തൃശൂർ: വൈദ്യുതിക്ഷാമത്തിന് പുതുവഴി തേടി സോളാറിലേക്ക് കടക്കുന്നവരെ വട്ടംചുറ്റിച്ച് കെ.എസ്.ഇ.ബി. സോളാർ വച്ച വീടുകളിൽ മാസങ്ങളായി കെ.എസ്.ഇ.ബി മീറ്റർ വയ്ക്കാത്തതിനാൽ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യം. കെ.എസ്.ഇ.ബിയുമായി ബന്ധപ്പെടുമ്പോൾ മീറ്റർ സ്‌റ്റോക്കില്ലെന്നാണ് മറുപടി.
അത്യാവശ്യമുള്ളവർ സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മീറ്റർ വാങ്ങി വയ്ക്കാനാണ് കെ.എസ്.ഇ.ബി നിർദ്ദേശം. 2000 രൂപ വരുമെന്ന് നിർദ്ദേശിച്ചാണ് പറഞ്ഞുവിടുന്നത്. മീറ്റർ ക്ഷാമമായതോടെ 4000 രൂപയാണ് സ്വകാര്യ സ്ഥാപനങ്ങൾ ഈടാക്കുന്നത്. എറണാകുളത്താണ് പ്രധാനമായും മീറ്ററുകൾ കിട്ടുന്നത്. അതിനാൽ പലരും കെ.എസ്.ഇ.ബി മീറ്റർ വരുന്നതുവരെ കാത്തിരിക്കുകയാണ്. നാല് മാസത്തിലധികമായി മീറ്റർ ഘടിപ്പിക്കാതെ സോളാർ സ്ഥാപിച്ച വീടുകൾ വിവിധ ഭാഗങ്ങളിലുണ്ട്.
സോളാറിൽ നിന്നുള്ള വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡിലേക്കാണ് നൽകുന്നത്. ബാറ്ററി വാങ്ങി വീടുകളിൽ വൈദ്യുതി സംഭരിച്ച് ഉപയോഗിക്കാൻ വൻ തുക വേണ്ടിവരുമെന്നതിനാൽ ബഹൂഭൂരിപക്ഷം പേരും കെ.എസ്.ഇ.ബിക്ക് വൈദ്യുതി നൽകുകയാണ് ചെയ്യുന്നത്. ഇതിനായി കെ.എസ്.ഇ.ബി മീറ്റർ വയ്ക്കണം. വാടക ഉടമയിൽ നിന്ന് ഈടാക്കുകയും ചെയ്യും.
സർക്കാർ പ്രോത്സാഹിപ്പിക്കും,
കെ.എസ്.ഇ.ബി കൈമലർത്തും
സംസ്ഥാനം വൈദ്യുതി പുറത്തുനിന്ന് വാങ്ങുമ്പോൾ അതിനൊരു പരിഹാരമെന്ന നിലയിലാണ് സോളാർ പാനലുകൾ സ്ഥാപിക്കാൻ സർക്കാർ പ്രോത്സാഹനം നൽകുന്നത്. ഇതിനായി സബ്‌സിഡികളും കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നൽകുന്നുണ്ട്. പക്ഷേ കെ.എസ്.ഇ.ബി ഇതിനെ നിരുത്സാഹപ്പെടുത്തുകയാണെന്നാണ് ആക്ഷേപം.
``മൂന്ന് മാസത്തിലധികമായി മീറ്ററുകൾ സ്റ്റോക്കില്ല. കെ.എസ്.ഇ.ബി പർച്ചേസ് വിഭാഗത്തെ അറിയിച്ചിട്ടുണ്ട്. സ്വന്തമായി മീറ്റർ വാങ്ങി വയ്ക്കുന്നവർക്ക് കെ.എസ്.ഇ.ബി കണക്ഷൻ കൊടുക്കുന്നുണ്ട്. അവരിൽ നിന്ന് മീറ്ററിന്റെ വാടക വാങ്ങാറില്ല. ത്രീഫേസ് മീറ്ററുകൾ സ്റ്റോക്കുണ്ട്. പക്ഷേ സിംഗിൾ ഫേസ് മീറ്ററാണ് ഭൂരിപക്ഷം പേർക്കും വേണ്ടത്.``
-സാദിഖ്,
എക്‌സിക്യൂട്ടീവ് എൻജിനിയർ,
കെ.എസ്.ഇ.ബി, തൃശൂർ
മീറ്ററുകൾ ഇല്ലാതെ നിരവധി വീടുകളിലാണ് സോളാർ വൈദ്യുതി ലഭ്യമാക്കാൻ കഴിയാതിരിക്കുന്നത്. സോളാർ പാനലുകൾ സ്ഥാപിക്കുന്ന ജോലിയും പ്രതിസന്ധിയിലാണ്.-സോളാർ കമ്പനി പ്രതിനിധികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |