അറബിക്കടലിൽ അപകടം വിതച്ച രണ്ട് ചരക്കുകപ്പലുകൾ കേരളത്തിന്റെ സമുദ്ര മേഖലയിൽ ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക ദിവസം കഴിയുന്തോറും കനംവച്ചു വരികയാണ്. കടലിൽ പടരുന്ന എണ്ണയും കണ്ടെയ്‌നറുകളിലെ അപകടകാരികളായ രാസവസ്തുക്കളും കാരണം മത്സ്യസമ്പത്ത് വിഷമയമായേക്കുമെന്ന ഭീതികൊണ്ട് ആളുകൾ മീൻ വാങ്ങാൻ മടിക്കുന്നതു മൂലം മത്സ്യത്തൊഴിലാളികൾക്കും വില്പനക്കാർക്കുമുണ്ടാകുന്ന നഷ്ടവും ഭീമമാണ്. ഇവയെല്ലാം ഉൾപ്പെടെ കപ്പൽ അപകടങ്ങൾ വരുത്തിവച്ച നഷ്ടങ്ങളുടെ മുഴുവൻ ബാദ്ധ്യതയും കപ്പൽ ഉടമകൾ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് ഉചിതവും സ്വാഗതാർഹവും മാത്രമല്ല, ഒന്നാന്തരം മുന്നറിയിപ്പു കൂടിയാണ്.
കപ്പലുകൾ വരുത്തുന്ന അപകടങ്ങൾ മൂലം സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടത്തിന് പരിഹാരം കാണേണ്ടത് ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചല്ലെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചത്. അത് പൂർണമായും ശരിയാണുതാനും. ക്ഷേമ പ്രവർത്തനങ്ങൾക്കും വികസന പ്രവർത്തനങ്ങൾക്കും വിനിയോഗിക്കേണ്ട ഖജനാവിലെ പണം, നികുതിദായകർക്ക് ഒരു പങ്കാളിത്തവുമില്ലാത്ത ഇത്തരം അപകടങ്ങളുടെ നഷ്ടപരിഹാരത്തിന് ചെലവഴിക്കാനുള്ളതല്ല. അതേസമയം, മറ്റു പല അപകടങ്ങളുടെയും ദുരന്തങ്ങളുടെയും കാര്യത്തിലെന്നതു പോലെ, പ്രകൃതിക്കും പരിസ്ഥിതിക്കും സംഭവിക്കുന്ന അപരിഹാര്യമായ ദോഷങ്ങളുടെ ദൂരവ്യാപക വ്യാപ്തിയും ആഘാതവും കണക്കാക്കാനും, അതുകൊണ്ടുള്ള യഥാർത്ഥ നഷ്ടം തിട്ടപ്പെടുത്താനും അത്ര എളുപ്പമല്ല. കോടതി ഇടപെടലിനെ തുടർന്ന്, ഇനി സ്വീകരിക്കേണ്ട ഔദ്യോഗിക നടപടികൾക്ക് വേഗം കൂട്ടേണ്ട ചുമതല സംസ്ഥാന സർക്കാരിനാണ്.
കൊച്ചി തീരത്ത് മുങ്ങിയ എൽസ-3 എന്ന കപ്പലിൽ കശുഅണ്ടി ഉൾപ്പെടെയുള്ള ചരക്കുകൾ കൊണ്ടുവന്ന അഞ്ചു വ്യാപാരികൾ നഷ്ടപരിഹാരം തേടി സമർപ്പിച്ച ഹർജിയിൽ, എം.എസ്.സി കമ്പനിയുടെ ഒരു കപ്പൽ തടഞ്ഞുവയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടതും ഇതേദിവസമാണ്. കപ്പൽ തടഞ്ഞുവച്ചാലുണ്ടാകാവുന്ന അപകടം മണത്ത കമ്പനി നിമിഷനേരംകൊണ്ടാണ് 5.97 കോടി രൂപ കോടതിയിൽ കെട്ടിവച്ച് തടിതപ്പിയത്. കൊച്ചിയിൽ പൂർണമായും മുങ്ങിത്താണ കപ്പലിൽ നിന്ന് ഇപ്പോഴും തുടരുന്ന എണ്ണച്ചോർച്ച 48 മണിക്കൂറിനകം അടയ്ക്കണമെന്ന് കപ്പൽ ഉടമകളായ എം.എസ്.സി കമ്പനിക്ക് ഇന്ത്യാ സർക്കാർ അന്ത്യശാസനം നല്കിയിട്ടുമുണ്ട്. ഇതെല്ലാം ചേർത്തുവച്ച് നോക്കിയാൽ എൽസ-3 എന്ന പഴഞ്ചൻ ചരക്കുകപ്പൽ എം.എസ്.സി കമ്പനിക്ക് വരുത്തിവയ്ക്കുന്ന നഷ്ടം ശതകോടികളുടേതാകും. ഈ നഷ്ടക്കുരുക്കുകളിൽ നിന്ന് രക്ഷപ്പെടാൻ എം.എസ്.സി എന്ന ഭീമൻ കമ്പനി വലിയ തോതിലുള്ള നിയമയുദ്ധത്തിന് പുറപ്പെടുമെന്നത് തീർച്ചയാണ്. അത് മുൻകൂട്ടിക്കണ്ട് പഴുതടച്ചുള്ള കോടതി നടപടികളിലേക്കു കടക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്.
വിഴിഞ്ഞത്ത് അന്താരാഷ്ട്ര തുറമുഖം സജീവമാവുകയും, കേരള തീരത്തേക്ക് നൂറുകണക്കിന് ചരക്കുകപ്പലുകൾ അടുക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, കപ്പൽ അപകടങ്ങളുടെ സാഹചര്യമുണ്ടാകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന കൃത്യമായ പ്രോട്ടോക്കോൾ തയ്യാറാക്കുന്നതിനും ഇനി താമസിച്ചുകൂടാ. കൊച്ചിയിലെ കപ്പൽ അപകടം വരുത്തിയ സമുദ്ര പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പഠിക്കുവാൻ സർക്കാർ മൂന്ന് വിദഗ്ദ്ധ സമിതികളെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതികളുടെ പഠനം വേഗത്തിലാക്കുകയും, അവർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എം.എസ്.സി കമ്പനിയിൽ നിന്ന് ആവശ്യപ്പെടേണ്ട നഷ്ടപരിഹാരം എത്രയെന്നു കണക്കാക്കി കോടതിയിൽ സമർപ്പിക്കുകയും വേണം. 'സർക്കാർ കാര്യം മുറപോലെ"എന്ന പതിവു പരിപാടി ഇത്തരം കാര്യങ്ങളിൽ ഒരുകാരണവശാലം സംഭവിക്കരുത്; പ്രത്യേകിച്ച് വിദേശരാജ്യങ്ങളിലെ കമ്പനികൾ പ്രതിസ്ഥാനത്തു വരുന്ന കേസുകളിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |