ഇൻഷ്വറൻസ് ഉള്ളത് 5000ൽ 1900 ബസുകൾക്ക്
തിരുവനന്തപുരം: സ്വിഫ്റ്റുൾപ്പെടെ അയ്യായിരിത്തിലേറെ ബസുകളുള്ള കെ.എസ്.ആർ.ടി.സിക്ക് ഇൻഷ്വറൻസ് ഉള്ളത് 1900 ബസുകൾക്ക് മാത്രം. പ്രതിദിനം 4000-4500 ബസുകളാണ് സർവീസ് നടത്തുന്നത്
അതിൽ 444 എണ്ണം സ്വിഫ്റ്റ് ബസുകളാണ്. അവയ്ക്കെല്ലാം ഇൻഷ്വറൻസ് ഉണ്ട്.
പ്രിമിയമായി ഭീമമായ തുക അടയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്മെന്റ് എല്ലാ ബസുകൾക്കും ഇൻഷ്വറൻസ് ഉറപ്പാക്കാത്തത്. സർക്കാർ സ്ഥാപനമെന്ന നിലയിൽ ലഭിക്കുന്ന നിയമ പരിരക്ഷയും തുണയായി. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപെട്ട് യാത്രക്കാർക്ക് ജീവൻ നഷ്ടപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ കോടതി വിധിക്കുന്ന നഷ്ടപരിഹാരം കോർപറേഷൻ നൽകണം. അപ്പോൾ, വിധിക്കെതിരെ മേൽക്കോടതികളെ സമീപിക്കും. കേസ് നടത്തിപ്പിന് ഉൾപ്പെടെ നല്ലൊരു തുക പ്രതിവർഷം ചെലവാകുന്നുമുണ്ട്.
അപകടത്തിൽപ്പെട്ടാലും
വിട്ടുകൊടുക്കും
കെ.എസ്.ആർ.ടി.സിക്ക് മോട്ടർ വാഹന നിയമത്തിലെ വകുപ്പ് 146(3)സി പ്രകാരമുള്ള പരിരക്ഷ ഉണ്ടെന്നാണ് കെ.എസ്.ആർ.ടി.സിയും സംസ്ഥാന മോട്ടർ വാഹന വകുപ്പും വ്യക്തമാക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള വാഹനം എന്ന പരിഗണനയും ഫ്ലീറ്റ് ഓണർഷിപ്പും കണക്കിലെടുത്താണ് ഇളവ് ലഭിക്കുന്നതെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ പറയുന്നു.
ഇൻഷ്വറൻസ് ഇല്ലാത്ത മറ്റ് വാഹനങ്ങൾ അപകടത്തിൽപെട്ടാൽ പൊലീസ് വിട്ടുകൊടുക്കാറില്ല. പക്ഷെ, കെ.എസ്.ആർ.ടി.സി ബസ് വിട്ടു കൊടുക്കും.
മറ്റു വാഹനങ്ങളെങ്കിൽ
തടവും പിഴയും
1988ലെ മോട്ടർ വാഹന നിയമം വകുപ്പ് 146, 196 എന്നിവ പ്രകാരവും കെ.എം.വി.ആർ 391 എ പ്രകാരവും ഇൻഷ്വറൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നത് നിയമലംഘനമാണ്. മൂന്ന് മാസം തടവോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണിത്. അപകടത്തിൽപ്പെട്ട വാഹനത്തിന് ഇൻഷ്വറൻസ് ഇല്ലെങ്കിൽ അതത് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയെ അറിയിച്ച് ആ കുറ്റത്തിനുള്ള ചാർജ് കൂടി കുറ്റപത്രത്തിൽ ഉൾപ്പെടുത്തണമെന്ന് ഗതാഗത കമ്മിഷണർ എച്ച്.നാഗരാജു നിർദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |