തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽപ്പെട്ടാലും ദോഷമുള്ളോർ... കഴിഞ്ഞ ഏതാനും ദശകങ്ങൾ മുമ്പുവരെ കേരളത്തിൽ രൂഢമൂലമായിരുന്ന ജാതീയമായ അനാചാരങ്ങൾക്കും തീണ്ടലുകൾക്കും അറുതി വന്നതിനു പിന്നിൽ ഗുരുദേവന്റെയും മറ്റ് സാമൂഹിക പരിഷ്കർത്താക്കളുടെയും സംഭാവന നിസ്തുലം. ഐക്യ കേരള രൂപീകരണത്തിനു ശേഷം മതത്തിന്റെയും, വർഗീയതയുടെയും പേരിൽ അകറ്റിനിറുത്തപ്പെട്ടിരുന്ന രാഷ്ട്രീയ പാർട്ടികളെ മതേതര പരിവേഷം നൽകി തരാതരം ഒപ്പം കൂട്ടിയതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ കോൺഗ്രസിനോ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്കോ ആവില്ലെന്നതും ചരിത്രം.
കോൺഗ്രസുകാർ ചത്ത കുതിരയെന്ന് വിശേഷിപ്പിച്ച് മാറ്റിനിറുത്തിയിരുന്ന മുസ്ലിം ലീഗിനെ മതേതര കക്ഷിയായി വിശേഷിപ്പിച്ച് ഇടതു മുന്നണിയിലും മന്ത്രിസഭയിലും 1967-ൽ കസേര വലിച്ചിട്ടു നൽകിയത് കമ്മ്യൂണിസ്റ്റ് ആചാര്യൻ ഇ.എം.എസിന്റെ നേതൃത്വത്തിലാണ്. പിന്നീട് മുസ്ലിം ലീഗ് കോൺഗ്രസ് മുന്നണിയുടെ ഭാഗമായി. പിന്നീട് ജമാ അത്തെ ഇസ്ലാമിയുമായും അതിന്റെ ഭാഗമായ വെൽഫെയർ പാർട്ടിയുമായും ചങ്ങാത്തം കൂടിയ കാര്യത്തിലും 'അമ്പേൽക്കാത്തവരില്ല കുരുക്കളിൽ" എന്നതാണ് യാഥാർത്ഥ്യം.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ പ്രഖ്യാപിച്ചത് യു.ഡി.എഫിന്. അതോടെ, യു.ഡി.എഫ് വർഗീയ മുന്നണിയായെന്ന് പിണറായി സഖാവും ഗോവിന്ദൻ മാഷും. 2019 വരെ ജമാഅത്തെ പിന്തുണ സ്വീകരിച്ച ഇടതു മുന്നണിക്ക് ഇപ്പോൾ 'അമ്ളേഷ്യം" ബാധിച്ചെന്നും, കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നും കോൺഗ്രസ് നേതാക്കൾ. 1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി എൽ.ഡി.എഫിനു നൽകിയ പിന്തുണയെ ആശാവഹമെന്ന് സി.പി.എം മുഖപത്രം വിശേഷിപ്പിച്ചു. 2009-ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2011-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് പിന്തുണ നൽകിയ ജമാ
അത്തെ ഇസ്ലാമിയെ മുസ്ലിം സംഘടനകളിൽ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുള്ള പ്രസ്ഥാനമെന്ന് വിശേഷിപ്പിച്ചതും അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ മറന്നുപോയോ എന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ചോദ്യം.
പിണറായി ഓന്തിനെപ്പോലെ നിറം മാറുന്നുവെന്ന് സതീശൻ. ജമാഅത്തെ ഇസ്ലാമി മതരാഷ്ട്ര വാദക്കാരെന്ന് ഗോവിന്ദൻ മാഷ്. ജമാഅത്തെയ്ക്കെതിരെ മുമ്പ് യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും മുസ്ലിം ലീഗും നടത്തിയ വിമർശനങ്ങൾ ചൂണ്ടിക്കാട്ടി ഇടതു മുന്നണിയുടെ തിരിച്ചടി. കൊടിലുകൊണ്ടു പോലും തൊടാൻ കൊള്ളാത്ത അവിശുദ്ധ സംഘടനയെ തൊട്ടതു വഴി യു.ഡി.എഫും അശുദ്ധമായെന്ന് ഗോവിന്ദൻ മാഷ്. മുമ്പത്തെ മതരാഷ്ട്ര വാദം അവർ ഇപ്പോൾ ഉപേക്ഷിച്ചെന്ന വി.ഡി. സതീശന്റെ വാദം സമസ്തയ്ക്കു പോലും ദഹിക്കുന്നില്ല.
ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ പി.ഡി.പി നേതാവ് മഅ്ദനി പ്രധാന പങ്ക് വഹിച്ചെന്നാണ് സി.പി.എം നേതാവ് പി. ജയരാജൻ തന്റെ പുസ്തകത്തിൽ പറയുന്നത്. പി.ഡി.പി എങ്ങനെ സി.പി.എമ്മിന് മതേതര പാർട്ടിയായെന്നാണ് ബി.ജെ.പിക്കാരുടെ ചോദ്യം. അത് പീഡിപ്പിക്കപ്പെട്ടവരുടെ പാർട്ടിയായതിനാൽ വോട്ട് വാങ്ങാമെന്ന് ഗോവിന്ദൻ മാഷ്. പഴയ വർഗീയതയും മതരാഷ്ട്ര വാദവും പി.ഡി.പി ഉപേക്ഷിച്ചതായും മാഷിന്റെ സർട്ടിഫിക്കറ്റ്!
'ഏതു സ്വാമി? ഒരു സ്വാമിയെയും എനിക്കറിയില്ല.ഞാനാരെയും കണ്ടിട്ടുമില്ല." അഖില ഭാരത ഹിന്ദു മഹാസഭ നിലമ്പൂരിൽ ഇടതു സ്ഥാനാർത്ഥി സ്വരാജിന് പിന്തുണ നൽകുമെന്നും, എം.വി. ഗോവിന്ദനുമായി ഇതേക്കുറിച്ച് ചർച്ച നടത്തിയെന്നുമുള്ള ദത്താത്രേയ സായിനാഥ് എന്ന സ്വാമിയുടെ വെളിപാടു കേട്ട് ഗോവിന്ദൻ മാഷ് ചിരിച്ചു തള്ളുന്നു. അയാൾ വ്യാജസ്വാമിയും നിരവധി പീഡനക്കേസുകളിൽ പ്രതിയുമാണെന്നും, ഹിന്ദു മഹാസഭയുടെ കേരള തലവൻ താനാണെന്നും ഹിമവൽ ഭദ്രാനന്ദ എന്ന തോക്കു സ്വാമി.
വ്യാജ സ്വാമിക്കു പിന്നിൽ ബി.ജെ.പിയാണെന്നാണ് തോക്കു സ്വാമിയുടെ ആരോപണം. കൊവിഡ് കാലത്ത് അതിനു പരിഹാരമായി ഗോമൂത്ര പാർട്ടി നടത്തുകയും, ഗോമൂത്രം കുടിച്ചു
കാണിക്കുകയും ചെയ്തയാളാണ് സ്വാമി ദത്താത്രേയ. നിലമ്പൂരിൽ തനിക്ക് അയ്യായിരത്തോളം അനുയായികളുണ്ടെന്നാണ് സ്വാമിയുടെ അവകാശവാദം!.
വായിൽ തോന്നുന്നത് കോതയ്ക്കു പാട്ട്. പക്ഷേ, ഉത്തരവാദപ്പെട്ട ഒരു മന്ത്രി തന്നെ യുക്തിബോധമില്ലാതെ തോന്നുന്നത് വിളിച്ചു പറയുന്നത് ഒപ്പമുള്ളവർക്കും അക്കിടിയാവും. നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരനായ സ്കൂൾ വിദ്യാർത്ഥി മരിച്ചതിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നുവെന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ ആരോപണം ഉയർത്തിയ
പുകിൽ ചില്ലറയല്ല. പ്രതിഷേധം കനത്തതോടെ സ്വന്തം മുന്നണിക്കു പോലും മന്ത്രിയെ രക്ഷിക്കാനായില്ല. ദുരന്തത്തിനു പിന്നിലല്ല, അതിന്റെ പേരിൽ പ്രതിപക്ഷം നടത്തിയ സമരത്തിലാണ് താൻ ഗൂഢാലോചന ആരോപിച്ചതെന്ന് പിറ്റേന്ന് മലക്കം മറിഞ്ഞ മന്ത്രി, താൻ പറഞ്ഞത് മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന രാഷ്ട്രീയക്കാരുടെ പതിവു പല്ലവിയും പാടി.
നാട്ടിൽ വന്യമൃഗശല്യം അമർച്ച ചെയ്യുന്നതിലുള്ള കഴിവുകേടു കൊണ്ടാണ് മന്ത്രി ശശീന്ദ്രൻ അസംബന്ധങ്ങൾ പറയുന്നതെന്ന് പ്രതിപക്ഷം. കാടിറങ്ങിയ ആനയ്ക്കോ കടുവയ്ക്കോ അല്ല മയക്കു വെടിയേറ്റതെന്നും അദ്ദേഹം ഉറങ്ങുകയല്ല, ഉറക്കം നടിക്കുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്; ആരോപണം തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും. ഗുണ പാഠം: 'വേലിയിൽ കിടക്കുന്ന പാമ്പിനെയെടുത്ത് തോളിൽ വയ്ക്കരുത്!
സ്വന്തമെന്ന പദത്തിനെന്തർത്ഥം... ബന്ധമെന്ന പദത്തിനെന്തർത്ഥം...? സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ഈ സിനിമാഗാനം മൂളിപ്പാട്ടായി പാടി നടക്കുന്നുവെന്നാണ് പാർട്ടിയിലെ ഇസ്മായിൽ പക്ഷക്കാർ പറയുന്നത്. ഉറ്റവരെന്നു കരുതുന്നവർ തള്ളിപ്പറയുമ്പോൾ ഉണ്ടാകുന്ന മാനസിക വിക്ഷോഭമാണത്രേ കാരണം. പാർട്ടി സംസ്ഥാന സെക്രട്ടറിയെക്കൊണ്ട് ഒന്നും ആവുന്നില്ലെന്നും, പുതിയ സെക്രട്ടറി വരണമെന്നും പാർട്ടിയിലെ രണ്ട് സംസ്ഥാന നേതാക്കൾ നടത്തിയതായി പറയുന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായതാണ് പ്രശ്നം. സി.പി.ഐ ദേശീയ നിർവാഹക സമിതി അംഗം കമലാ സദാനന്ദനും, എറണാകുളം ജില്ലാ സെക്രട്ടറി കെ.എം. ദിനകരനുമാണ് ശബ്ദരേഖയിലെ കഥാപാത്രങ്ങൾ. രണ്ടുപേരും പാർട്ടിയിൽ ബിനോയ് വിശ്വത്തിന്റെ വിശ്വസ്തർ.
'എന്റെ ഗർഭം ഇങ്ങനെയല്ല" എന്ന് ഒരു സിനിമയിൽ ജഗതിയുടെ കഥാപാത്രം പറയുന്നതു പോലെയായിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം- 'ഞാനറിയുന്ന കമലാ സദാനന്ദനും ദിനകരനും അങ്ങനെ പറയില്ല! മാദ്ധ്യമങ്ങൾക്ക് ആളു മാറിയതാകാം." എത്ര നല്ല ശുദ്ധഗതിക്കാരൻ! രാഷ്ട്രീയത്തിലെ ചതിക്കുഴികളും കിടങ്ങുകളും തിരിച്ചറിയാൻ കഴിയാത്ത ഇത്തരക്കാരെ പറ്റിക്കാൻ എളുപ്പമാണെന്ന് എതിരാളികൾ. ശബ്ദരേഖയെക്കുറിച്ച് പ്രതികരിക്കാൻ ഇരുനേതാക്കളും തയ്യാറായിട്ടുമില്ല. തീയില്ലാതെ പുക ഉയരുമോ എന്ന ചോദ്യം പ്രസക്തം. ബിനോയ് വിശ്വത്തിന്റെ വിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെയെന്ന് അഭ്യുദയകാംക്ഷികൾ.
ആർ.എസ്.എസുകാരനായ ഗവർണർ വിശ്വനാഥ് ആർലേക്കർ രാജ്ഭവനിലെ പൊതു ചടങ്ങിൽ ആർ.എസ്.എസ് കൊടിയേന്തിയ ഭാരതാംബയുടെ പടത്തിൽ പുഷ്പാർച്ചന നടത്തിയതിൽ സി.പി.ഐക്കാരുടെ കലി അടങ്ങുന്നില്ല. പഴയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കാറിനു മുന്നിൽ എസ്.എഫ്.ഐക്കാർ കരിങ്കൊടികളുമായി ചാടി വഴി മുടക്കാൻ ശ്രമിക്കുകയും, ഖാൻ കാറിൽ നിന്ന് ചാടിയിറങ്ങി നടുറോഡിൽ നിന്ന് വെല്ലുവിളിക്കുകയും ചെയ്തത് മറക്കാറായിട്ടില്ല. കഴിഞ്ഞ ദിവസം ഗവർണർ ആർലേക്കറുടെ കാറിനു മുന്നിൽ
കരിങ്കൊടികളുമായി ചാടിവീണത് സി.പി.ഐക്കാർ. വിശാല ഹൃദയനായ ഗവർണർ അവരോട് ക്ഷമിച്ചിരിക്കുന്നു!
നുറുങ്ങ്:
□ പാലക്കാട് ഉപതിരഞ്ഞെടുപ്പിലേതു പോലെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലും രാഹുൽ മാങ്കൂട്ടത്തലിന്റെ പെട്ടി പരിശോധന.
■ 23-ന് പെട്ടി പൊട്ടിക്കുമ്പോൾ അറിയാം അതിന്റെയും ഫലം!
(വിദുരരുടെ ഫോൺ: 994610 8221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |