മലപ്പുറം: ഗൾഫിലെ സ്‌കൂളുകൾ മദ്ധ്യവേനലവധിക്ക് അടച്ചതോടെ കുടുംബസമേതം നാട്ടിലെത്തുന്നവരെ ലക്ഷ്യമിട്ട് നിരക്ക് ഇരട്ടിയിലേറെ വർദ്ധിപ്പിച്ച് വിമാന കമ്പനികൾ.
കണ്ണൂർ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഒരുപോലെ വർദ്ധനവുണ്ട്. മികച്ച സർവീസിന് പേരുകേട്ട കമ്പനികളാണ് നിരക്ക് വർദ്ധനവിലും മുന്നിൽ.
എയർഇന്ത്യ എക്സ്‌പ്രസിൽ താരതമ്യേന ടിക്കറ്റ് നിരക്ക് കുറവുണ്ടെങ്കിലും വിമാന ദുരന്തവുമായി ബന്ധപ്പെട്ട വിവാദങ്ങൾ യാത്രക്കാരെ പിന്നോട്ടുവലിക്കുന്നത് മറ്റു കമ്പനികൾ അവസരമാക്കുന്നു. എയർ ഇന്ത്യയെക്കാൾ ഇരട്ടിത്തുകയാണ് പല കമ്പനികളും ഈടാക്കുന്നത്. ഇത്തിഹാദ് എയർവേയ്‌സിൽ അബുദാബി - കോഴിക്കോട് റൂട്ടിൽ ഇക്കോണമി ടിക്കറ്റിന് അരലക്ഷമാണ്. അതേസമയം എയർ ഇന്ത്യ എക്‌സ്‌പ്രസിൽ 21,000 രൂപ മതി. സൗദി അറേബ്യയിലെ ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്ക് സൗദിയ വിമാനത്തിൽ 44,000 രൂപയാണ്.
നിയന്ത്രണം വേണം, കൂടുതൽ സീറ്റും
ഇന്ത്യ-യു.എ.ഇ സെക്ടറിൽ ആഴ്ചയിൽ 65,000 സീറ്റാണ് അനുവദിച്ചിട്ടുള്ളത്. സീസണിൽ ഒരുലക്ഷത്തോളം യാത്രക്കാരുണ്ടാവും. ഉഭയകക്ഷി കരാറിലൂടെ സീറ്റ് വർദ്ധിപ്പിച്ചാൽ നിരക്ക് കാര്യമായി കുറയ്ക്കാനാവും. സൗദി സെക്ടറിലും സമാനമായ സാഹചര്യമാണ്. സീസണുകളിലെ വിമാനടിക്കറ്റ് കൊള്ളയ്ക്കെതിരെ നടപടിയെടുക്കണമെന്ന പാർലമെന്റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ കർശന നിർദ്ദേശത്തെ തുടർന്ന് നിരക്ക് ഏകീകരണം നടപ്പിലാക്കാനുള്ള നീക്കത്തിലാണ് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ).
എയർ ഇന്ത്യയിലെ ടിക്കറ്റ് നിരക്ക്
ദുബായ് - കോഴിക്കോട് ........... 22,000 - 24,500
ദോഹ - കൊച്ചി ............................ 28,000 - 34,000
ഷാർജ - കണ്ണൂർ ............................22,000 - 23,500
ജിദ്ദ - കോഴിക്കോട് .......................36,000 - 43,000
ദോഹ - തിരുവനന്തപുരം ........30,000 - 32,000
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |