കോട്ടയം : അനുകൂല കാലാവസ്ഥയിൽ ഉത്പാദനം കൂടിയപ്പോഴേയ്ക്കും വിലയിടിച്ചിലും വിപണി മാന്ദ്യവും ജാതി കർഷകരെ തളർത്തുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ 80 രൂപയുടെ കുറവാണുണ്ടായത്. നല്ല രീതിയിൽ ഉണങ്ങിയ കുലുങ്ങുന്ന കായ്ക്ക് രണ്ടാഴ്ച മുമ്പ് 300 രൂപ വരെ ലഭിച്ചിരുന്നു. കാലാവസ്ഥയ്ക്കൊപ്പം മികച്ച ആദായം ലഭിക്കുന്ന പുതിയ ഇനങ്ങൾ വിപണിയിൽ എത്തുക കൂടി ചെയ്തതാണ് തലവരമാറ്റിയത്. കഴിഞ്ഞ വർഷം 350 - 370ആയിരുന്നു വില. ഉണക്ക് കുറഞ്ഞ കായയുടെ വില 170 രൂപയിലേക്ക് കൂപ്പുകുത്തി. വീട്ടിൽ വന്ന് സംഭരിക്കുന്ന കച്ചവടക്കാർ വീണ്ടും താഴ്ത്തിയാണ് എടുക്കുന്നത്. ജാതിപത്രി വിലയിലും വൻ ഇടിവുണ്ടായി. നല്ല നിറമുള്ള ഫ്ളവറിന്റെ വില 1300-1400 രൂപയായി. രണ്ടാഴ്ച മുമ്പ് 1800 -2000 രൂപ. നിറം കുറഞ്ഞ പൊടിഞ്ഞ പത്രിയുടെ വില 1300 - 1400 ൽ നിന്ന് 800 - 900 രൂപയിലേക്ക് താഴ്ന്നു.
സീസണിൽ തിരിച്ചടി
മേയ് മുതൽ ജൂലായ് വരെയാണ് സീസൺ. ഇത്തവണ വേനലിന്റെ ദൈർഘ്യം കുറവായിരുന്നതും ജനുവരി, മാർച്ച് മാസങ്ങളിൽ ശക്തമായി മഴ ലഭിച്ചതും ഉത്പാദനം കൂട്ടി. എന്നാൽ ഇതിന് പിന്നാലെ വിലയും ഇടിഞ്ഞു. റബർ കർഷകർ പലരും ജാതികൃഷിയിലേയ്ക്ക് തിരിഞ്ഞിരുന്നു. വെള്ളമുണ്ടെങ്കിൽ വളർത്താൻ എളുപ്പമെന്നതും പരിപാലനം കുറവുമാണ് ഇതിലേക്ക് ആകർഷിച്ചത്.
'' ഡിമാൻഡ് കുറഞ്ഞെന്ന പേരിൽ പരമാവധി വിലയിടിക്കാനുള്ള തന്ത്രമാണ് നടക്കുന്നത്. വ്യാപാരികൾ പലരും വിപണിയിൽ നിന്ന് വിട്ടുനിൽക്കുയാണ്''
തോമസ് സെബാസ്റ്റ്യൻ കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |