തിരുവനന്തപുരം: കടലിൽ ബാലൻസ് ഉറപ്പാക്കുന്ന ബല്ലാസ്റ്റ് മാനേജ്മെന്റ് സംവിധാനം തകരാറിലായതാണ് 28വർഷം പഴക്കമുള്ള എം.എസ്.സി എൽസ-3 കപ്പൽ മുങ്ങാൻ കാരണമായത്. വിഴിഞ്ഞം തുറമുഖത്ത് കണ്ടെയ്നറുകൾ കയറ്റിയതിലോ അവയെ കപ്പലുമായി ബന്ധിപ്പിച്ചതിലോ ഒരു പിശകുമുണ്ടായിട്ടില്ലെന്നും ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
കാലപ്പഴക്കത്താലുള്ള സാങ്കേതിക തകരാറുകൾ പരിഹരിക്കാൻ എൻജിനിയർമാർക്ക് കഴിഞ്ഞില്ല. അതിനുള്ള വൈദഗ്ദ്ധ്യം അവർക്കുണ്ടായിരുന്നില്ല. കേന്ദ്ര അന്വേഷണസംഘം വിഴിഞ്ഞത്തെത്തി സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും ശേഖരിച്ചിരുന്നു. പ്രധാന ഉദ്യോഗസ്ഥരുടെയെല്ലാം മൊഴിയെടുത്തു. തുടർന്നാണ് തുറമുഖത്തിന് ക്ലീൻചിറ്റ് നൽകിയത്.
മെഡിറ്ററേനിയൻ കടലിലെ 15മീറ്റർവരെ ഉയരമുള്ള തിരകൾ പോലും മറികടക്കാനാവുന്നതാണ് എൽസ-3 കപ്പൽ. കൊച്ചിയിൽ 26ഡിഗ്രി ചരിഞ്ഞപ്പോഴേക്കും മുങ്ങാൻ തുടങ്ങി. 12മണിക്കൂർ കൊണ്ട് പൂർണമായി മുങ്ങി. കപ്പലിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ച മർക്കന്റൈൻ മറൈൻ വകുപ്പിന്റെ റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. കാലപ്പഴക്കവും ഫിറ്റ്‌നെസും സാങ്കേതിക പ്രശ്നങ്ങളുമെല്ലാം കണക്കിലെടുത്താണ് ദുരന്തത്തിലെ നഷ്ടപരിഹാരം നിശ്ചയിക്കുക. കപ്പൽച്ചാലിൽ 51മീറ്റർ താഴ്ചയിലാണ് എൽസ-3 മുങ്ങിയത്. ആലപ്പുഴ തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് 14.6നോട്ടിക്കൽമൈൽ അകലെയാണ് കപ്പലുള്ളത്.
ബല്ലാസ്റ്റ്?
കപ്പലിന്റെ സന്തുലനം ഉറപ്പാക്കാൻ അടിത്തട്ടിൽ വെള്ളം സംഭരിക്കുന്ന ടാങ്കുകളാണ് ബല്ലാസ്റ്റ്. വലതു വശത്തെ ടാങ്കുകളിലൊന്നിലേക്ക് കൂടുതൽ വെള്ളം നിറയുകയും കപ്പൽ ഒരു വശത്തേക്ക് ചരിയുകയുമായിരുന്നു. ഈ ഘട്ടത്തിൽ, ടാങ്കിൽ വെള്ളം നിറച്ച് അപകടമൊഴിവാക്കാൻ കപ്പലിലെ എൻജിനിയർമാർക്ക് കഴിഞ്ഞില്ല.
ക്യാപ്‌റ്റൻ പുതുമുഖം
കപ്പലിലെ ചീഫ് ക്യാപ്‌റ്റൻ ഒരാഴ്ചമുൻപാണ് ജോലിക്കു കയറിയത്. ഹ്രസ്വദൂര ഫീഡർ സർവീസ് നടത്തുന്ന കപ്പലായതിനാൽ എൻജിനിയർമാരും പരിചയസമ്പത്ത് കുറവുള്ളവരായിരുന്നു. സാങ്കേതിക തകരാറിനൊപ്പം പ്രതികൂല കാലാവസ്ഥ കൂടിയായതാണ് അപകടത്തിനിടയാക്കിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. വോയേജ് ഡാറ്റ റിക്കോർഡർ (വി.ഡി.ആർ) പരിശോധനയിലേ കൃത്യമായ വിവരം ലഭിക്കൂ.
42% അപകടങ്ങളും പഴഞ്ചൻ കപ്പലുകൾക്ക്
1. ശരാശരി 25വർഷമാണ് കപ്പലുകളുടെ കാലാവധി. ജപ്പാനിലും മറ്റും 15 വർഷമേയുള്ളൂ. പരമാവധി 30വർഷം അനുവദിക്കാറുണ്ട്. യൂറോപ്പിലടക്കം കാലപ്പഴക്കം ചെന്ന കപ്പലുകൾ അനുവദിക്കാറില്ല.
2. കഴിഞ്ഞവർഷമുണ്ടായ 42ശതമാനം അപകടങ്ങളും പഴഞ്ചൻ കപ്പലുകൾക്കാണ്. 2018ൽ ഇത് 10ശതമാനമായിരുന്നു
3. അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനും യൂറോപ്യൻ യൂണിയനും പഴഞ്ചൻ കപ്പലുകൾക്ക് നിയന്ത്രണം കടുപ്പിച്ചു
4. കാർഗോ കടത്ത് വർദ്ധിച്ചതോടെ പഴഞ്ചൻ കപ്പലുകളും പൊളിക്കുന്നത് വൈകിപ്പിച്ച് ഫീഡർ സർവീസുകൾക്ക് ഉപയോഗിക്കുന്നു.
കടലിന് ദോഷം
50കണ്ടെയ്നറുകളിൽ അതീവ അപകടകാരിയായ ഹൈഡ്രസീൻ, ഡൈസയൻഡയമൈഡ് എന്നീ രാസവസ്തുക്കളുണ്ട്. വെള്ളത്തിൽ കലർന്നാൽ കടൽആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കും. അതീവ പരിസ്ഥിതിനാശത്തിന് വഴിവയ്ക്കുന്നതുമാണിവ. 388കണ്ടെയ്നറുകളിൽ പ്രകൃതിക്ക് ദോഷമാകുന്ന രാസവസ്തുക്കളുണ്ട്.
തീപിടിച്ച കപ്പലിനെ
പുറംകടലിലേക്ക് നീക്കി
പ്രത്യേക ലേഖകൻ
കൊച്ചി: തീപിടിച്ച വാൻഹായ് 503 ചരക്കുകപ്പലിനെ തീരത്തുനിന്ന് 45 നോട്ടിക്കൽമൈൽ ദൂരത്തേയ്ക്ക് ടഗ്ഗ് ഉപയോഗിച്ച് വലിച്ചുനീക്കി.
കേരളതീരത്തുനിന്ന് 42 നോട്ടിക്കൽ മൈലിനപ്പുറത്തേക്ക് നീക്കിയാൽ തീരപ്രദേശം സുരക്ഷിതമാകുമെന്നാണ് ഷിപ്പിംഗ് ഡയറക്ടർ ജനറലിന്റെ വിലയിരുത്തൽ.
കൂടുതൽ അകലേക്ക്നീക്കാനുള്ള ദൗത്യം തുടരുകയാണ്. കപ്പലിലെ തീജ്വാലകൾ കുറഞ്ഞെങ്കിലും കനത്തപുക ഉയരുന്നുണ്ട്. ഇന്ധനടാങ്കിന് സമീപത്തെ ചൂട് കുറയ്ക്കാൻ വെള്ളം പമ്പുചെയ്യുന്നത് തുടരുകയാണ്.
കപ്പൽ ഇടതുവശത്തേയ്ക്ക് ചരിഞ്ഞ നിലയിൽ മാറ്റംവന്നിട്ടില്ല.
കണ്ണൂർ തീരത്തുനിന്ന് ഒഴുകിനീങ്ങിയ കപ്പൽ വ്യാഴാഴ്ച വൈകിട്ട് 27 നോട്ടിക്കൽമൈൽ ദൂരത്തായിരുന്നു. അന്നുരാത്രി കപ്പലിനെ കെട്ടിവലിക്കുന്ന ദൗത്യം നാവികസേനയുടെ നേതൃത്വത്തിൽ ആരംഭിച്ചിരുന്നു. ഇന്നലെ രാവിലെ 35 നോട്ടിൽമൈൽ ദൂരത്തേയ്ക്ക് നീക്കാൻ കഴിഞ്ഞു. വൈകിട്ടോടെ 45 നോട്ടിക്കൽമൈൽ ദൂരത്തേയ്ക്ക് നീക്കി.
കനത്തമഴയും കടൽക്ഷോഭവും മോശം കാലാവസ്ഥയും മൂലം ടഗ്ഗ് ഉപയോഗിച്ച് മണിക്കൂറിൽ ഒന്നര കിലോമീറ്റർ വേഗതയിൽ മാത്രമാണ് നീക്കാൻ കഴിഞ്ഞത്. കെട്ടിവലിക്കുന്ന ട്രൈട്ടൺ ലിബർട്ടി ടഗ്ഗിനെ കോസ്റ്റ് ഗാർഡിന്റെ സക്ഷം, സമർത്ഥ്, വിക്രം, നാവികസേനയുടെ ശാരദ എന്നീ കപ്പലുകൾ അനുഗമിക്കുന്നുണ്ട്. ഓഫ് ഷോർ വാരിയർ, വാട്ടൽ ലില്ലി, ഗാർനെറ്റ് എന്നീ ടഗ്ഗുകളും കപ്പലിനെ കെട്ടിവലിക്കാൻ സഹായിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |