കേരള തീരത്തോട് ചേർന്ന് അറബിക്കടലിൽ ചരക്ക് കപ്പൽ സ്ഫോടനത്തിൽ അഗ്നിക്കിരയായ സംഭവം മത്സ്യമേഖലയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തി. മേയ് 25ന് കൊച്ചി പുറംകടലിൽ ചരക്ക് കപ്പൽ മറിഞ്ഞതിന്റെ ആഘാതം മാറും മുമ്പെയാണ് അടുത്ത ദുരന്തമുണ്ടായിരിക്കുന്നത്. മേയ് 25ന് കടലിൽ മറിഞ്ഞ കപ്പലിലെ കണ്ടെയ്നറുകൾ കേരള തീരത്തടിഞ്ഞ സംഭവം, മത്സ്യമേഖലയിൽ സൃഷ്ടിച്ച പ്രത്യാഘാതത്തിൽ നിന്ന് മോചനമാകും മുമ്പെ ഉണ്ടായ രണ്ടാം ദുരന്തം മത്സ്യം കഴിക്കുന്ന മലയാളികളുടെ ഉത്ക്കണ്ഠയും ഇരട്ടിപ്പിക്കുന്നതാണ്. ആദ്യ ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് കടൽ മത്സ്യ ഉപഭോഗത്തിൽ ഗണ്യമായ കുറവാണുണ്ടായത്. മത്സ്യവിഭവങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ മലയാളികളിൽ നല്ലൊരു വിഭാഗവും ഇപ്പോൾ കായൽ മത്സ്യത്തെ ആശ്രയിക്കുകയാണ്. കേരളതീരത്ത് 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധനം കൂടി തിങ്കളാഴ്ച അർദ്ധരാത്രി മുതൽ നിലവിൽ വന്നതോടെ മത്സ്യക്കൊയ്ത്ത് ലക്ഷ്യമിട്ട ലക്ഷക്കണക്കായ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രതീക്ഷകൾക്കും തിരിച്ചടിയേറ്രിരിക്കുകയാണ്.
അപകടകരമായ ഓയിലും രാസവസ്തുക്കളും 450 ടൺ ഇന്ധനവുമായി പുറങ്കടലിൽ മുങ്ങിയ കപ്പൽ ഉയർത്തിയ പാരിസ്ഥിതിക ഭീഷണി മത്സ്യബന്ധന മേഖലയിൽ കോടികളുടെ നഷ്ടമാണുണ്ടാക്കിയത്. എറണാകുളം, ആലപ്പുഴ, കൊല്ലം തീരങ്ങളിലെ മത്സ്യതൊഴിലാളികളും അനുബന്ധ മേഖലയിലുള്ളവരുമാണ് ഇതിന്റെ പ്രത്യാഘാതങ്ങൾ ഭയക്കുന്നത്. ഈ മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രമുഖ മത്സ്യ ബന്ധന തുറമുഖങ്ങളായ നീണ്ടകര, അഴീക്കൽ, ചെല്ലാനം എന്നിവ പ്രവർത്തിക്കുന്നത്. സംസ്ഥാനത്തെ പ്രമുഖ സീഫുഡ് കമ്പനികൾ പ്രവർത്തിക്കുന്നതും ഈ മൂന്ന് ജില്ലകൾ കേന്ദ്രീകരിച്ചാണ്. കൊച്ചി തീരത്ത് മുങ്ങിയഎം.എസ്.സി എൽസ -3 എന്ന കപ്പൽ ദുരന്തത്തെ ആദ്യം നിസാരമായി കരുതിയ സർക്കാർ സ്ഥിതിഗതികളുടെ ഗൗരവം മനസിലാക്കി സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പൽ മുങ്ങിയത് കാരണമുള്ള എണ്ണ ചോർച്ചയും തീരത്ത് കാർഗോ കണ്ടെയ്നറുകൾ വന്നടിയുന്നതും പാരിസ്ഥിതിക പ്രശ്നങ്ങളടക്കം ഗുരുതരമായതിനാലാണ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത്. മാസങ്ങളോളം നീണ്ടു നിൽക്കുന്ന പ്രത്യാഘാതങ്ങളാകും ഇതുണ്ടാക്കുക. 600 ഓളം കണ്ടെയ്നറുകളുണ്ടായിരുന്നതിൽ 13 എണ്ണത്തിൽ കാത്സ്യം കാർബൈഡാണെന്ന് കണ്ടെത്തി. നിരവധി കണ്ടെയ്നറുകളിലുണ്ടായിരുന്ന പ്ളാസ്റ്റിക് പെല്ലറ്റുകൾ തിരുവന്തപുരം, കൊല്ലം ജില്ലകളുടെ തീരപ്രദേശത്ത് അടിഞ്ഞിരുന്നു. മത്സ്യങ്ങൾ ഇത് ഭക്ഷണമെന്ന് കരുതി കഴിക്കാനും അതുവഴി മനുഷ്യന്റെ ഭക്ഷണ ശൃംഖലയിൽ എത്താനുമുള്ള സാദ്ധ്യത മുന്നിൽ കണ്ടാണ് ജനങ്ങൾ മത്സ്യ ഉപഭോഗത്തിൽ നിന്ന് താത്ക്കാലികമായി പിന്തിരിഞ്ഞത്. ഇപ്പോൾ രണ്ടാമത്തെ അപകടം കൂടിയായപ്പോൾ ഈ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്.
രണ്ടാം കപ്പലിൽ
കൊടും വിഷ പദാർത്ഥങ്ങൾ
ബേപ്പൂർ തീരത്തു നിന്ന് 88 നോട്ടിക്കൽ മൈൽ (162 കി.മീ.) അകലെ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സിംഗപ്പൂർ കപ്പലിലെ 140ഓളം കണ്ടെയ്നറുകളിൽ ഗുരുതര പരിസ്ഥിതി മലിനീകരണ ഭീഷണി ഉയർത്തുന്ന കീടനാശിനികളും രാസവസ്തുക്കളുമുണ്ടെന്നാണ് കണ്ടെത്തിയത്. കൊടിയ വിഷവസ്തുക്കളായ കീടനാശിനികളാണ് 20 കണ്ടെയ്നറുകളിൽ. ജീവനാശ ഭീഷണി ഉയർത്തുന്ന മറ്റു കീടനാശിനികളും രാസവസ്തുക്കളും 19 കണ്ടെയ്നറുകളിൽ തീപിടിക്കുന്ന ഖരവസ്തുക്കളുമുണ്ട്. വായുസമ്പർക്കം ഉണ്ടായാൽ തീപിടിക്കുന്ന രാസവസ്തുക്കളും ചില കണ്ടെയ്നറുകളിലുണ്ട്. ഇവ കടൽവെള്ളത്തിൽ കലർന്നാൽ വെള്ളത്തിനും മത്സ്യം അടക്കമുള്ള കടൽ ജീവികൾക്കും മാത്രമല്ല മനുഷ്യർക്കും ഭീഷണിയാകുമെന്നാണ് തഞ്ചാവൂർ ശാസ്ത്ര സർകലാശാലയിലെ കെമിസ്ട്രി അദ്ധ്യാപകൻ ഡോ.പി. സുരേഷ്‌കുമാർ പറയുന്നത്. രാസവസ്തുക്കൾ സൃഷ്ടിക്കുന്ന പരിസ്ഥിതി ഭീഷണി ഏറെക്കാലം നിലനിൽക്കും. കപ്പലിൽ ടൺകണക്കിന് ഇന്ധനവുമുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത് കടൽവെള്ളത്തിൽ കലർന്നാലും ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. രണ്ട് കപ്പലപകടങ്ങൾ സമുദ്ര ജൈവഘടനയിലുണ്ടാക്കിയ ആഘാതത്തിന്റെ വ്യാപ്തി അതിഭയങ്കരമായിരിക്കുമെന്ന് മത്സ്യതൊഴിലാളി നേതാവ് ചാൾസ് ജോർജ് പറഞ്ഞു. കടലിനും അതിന്റെ ആവാസ വ്യവസ്ഥകൾക്കും ഇതുണ്ടാക്കിയ ആഘാതത്തിന്റെ ആദ്യ ഇരകൾ മത്സ്യജാലവും രണ്ടാമത്തെ ഇര മത്സ്യതൊഴിലാളികളുമാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രോളിംഗ്
നിരോധനം
കടലിന്റെ അടിത്തട്ടിൽ വരെ അത്യാധുനിക വലകൾ ഉപയോഗിച്ച് യന്ത്രവത്കൃത ബോട്ടുകൾ (ട്രോളറുകൾ) മത്സ്യങ്ങൾ കോരിയെടുത്തുകൊണ്ടു വരുന്നതിന് ഒരു നിശ്ചിത കാലത്തേക്ക് നിരോധനം ഏർപ്പെടുത്തുന്നതിലൂടെ പ്രജനന സമയത്ത് മുട്ട വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ട്രോളിംഗിനു പിന്നിലെ ശാസ്ത്രീയത. എന്നാൽ ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനം നടത്താം. തുടരെയുണ്ടായ രണ്ട് കപ്പൽ ദുരന്തങ്ങൾ മൂലം കടലിൽ ചോർന്ന എണ്ണയും മാരകമായ രാസവസ്തുക്കളും മത്സ്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ ഇതിനകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ട്രോളിംഗ് നിരോധനത്തിലൂടെ മത്സ്യസമ്പത്തിനെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിനും ഇത് തിരിച്ചടിയാകും. 52 ദിവസം നീളുന്ന ട്രോളിംഗ് നിരോധന കാലയളവിൽ ചാകരക്കോള് പ്രതീക്ഷിച്ച പരമ്പരാഗത മത്സ്യമേഖലയുടെ നടുവൊടിക്കും. കടൽ ഇളക്കിമറിക്കുന്ന ട്രോളറുകൾ ഉപയോഗിക്കാതെ പരമ്പരാഗത രീതിയിൽ നടത്തുന്ന മത്സ്യബന്ധനം മത്സ്യകുഞ്ഞുങ്ങളെ ബാധിക്കില്ലെന്നാണ് വയ്പ്. പക്ഷെ പരമ്പരാഗത രീതിയുടെ പേരിൽ നടക്കുന്നതും വൻതോതിൽ മത്സ്യം പിടിച്ചെടുക്കുക തന്നെയാണ്. കൂറ്റൻ വള്ളങ്ങൾ രണ്ടും മൂന്നും ഔട്ട്ബോർഡ് എൻജിനുകൾ ഘടിപ്പിച്ചാണ് മത്സ്യബന്ധനം നടത്തുന്നത്. കപ്പലിനോളം വലിപ്പമുള്ള 'കപ്പൽ വള്ള"ങ്ങളിൽ 100 തൊഴിലാളികൾ വരെയുണ്ടാകും. സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖങ്ങളിലൊന്നായ കൊല്ലം നീണ്ടകരയിൽ 1340 ട്രോളറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ ഇവയിൽ 700- 800 ബോട്ടുകളാണ് പതിവായി മത്സ്യബന്ധനത്തിന് പോകുന്നത്. നിലവിൽ തന്നെ കടലിൽ മത്സ്യം കുറവായതിനാലാണ് ഇത്രയും ബോട്ടുകൾ മാത്രം പോകുന്നത്. നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടുകൾ നീണ്ടകര പാലത്തിന് കിഴക്ക് അഷ്ടമുടിക്കായലിലേക്ക് മാറ്റി നിരോധനം ലംഘിക്കില്ലെന്നുറപ്പാക്കാൻ പൊലീസ് പാലത്തിനടിയിൽ വടംകെട്ടി കാവലും ഏർപ്പെടുത്തും. സംസ്ഥാനത്താകെ 4000 ഓളം ട്രോളറുകൾ ഉണ്ടെന്നാണ് കണക്ക്. ലക്ഷക്കണക്കിന് തൊഴിലാളികളാണ് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നത്. ട്രോളിംഗ് നിരോധന കാലയളവിൽ പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് കപ്പൽ മുങ്ങിയ ഭാഗത്തിന് നിശ്ചിത ദൂരത്തിൽ നിന്ന് മാത്രമേ മത്സ്യബന്ധനം നടത്താവൂ എന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാലും ഇവർ പിടിച്ചു കൊണ്ടു വരുന്ന മത്സ്യം വാങ്ങാനാളില്ലെങ്കിൽ എന്താകും സ്ഥിതിയെന്നതാകും ഉയരുന്ന ആശങ്ക.
കായൽ മത്സ്യത്തിന്
പ്രിയമേറി, വിലയും..
കപ്പൽ ദുരന്തത്തെത്തുടർന്ന് കടൽ മത്സ്യങ്ങളോട് താത്പര്യം കുറഞ്ഞപ്പോൾ കായൽ മത്സ്യങ്ങൾക്ക് ആവശ്യക്കാരേറിയത് മത്സ്യത്തിന്റെ വിലയും കൂട്ടി. കൊച്ചി കപ്പൽ ദുരന്തത്തെ തുടർന്ന് സർക്കാർ സ്ഥാപനമായ മത്സ്യഫെഡിന്റെ ഔട്ട്ലറ്റുകളിലും മത്സ്യം വാങ്ങാൻ ആളെത്താത്തതിനെ തുടർന്ന് ഏതാനും ദിവസം ഔട്ടലറ്റുകൾ അടഞ്ഞു കിടക്കുകയായിരുന്നു. തിങ്കളാഴ്ചയോടെ കായൽ മത്സ്യത്തിനൊപ്പം കടൽ മത്സ്യവും കുറേശ്ശെ വിറ്റു പോയെങ്കിലും രണ്ടാം കപ്പൽ ദുരന്ത വാർത്തയറിഞ്ഞതോടെ കടൽ മത്സ്യത്തിന് വീണ്ടും ഡിമാന്റ് കുറഞ്ഞതായി മത്സ്യഫെഡ് ജീവനക്കാർ പറഞ്ഞു. അതിനാൽ മത്സ്യഫെഡിൽ ഇപ്പോൾ കായൽ മത്സ്യത്തിന് ആവശ്യക്കാരേറി. പൊതുവിപണിയിൽ കായൽ മത്സ്യങ്ങളായ കരിമീൻ, കണമ്പ്, പ്രാച്ചി, കൊഞ്ച് തുടങ്ങിയവക്ക് ഇപ്പോൾ തീവിലയാണ്. മത്സ്യഫെഡിൽ കരിമീൻ കിലോഗ്രാമിന് 540 രൂപ വരെയാണ് വില. കാളാഞ്ചി- 630, കണമ്പ്- 420, കൊഞ്ച്- 520, പ്രാച്ചി- 420 എന്നിങ്ങനെയാണ് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |