നമ്മുടെ ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നത് ജനങ്ങളാണ് പരമാധികാരികൾ എന്നാണ്. ഭരണഘടനയുടെ ഐഡന്റിറ്റി കാർഡ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ ആമുഖത്തിൽ ജനങ്ങൾക്കിടയിൽ നിലനിറുത്തേണ്ട സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവയെപ്പറ്റി പറയുന്നുണ്ട്. രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക രംഗങ്ങളിൽ നീതി ഉണ്ടാകണമെന്നും വിശ്വസിക്കാനും ചിന്തിക്കാനും അഭിപ്രായം പറയാനുമൊക്കെ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും എല്ലാവർക്കും അവസര സമത്വം ഉണ്ടാകണമെന്നും വ്യക്തിയുടെ അന്തസ്സ് സംരക്ഷിക്കപ്പെടണമെന്നും പറയുന്നുണ്ട്. ഏതെങ്കിലും ജാതി - മത വിഭാഗത്തെപ്പറ്റിയൊന്നുമല്ല പറയുന്നത്, മറിച്ച് രാജ്യത്തെ മുഴുവൻ മനുഷ്യരെയും കുറിച്ചാണ്. ഈ ഭരണഘടനാ മൂല്യങ്ങളും ഭരണനിർവഹണവും ഒത്തുപോകുമ്പോൾ മാത്രമേ ജനാധിപത്യം അർത്ഥവത്താകൂ എന്ന് അംബേദ്‌കർ പറഞ്ഞിരുന്നു.
എന്നാൽ, ഇതെല്ലാം പുസ്തകങ്ങളിൽ ചത്തിരിക്കുന്ന അക്ഷരക്കൂട്ടുകൾ മാത്രമാണിപ്പോഴും എന്നതാണ് ദളിതർ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നേരിടുന്ന വിവേചനങ്ങളും പീഡനങ്ങളും തെളിയിക്കുന്നത്. വടക്കേ ഇന്ത്യയിൽ പലയിടങ്ങളിലും ദളിതരെ ജീവനോടെ ചുട്ടു കൊല്ലുന്ന രാക്ഷസീയത പോലും നാം പലപ്പോഴും കാണുന്നുണ്ട്. ഇതിൽ നിന്നെല്ലാം മാറി സാമൂഹ്യമായ പുരോഗതിയും സാംസ്കാരികമായ ഉണർവും കൈവരിച്ച നാടാണ് കേരളം എന്ന് നാം പേർത്തും പേർത്തും അഭിമാനിക്കാറുള്ളതാണ്. ശ്രീ നാരായണ ഗുരുദേവൻ അടക്കമുള്ള സാമൂഹ്യ നവോത്ഥാന നായകർ ഉഴുതുമറിച്ച ഈ മണ്ണ് സമത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും കേളീ കേദാരമാണെന്നും നാം ഊറ്റം കൊള്ളാറുണ്ട്. എന്നാൽ വർത്തമാനകാലത്ത് നാം കേൾക്കുകയും കാണുകയും ചെയ്യുന്ന പല സംഭവവികാസങ്ങളും നമ്മെക്കൊണ്ടു മറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ജാതി ചിന്തകളും അതിൽ നിന്നുടലെടുക്കുന്ന വിവേചനങ്ങളും ഇപ്പോഴും അരങ്ങു വാഴുന്നു എന്നതാണ് വിചിത്രം.
ജാതിയുടെ, നിറത്തിന്റെ സാമൂഹ്യ പിന്നാക്കാവസ്ഥ എന്നിവയുടെയൊക്കെ പേരിൽ പ്രഗത്ഭ വ്യക്തികൾ പോലും അധിക്ഷേപിക്കപ്പെടുന്നു. ചീഫ് സെക്രട്ടറിയുടെ പദവിയിലിരുന്ന ഒരാൾക്കുപോലും കറുപ്പിന്റെ പേരിൽ അധിക്ഷേപ വാക്കുകൾ കേൾക്കേണ്ടി വന്നത് സമീപകാല ചരിത്രമാണ്. അടുത്ത ദിവസമാണ് സെക്രട്ടേറിയറ്റിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരാൾ സ്ഥലം മാറി പോയപ്പോൾ ആ വ്യക്തി ഉപയോഗിച്ചിരുന്ന മേശയും കസേരയും കഴുകി ശുദ്ധികലശം നടത്തി എന്ന ആരോപണമുണ്ടായത്. സമാന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വന്തം പ്രതിഭയും ഭാവനയും കൊണ്ട് റാപ് സംഗീതമെന്ന പ്രതിരോധ സംഗീതത്തിന്റെ അടയാളവാക്കുമായി മാറിയ ഹിരൺ ദാസ് മുരളി എന്ന വേടനു നേരിടേണ്ടി വന്ന പീഡനങ്ങൾ ഇതുമായി കൂട്ടിവായിക്കേണ്ടതാണ്. ഇപ്പോൾ വേടന്റെ പാട്ട് മൈക്കിൾ ജാക്സന്റെ പാട്ടിനൊപ്പം സർവകലാശാലയിൽ പാഠ്യവിഷയമാക്കുന്നതിനെതിരെ ഉയരുന്ന അപസ്വരങ്ങളും ഈയൊരു മനോഭാവത്തിന്റെ ബഹിർസ്ഫുരണങ്ങളാണ്. അർഹതപ്പെട്ട ആനുകൂല്യങ്ങൾ പോലും ദളിത് പശ്ചാത്തലത്തിന്റെ പേരിൽ മാത്രം നിഷേധിക്കപ്പെട്ടതിന്റെ നിരവധി ഉദാഹരണങ്ങൾ ഞങ്ങളുടെ ലേഖിക ബിനിയാ ബാബു എഴുതി കഴിഞ്ഞ ദിവസങ്ങളിൽ പ്രസിദ്ധീകരിച്ച 'നീതി നിഷേധിച്ച നിലവിളികൾ " എന്ന പരമ്പര പുറത്തു കൊണ്ടുവരികയുണ്ടായി. പ്രത്യക്ഷത്തിൽ പഴയതുപോലെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും പ്രകടിപ്പിക്കുന്നില്ലെങ്കിലും ജാതി ചിന്തയും അതുമായി ബന്ധപ്പെട്ട വിവേചനങ്ങളും നീതി നിഷേധങ്ങളും ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്നതാണു സത്യം. സർക്കാർ ആ വിഷയങ്ങൾ
ഗൗരവമായി എടുക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |