പ്രേമലു 2 പ്രതിസന്ധിയിലെന്ന് വിവരം. സംവിധായകൻ ഗിരീഷ് എ.ഡി മറ്റൊരു ചിത്രവുമായി വരുന്നു. പ്രേമലു 2ൽ നിന്ന് നസ്ലൻ പിന്മാറിയതായാണ് വിവരം. ആസിഫ് അലി ചിത്രം ടിക്കി ടാക്കയിൽ നിന്നും നസ്ലൻ പിന്മാറിയിട്ടുണ്ട്. ഉയർന്ന പ്രതിഫലമാണ് നസ്ലൻ ചോദിക്കുന്നതെന്നാണ് വിവരം. എന്നാൽ പ്രേമലു 2ന്റെ തിരക്കഥയിൽ നസ്ലൻ തൃപ്തനല്ലെന്നും മാത്യു തോമസിന് കൂടുതൽ പ്രാധാന്യമുണ്ടെന്ന കാരണത്താൽ പിന്മാറുകയായിരുന്നു എന്നാണ് മറ്റൊരു ഭാഷ്യം. പ്രേമലു 2 വൈകുമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ദിലീഷ് പോത്തൻ വ്യക്തമാക്കിയിട്ടുണ്ട്. നിവിൻ പോളിയുമായി ചേർന്ന് ഒരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗിരീഷ് എ.ഡി. ഈ സിനിമയിൽ പ്രേമലുവിലെ നായിക മമിതാ ബൈജു ഉണ്ടാകും. പ്രേമലുവിന്റെ രണ്ടാം ഭാഗം എന്ന രീതിയിൽ അല്ലാതെ മറ്റൊരു സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ ഭാവന സ്റ്റുഡിയോ.
മുകുന്ദനുണ്ണി അസോസിയേറ്റ്സിനു ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആണ് നസ്ലൻ ഇനി അഭിനയിക്കുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് നിർമ്മാണം. ചിത്രീകരണം വൈകാതെ ആരംഭിക്കും. ദുൽഖർ സൽമാൻ നിർമ്മിച്ച് അരുൺ ഡൊമിനിക് രചനയും സംവിധാനവും നിർവഹിച്ച ലക്ഷ്യ ആണ് റിലീസിന് ഒരുങ്ങുന്ന നസ്ളൻ ചിത്രം. കല്യാണി പ്രിയദർശൻ സൂപ്പർ ഹീറോ ആയി എത്തുന്ന ചിത്രം..... സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ സിനിമ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങി. അതേസമയം പോയ വർഷത്തെ ആദ്യ അൻപതു കോടി ക്ലബ് മലയാള ചിത്രമായിരുന്നു പ്രേമലു. റിലീസ് ചെയ്ത് പതിമൂന്നാം ദിവസത്തിലാണ് ചിത്രം 50 കോടി കളക്ട് ചെയ്തത്. പത്തുദിവസം കൊണ്ട് സിനിമയുടെ ആഗോള കളക്ഷൻ 42 കോടി പിന്നിട്ടിരുന്നു. മുഴുനീള റൊമാന്റിക് കോമഡി എന്റർടെയ്നറായ പ്രേമലു 12.5 കോടി ബഡ്ജറ്റിൽ ആണ് നിർമ്മിച്ചത്. ഹൈദരാബാദ് പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, മാത്യു തോമസ്, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽത്താഫ് സലീം, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗിരീഷ് എ.ഡിയും കിരൺ ജോസിയും ചേർന്നാണ് തിരക്കഥ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |