കൊച്ചി: സംസ്ഥാന സെക്രട്ടറി പോരെന്നും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും പറഞ്ഞ പാർട്ടി നേതാക്കൾക്കൊപ്പം വേദിപങ്കിട്ട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇന്നലെ എളമക്കര എസ്.എൻ.ഡി.പി യോഗം ഹാളിൽ ആരംഭിച്ച സി.പി.ഐ എറണാകുളം മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കമലാ സദാനന്ദനും ജില്ലാ സെക്രട്ടറിയും സംസ്ഥാനകമ്മിറ്റി അംഗവുമായ കെ.എം. ദിനകരനുമൊപ്പം ബിനോയ് ഒന്നിച്ചത്. ഇവരുടെ സംഭാഷണം ഫോണിലൂടെ ചോർന്ന് വിവാദമായതിനുശേഷം സെക്രട്ടറിയുമായി മുഖാമുഖം വന്നത് ഈ വേദിയിലാണ്.
ഏറെനേരം സമ്മേളനത്തിൽ തുടർന്ന ബിനോയ് വിശ്വത്തോട് ഇരുനേതാക്കളും ദീർഘനേരം സംസാരിച്ചു. ഇരുവർക്കും ഹസ്തദാനം നൽകിയാണ് മടങ്ങിയത്.
അവരങ്ങനെ പറയില്ല;
ആവർത്തിച്ച് ബിനോയ്
തനിക്ക് അറിയാവുന്ന കെ.എം. ദിനകരനും കമലാ സദാനന്ദനും ഇത്തരത്തിലൊന്നും സംസാരിക്കുന്നവരല്ലെന്ന് ബിനോയ് വിശ്വം ഇന്നലെയും മാദ്ധ്യമങ്ങളോട് ആവർത്തിച്ചു. ഇരുനേതാക്കളുമായും നല്ല ബന്ധമാണുള്ളത്.
കമ്മ്യൂണിസ്റ്റ് മൂല്യബോധവും കമ്മ്യൂണിസ്റ്റ് സ്‌നേഹപ്രകടനങ്ങളും കമ്മ്യൂണിസ്റ്റ് ബന്ധങ്ങളുമുള്ളവരാണ് ദീർഘനാളായി പാർട്ടി പ്രവർത്തനം നടത്തുന്ന ഇരുനേതാക്കളും. ഇരുവരും മാപ്പുപറഞ്ഞോ എന്ന ചോദ്യത്തിന്, എന്തിനെന്നായിരുന്നു സെക്രട്ടറിയുടെ മറുചോദ്യം.
മാപ്പ് പറഞ്ഞില്ല; കമല
സംസ്ഥാന സെക്രട്ടറിക്കെതിരായ പരാമർശങ്ങളിൽ ഖേദപ്രകടനം നടത്തിയിട്ടില്ലെന്ന് കമലാ സദാനന്ദൻ. ഞാനെങ്ങും ആരോടും ഖേദം പറഞ്ഞില്ല. എന്തിനു പറയണം... എന്നായിരുന്നു ദേഷ്യത്തോടെയുള്ള പ്രതികരണം. പരസ്യപ്രതികരണത്തിനില്ലെന്ന നിലപാട് കെ.എൻ. ദിനകരൻ ആവർത്തിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് വിവാദ സംഭാഷണം പുറത്തുവന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |