ആലപ്പുഴ: കാർ വാടകയ്ക്കെടുത്ത യുവാവിനെയും മാതാവിനെയും കാറുടമയും സഹായികളും ചേർന്ന് മർദ്ദിച്ചവശരാക്കിയതായി പരാതി. കായംകുളം കൃഷ്ണപുരം ശരത് ഭവനിൽ പ്രവാസിയായ അജിത് കുമാറിന്റെ ഭാര്യ ഷീജ, മകനും സിവിൽ ഏവിയേഷൻ വിദ്യാർത്ഥിയുമായ ശരത് എന്നിവർക്കാണ് മർദ്ദനമേറ്റത്. അന്വേഷണത്തിൽ കായംകുളം പൊലീസ് വീഴ്ച വരുത്തിയതായി ഷീജ പത്രസമ്മേളനത്തിൽ ആരോപിച്ചു.
കായംകുളം കല്ലുംമൂട്ടിലെ കാർ വ്യാപാര സ്ഥാപനത്തിന് സമീപം ജൂൺ 7ന് രാത്രിയായിരുന്നു സംഭവം. മേയ് 14നാണ് സ്ഥാപനത്തിലെ ഒരു ജീവനക്കാരൻ മുഖേന ശരത് അഞ്ചുദിവസത്തേക്ക് കാർ വാടകയ്ക്കെടുത്തത്. അടുത്ത ദിവസം കാർ റോഡരികിൽ ഇടിച്ച് കേടുപാടുണ്ടായി. തകരാർ പരിഹരിച്ച് തിരികെ നൽകാമെന്ന് ജീവനക്കാരനെ അറിയിച്ചെങ്കിലും സ്പെയർ പാർട്സ് കിട്ടാനുള്ള താമസത്താൽ പണിത് നൽകാൻ വൈകി. ഇതിനിടെ ജീവനക്കാരൻ ഫോൺ ചെയ്തതനുസരിച്ച് ശരത് അമ്മയുമായി 7ന് രാത്രി എട്ടുമണിയോടെ കല്ലുംമൂട്ടിലെ കാർ വിൽപ്പനകേന്ദ്രത്തിന് സമീപമെത്തിയ പ്പോൾ ഇയാളും നിരവധി കേസുകളിൽ പ്രതിയായ യുവാവും മറ്റ് ചിലരും ചേർന്ന് ശരത്തിനെ മർദ്ദിച്ചതായി ഷീജ പറഞ്ഞു. മർദ്ദനം തടയാൻ ശ്രമിച്ച ഷീജയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയുമുണ്ടായി. അക്രമം തുടർന്നതോടെ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ജീപ്പ് വരുന്നത് കണ്ടയുടൻ തന്നെയും മകനെയും ഭീഷണിപ്പെടുത്തി കാറിൽ കയറ്റിയ സംഘം രാത്രി പതിനൊന്നുമണിവരെ കായംകുളം നഗരത്തിലും പരിസരത്തെ റോഡുകളിലും കറക്കി ഭീഷണിപ്പെടുത്തിയതായി ഷീജ പറയുന്നു. പതിനൊന്നുമണിയോടെ കായംകുളം ബസ് സ്റ്റാന്റിന് തെക്കുവശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു. അക്രമികളെ ഭയന്ന് വെട്ടിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടിയ വിവരം ഡോക്ടർമാർ അറിയിച്ചിട്ടും പൊലീസ് അന്വേഷിക്കാൻ കൂട്ടാക്കിയില്ല. മുറിവുകൾ ഡ്രസ് ചെയ്ത് പുലർച്ചെ 1.30ന് സ്റ്റേഷനിലെത്തും വരെ പൊലീസ് അന്വേഷിച്ചില്ലെന്നാണ് ഷീജയുടെ ആരോപണം.
എന്നാൽ സംഭവത്തിൽ അടുത്ത ദിവസം കേസെടുത്തതായി പൊലീസ് വെളിപ്പെടുത്തി. പ്രതികളിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. മറ്റ് പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയതായും ഷീജയ്ക്ക് മർദ്ദനമേറ്റതായി അവർ ആശുപത്രിയിലോ പൊലീസിനോ മൊഴി നൽകിയിട്ടില്ലെന്നും കായംകുളം സി.ഐ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |