ഈ മാസം ഐ.എസ്.ആർ.ഒയ്ക്ക് നൽകും
തിരുവനന്തപുരം: ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രവർത്തനം ടെസ്റ്റ് ചെയ്യാനും കാര്യക്ഷമത ഉറപ്പാക്കാനും സഹായിക്കുന്ന 'ചെക്ക് ഔട്ട്' സംവിധാനം തദ്ദേശീയമായി വികസിപ്പിച്ച് ടെക്നോപാർക്കിലെ ടാക്ക് ലോഗ് എന്ന ഇലക്ട്രോണിക്സ് ഡിസൈൻ കമ്പനി. പ്രതിരോധ, ബഹിരാകാശ മേഖലയിലടക്കം 'ഡാറ്റോസ്കൂപ്പ്' എന്ന് പേരുള്ള ഉപകരണം മുതൽകൂട്ടാകും. നിലവിൽ ഈ സംവിധാനം ഉണ്ടെങ്കിലും വിദേശത്തുനിന്നടക്കം വരുത്തുകയാണ്. തദ്ദേശീയമായി വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിക്കുന്നതോടെ ചുരുങ്ങിയ ചെലവിൽ ലഭ്യമാക്കാനാകും.
ഇതിന്റെ പൂർണ പതിപ്പ് ഈ മാസം ഐ.എസ്.ആർ.ഒ അടക്കമുള്ളവയ്ക്ക് വിതരണം ചെയ്യുമെന്ന് കമ്പനി സി.ഇ.ഒ പ്രതീഷ് വി.നായർ കേരളകൗമുദിയോട് പറഞ്ഞു. സെൻസറുകളിൽ നിന്ന് പുറത്തുവരുന്ന ഡേറ്റ സ്വീകരിക്കാനും നിരീക്ഷിക്കാനും ഫലങ്ങൾ പ്രദർശിപ്പിക്കാനും ഡാറ്റോസ്കൂപ്പിന് കഴിയും. സർവൈലൻസ് സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ തുടർച്ചയായി ശേഖരിച്ച് വിശകലനം ചെയ്യും. ഒരേസമയം ഒന്നിലധികം സോഴ്സുകളിൽ നിന്നുള്ള വിവരങ്ങളും ശേഖരിക്കാനാകും.
തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയാണ് സി.ഇ.ഒ പ്രതീഷ്. 2013ലാണ് ടെക്നോപാർക്കിൽ കമ്പനി ആരംഭിക്കുന്നത്. ഐ.എസ്.ആർ.ഒയുടെ വ്യോമമിത്ര റോബോട്ടിന്റെ കൈകൾ നിയന്ത്രിക്കുന്ന കൺട്രോളർ വികസനത്തിലും പങ്കാളിയായിരുന്നു. നിർമ്മിതബുദ്ധി ഉപയോഗിച്ച് പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിന് തയ്യാറെടുക്കുകയാണ് കമ്പനി. ഡാറ്റോസ്കൂപ്പ് കേന്ദ്രത്തിന്റെ 'മെയ്ക്ക് ഇൻ ഇന്ത്യ' സംരംഭത്തിനും മുതൽകൂട്ടാണ്.
കുറഞ്ഞ ചെലവ്,
മികച്ച കാര്യക്ഷമത
നിലവിലെ ചെക്ക്ഔട്ട് സംവിധാനങ്ങൾക്ക് 30 ലക്ഷം മുതലാണ് വില. ഡാറ്റോസ്കൂപ്പ് ചുരുങ്ങിയ ചെലവിൽ ഉപയോഗിക്കാവുന്ന ഉയർന്ന കാര്യക്ഷമതയുള്ള ഉപകരണമാണ്. സർക്കാരിന്റെ ഇ-കൊമേഴ്സ് പോർട്ടലായ ജെമ്മിൽ ഇത് ലഭ്യമാണ്.
ചെറു പെട്ടിയുടെ രൂപം
കാഴ്ചയിൽ ചെറിയൊരു പെട്ടിയുടെ രൂപമാണ് ഡാറ്റോസ്കൂപ്പിന്. ഇലക്ട്രോണിക്സ് ഉപകരണങ്ങളിലെ ആക്സിലറേറ്റർ, കൺട്രോൾ സിസ്റ്റം അടക്കമുള്ള ഘടകങ്ങളുടെ പ്രവർത്തനക്ഷമത ചില സിഗ്നലുകൾ നൽകി ഇതിലൂടെ പരീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |