അർഹരായവരെ മുഴുവൻ പരിഗണിച്ചില്ല
ദുരിതബാധിതർ വീണ്ടും സമരത്തിന്
കോഴിക്കോട്: കനത്ത മഴയിൽ വീണ്ടും ഉരുൽ പൊട്ടൽ ഭീതിയിൽ വിലങ്ങാട്. ആദിവാസികളും കുടിയേറ്റ കർഷകരും ഉൾപ്പെടെയുള്ളവരാണ് ഉള്ളിൽ തീയുമായി കഴിയുന്നത്. മലമുകളിൽ നിന്ന് വെള്ളം കുത്തിയൊലിച്ചെത്തി പുഴകളിൽ ജലനിരപ്പുയർന്നു. കോളനികൾ ഒറ്റപ്പെട്ടേക്കുമെന്ന ആശങ്കയുമുണ്ട്. മഴ തുടർന്നാൽ ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങളിലുള്ളവരെ ആശ്വാസ ക്യാമ്പിലേക്ക് മാറ്റേണ്ടിവരും. മഴ കുറഞ്ഞാൽ വീണ്ടും വാസയോഗ്യമല്ലാത്ത വീടുകളിലേക്ക് പോകണം. ഇത് ആവർത്തിക്കുന്ന സാഹചര്യത്തിൽ തൊഴിലിനു പോകാനും പലർക്കുമാകുന്നില്ല.
കഴിഞ്ഞ ജുലൈ 30ന് വിലങ്ങാട്ടെ മഞ്ഞച്ചീളിയിലടക്കം വിവിധ സ്ഥലങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെട്ടിട്ടുമില്ല. പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കാൻ റവന്യൂ അധികൃതരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ദുരിതബാധിതരുമായി ചർച്ച നടത്തിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ദുരിതബാധിതർ പറഞ്ഞു.
ആലിമൂല ഇപ്പോഴും ഉരുൾഭീതിയിൽ
2019ൽ നാല് പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായ ആലിമൂല ഇപ്പോഴും ഉരുൾഭീതിയിലാണ്. എപ്പോഴും പൊട്ടിവീഴാറായ നിലയിൽ പാറക്കല്ലുകളുള്ള നിരവധി സ്ഥലങ്ങളാണ് വിലങ്ങാട്ടുള്ളത്. ഇവയുടെ താഴെയാണ് കുടുംബങ്ങൾ ഭീതിയോടെ കഴിയുന്നത്. ഉരുൾ കവർന്ന വീടുകൾ പൂർണ്ണമായും ഉപയോഗ ശൂന്യമായതിനാൽ ഉടമകൾ ഉപേക്ഷിച്ചിരിക്കുകയുമാണ്. കഴിഞ്ഞ വർഷത്തെ ഉരുൾപൊട്ടൽ ദുരിതബാധിതരായ മുഴുവൻ കുടുംബങ്ങൾക്ക് ധനസഹായം ലഭിച്ചിട്ടില്ല.
സഹായം കിട്ടാത്തവർ നൂറിലധികം
എല്ലാ ദുരിതബാധിതർക്കും സഹായധനം നൽകുമെന്നായിരുന്നു ജില്ല കളക്ടർ സ്നേഹിൽകുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ പറഞ്ഞിരുന്നത്. പലരെയും വിളിച്ചുവരുത്തി വ്യക്തിവിവരങ്ങളടക്കം ശേഖരിച്ചെങ്കിലും സഹായം നൽകിയിട്ടില്ല. തുടർന്ന് ദുരിതബാധിതർ വില്ലേജ് ഓഫീസ് ഉപരോധം, ഹർത്താലടക്കമുള്ളവ നടത്തി. ആർ.ഡി.ഒ. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി മുഴുവൻ ദുരിതബാധിതർക്കും ധനസഹായം നൽകാമെന്ന് പറഞ്ഞെങ്കിലും നടപടി തുടങ്ങിയിട്ടില്ലെന്നാണ് വിവരം. ഇതേത്തുടർന്ന് ദുരിതബാധിതർ വീണ്ടും സമരം തുടങ്ങിയേക്കും.
ധനസഹായം കിട്ടിയത്
15 ലക്ഷം വീതം 31 പേർക്ക്
കിട്ടാനുള്ളത് 100ൽ അധികം പേർക്ക്
മഞ്ഞച്ചീളിയിൽ മാത്രം ദുരിതബാധിതർ 60
"കഴിഞ്ഞ ഉരുൾപൊട്ടലിൽ കൂടുതൽ ദുരിതബാധിതരുള്ളത് മഞ്ഞച്ചീളിയിലാണ്. ഉരുൾ പൊട്ടലിന്റെ നിത്യഭീഷണിയിലുള്ള ഇവരെ നിർബന്ധമായും പരിഗണിക്കണം."
സെൽമ രാജു, പഞ്ചായത്ത് വെെസ് പ്രസിഡൻറ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |