 8216 കിലോമീറ്റർ ദൂരം 10.10 മണിക്കൂർ കൊണ്ട് ഡ്രീംലൈനർ പറന്നെത്തുമായിരുന്നു. വാർഷിക അറ്റകുറ്റപ്പണിയെന്ന കാരണം പറഞ്ഞ് സർവീസ് മാർച്ച് മുതൽ അവസാനിപ്പിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമാനത്താവളത്തിലും ഡ്രീംലൈനർ ഇറങ്ങാനാവുമെങ്കിലും ഇവിടെ നിന്ന് സർവീസില്ല. 3.75 ലക്ഷം പേർ കൊച്ചി-യൂറോപ്പ് യാത്രനടത്തുന്നുണ്ട്. നേരിട്ടുള്ള വിമാനമില്ലാത്തതിനാൽ ഗൾഫ് വഴിയും മുംബയ്, അഹമ്മദാബാദ് വഴിയുമാണ് യാത്ര.
ലോകത്തെ ഏറ്റവും സുരക്ഷിതമായ യാത്രാവിമാനം എന്ന ഡ്രീംലൈനറിന്റെ പെരുമയാണ് അഹമ്മദാബാദിൽ തകർന്നത്. മൂന്ന് വേരിയന്റുകളിലെ ഡ്രീംലൈനറുകൾ ബോയിംഗ് നിർമ്മിച്ചിട്ടുണ്ട്. 14,498 കിലോമീറ്റർ ദൂരം 17മണിക്കൂർ നിറുത്താതെ പറന്നിട്ടുണ്ട് ഡ്രീംലൈനർ. ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് ലണ്ടനിലേക്കായിരുന്നു ആ യാത്ര. ഭാരം കുറഞ്ഞതും കരുത്തുറ്റതുമായ വിമാനമാണ് ഡ്രീംലൈനർ. മറ്റു വിമാനങ്ങളെ അപേക്ഷിച്ച് 25ശതമാനം വരെ ഇന്ധന ഉപയോഗം കുറവാണ്. ലോകമെമ്പാടുമുള്ള 425ലേറെ നോൺസ്റ്റോപ്പ് റൂട്ടുകളിൽ ഉപയോഗിക്കുന്നത് ഡ്രീംലൈനറാണ്. 242 മുതൽ 290 വരെ യാത്രക്കാർക്ക് സഞ്ചരിക്കാം. കുറഞ്ഞ ശബ്ദവും മികച്ച യാത്രാനുഭവവും വാഗ്ദാനം ചെയ്യുന്ന ഡ്രീംലൈനറിൽ ഇതുവരെ 100 കോടിപ്പേർ പറന്നിട്ടുണ്ട്. 56.72 മീറ്ററാണ് വിമാനത്തിന്റെ നീളം. 16.92 മീറ്ററാണ് ഉയരം. ആഗോളതലത്തിൽ 1175 വിമാനങ്ങൾ 50 ലക്ഷം സർവീസുകളും മൂന്നുകോടി മണിക്കൂർ യാത്രയും പൂർത്തിയാക്കിയിട്ടുണ്ട്.
ഭാരം കുറയ്ക്കാനും ഇന്ധനക്ഷമത കൂട്ടാനും കാർബൺ ഫൈബർ ഉപയോഗിച്ച് നിർമ്മിച്ച ആദ്യത്തെ പ്രധാന യാത്രാവിമാനമാണിത്. ചെലവുകുറയ്ക്കാൻ ബോയിംഗ് ചെയ്ത കുറുക്കുവഴികൾ വിമാനത്തിന് കാലക്രമേണ കുരുക്കായി മാറുകയായിരുന്നു. വിവിധ ഭാഗങ്ങൾ വെവ്വേറെ നിർമിച്ചു കൂട്ടിയോജിപ്പിക്കുമ്പോൾ വിടവുകൾ വരുന്നുണ്ടെന്നും ഇതു തേയ്മാനം കൂട്ടുമെന്നും ആയുസ് കുറയ്ക്കുമെന്നും വിമർശനങ്ങളുണ്ടായിരുന്നു. ഇടയ്ക്കിടെ സാങ്കേതിക തകരാറുകളും ബാറ്ററിയിൽ നിന്ന് തീപിടുത്തവുമൊക്കെയുണ്ടായെങ്കിലും ഇത്തരമൊരു ദുരന്തം ആദ്യം. 2013ൽ അമേരിക്ക മുഴുവൻ ഡ്രീംലൈനർ വിമാനങ്ങളും നിലത്തിറക്കിയിരുന്നു. 50വർഷത്തെ ആയുസുള്ളതാണ് ഡ്രീംലൈനർ. അപകടത്തിൽപ്പെട്ട വിമാനത്തിന് പഴക്കം 11വർഷം. 1189 ഡ്രീംലൈനർ ഇതുവരെ ബോയിംഗ് വിറ്റഴിച്ചിട്ടുണ്ട്. 2137 ഓർഡറുകൾ കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. 2121കോടിയാണ് ശരിക്കുള്ള വിലയെങ്കിലും വിമാനക്കമ്പനികൾക്ക് 1069 കോടി മുതൽ 1497കോടി വരെയുള്ള തുകയ്ക്ക് ഡ്രീംലൈനറുകൾ വിറ്റഴിക്കുന്നു. വിലക്കുറവ് നൽകാൻ സുരക്ഷയിലും മറ്റ് സൗകര്യങ്ങളിലും വിട്ടുവീഴ്ച ചെയ്യുന്നതായാണ് ആരോപണം.
32സെക്കൻഡിൽ
തീഗോളമായി
വിമാനം നിലംപതിച്ചത് റൺവേയിൽ നിന്ന് ഉയർന്ന് 32 സെക്കൻഡിനുള്ളിലാണ്. ഉയർന്ന് 15 സെക്കൻഡിനകം എൻജിനുകൾ തകരാറിലായി. ഈ സമയത്തിനകം വിമാനം നിലംപതിച്ചു തുടങ്ങിയിരുന്നു. എയർട്രാഫിക് കൺട്രോളിലേക്ക് പൈലറ്റ് അപായ സന്ദേശം അയച്ചെങ്കിലും മറുപടി സ്വീകരിക്കാനുള്ള സമയം പോലും പൈലറ്റിന് കിട്ടിയില്ല. ഇരട്ട എൻജിനുള്ള വിമാനത്തിന്റെ രണ്ടു എൻജിനുകളിൽ ഒന്ന് തകരാറിലായാലും രണ്ടാമത്തേത് എന്തുകൊണ്ട് പ്രവർത്തിച്ചില്ലെന്നതും ടേക്ക് ഓഫ് സമയത്ത് താഴ്ന്നിരിക്കേണ്ട ചിറകിലെ ഫ്ലാപ്പ് ക്രമീകരണത്തിൽ പിഴവു വന്നതിലും സംശയമുണ്ട്. ലാൻഡിംഗ് ഗിയർ താഴ്‌ത്തിയ നിലയിലായിരുന്നതും അസ്വാഭാവികമാണ്.
ഗുരുതര
സാങ്കേതിക പിഴവുകൾ
വിമാനത്തിന്റെ എൻജിനിൽ നിന്നുള്ള പവർ സ്വീകരിക്കുന്ന വൈദ്യുതി സംവിധാനങ്ങളെല്ലാം തകരാറിലായെന്നാണ് നിഗമനം. ഈ സാഹചര്യത്തിൽ പ്രവർത്തിക്കേണ്ട ഓക്‌സിലിയറി പവർ യൂണിറ്റ് എന്ന ചെറു ജനറേറ്ററും പ്രവർത്തിച്ചില്ല. വിമാനത്തിന് ഊർജം നൽകേണ്ട ബാറ്ററി യൂണിറ്റും നിശ്ചലമായി. വിമാനം പറന്നുയർന്നയുടൻ രണ്ട് എൻജിനുകളും പ്രവർത്തിക്കാതെയായി. ഒപ്പം, എൻജിൻ പ്രവർത്തിപ്പിക്കുന്ന ജനറേറ്ററുകളും പ്രവർത്തിച്ചില്ല. രണ്ടാമത്തെ സാദ്ധ്യത എൻജിനുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നെങ്കിലും രണ്ട് ഇന്റഗ്രേറ്റഡ് ഡ്രൈവ് ജനറേറ്ററുകൾ പ്രവർത്തിച്ചില്ല എന്നതാണ്. സോഫ്‍റ്റ്‍വെയറിലെ പിഴവിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |