ബോക്സ്ഓഫീസിൽ വൻ വിജയം നേടിയ 'തുടരും' എന്ന മോഹൻലാൽ ചിത്രത്തിനെതിരെ സംവിധായകൻ സനൽകുമാർ ശശിധരൻ. 2020ൽ താൻ എഴുതിയ തീയാട്ടം എന്ന തിരക്കഥയുടെ ഉടുപ്പ് മോഷ്ടിച്ച് എടുത്ത സിനിമയാണ് തുടരുമെന്നാണ് സനൽകുമാറിന്റെ ആരോപണം. തീയാട്ടം എന്ന തന്റെ തിരക്കഥ ഉടൻ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്‌ബുക്ക് പേജിലൂടെയായിരുന്നു ആരോപണം.
പോസ്റ്റിന്റെ പൂർണരൂപം
തുടരും എന്ന സിനിമ കണ്ടു. 2020 ൽ ഞാൻ എഴുതിയ തീയാട്ടം എന്ന സിനിമയുടെ ഉടുപ്പ് മോഷ്ടിച്ച് സിനിമയാക്കിയിരിക്കുന്നതാണ് തുടരും. അതിന്റെ ഉള്ള് എന്താണെന്ന് മനസിലാക്കാനുള്ള വിവരമില്ലാത്തതുകൊണ്ടോ തിരിച്ചറിയാത്ത രീതിയിൽ മാറ്റിയെഴുതാൻ മനഃപൂർവം ഒഴിവാക്കിയതോ കൊണ്ട് ഉള്ള് ഇപ്പോഴും ഭദ്രമാണ്. അമ്പി എന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ഓട്ടോറിക്ഷയിൽ ഒരാളെ കൊന്ന് അയാളുടെ തല അറുത്ത് വെച്ച ശേഷം അമ്പിയെ പോലീസ് കുടുക്കുന്നതാണ് കഥ. “കൊന്നാൽ പാപം തിന്നാൽ തീരും” എന്ന എന്റെ തിരക്കഥയിലെ ഒരു അവശ്യ ഡയലോഗ് ഒരാവശ്യവും ഇല്ലാഞ്ഞിട്ടും ഇതിൽ പറയുന്നുണ്ട്. തെളിവുകൾ ഒന്നും ബാക്കിവെക്കാതെ മോഷ്ടിക്കാൻ വിദഗ്ധരായ കള്ളന്മാർ പോലും ചില കൗതുകങ്ങൾ കൊണ്ട് സ്വയം മറന്നുപോകും.
അതുപോലൊന്നാണ് ആ ഡയലോഗിന്റെ ഉപയോഗം എന്ന് തോന്നി. മഞ്ജു വാര്യർ, ടോവിനോ തോമസ്, മുരളി ഗോപി, സുധീർ കരമന തുടങ്ങിയവർ അഭിനയിക്കുന്ന സിനിമയായി സെഞ്ച്വറി പ്രൊഡക്ഷൻ അതിന്റെ നിർമാണം നടത്തുന്നതിനും ധാരണയായിരുന്നു. തിരക്കഥ ഇവരൊക്കെ വായിച്ചിട്ടുള്ളതുമാണ്. അഞ്ചു വർഷങ്ങൾ വലിയൊരു കാലയളവായതുകൊണ്ട് അവരത് മറന്നുപോയെക്കാൻ സാധ്യതയുണ്ട്. എന്റെ തിരക്കഥ ഉടൻ ഇവിടെ പ്രസിദ്ധീകരിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |