കൊച്ചി: കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളുടെ ഏജന്റുമാരായ യുവതികളെ 37.5 കിലോ കഞ്ചാവുമായി എറണാകുളം റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് റാണിനഗർ സ്വദേശി അനിതാ ഖാത്തൂൺ ബീബി (30), കാസിപാറ സ്വദേശി സോണിയാ സുൽത്താന (21) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാവിലെ 7.30ന് ബംഗളൂരു - കന്യാകുമാരി എക്സ്‌പ്രസ് ട്രെയിൻ എറണാകുളം നോർത്ത് സ്റ്റേഷൻ വിട്ടശേഷം രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ ആർ.പി.എഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇവരുടെ കൈവശമുണ്ടായിരുന്ന മൂന്നു ട്രോളി ബാഗുകളിൽ ബ്രൗൺ പേപ്പർ പൊതികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംശയിക്കാതിരിക്കാൻ ഉത്തരേന്ത്യൻ ടൂറിസ്റ്റുകളുടെ വേഷത്തിൽ വിലപിടിപ്പുള്ള ട്രോളിബാഗുകളുമായിട്ടാണ് സഞ്ചാരം.
ശനിയാഴ്ച രാത്രി ബംഗളൂരുവിന് സമീപം കൃഷ്ണരാജപുരം സ്റ്റേഷനിൽ നിന്ന് എറണാകുളം നോർത്ത് സ്റ്റേഷനിലേക്ക് എടുത്ത ജനറൽ ടിക്കറ്റ് കൈവശമുണ്ടായിരുന്നു. ഒഡീഷ, ആന്ധ്ര, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ നിന്നായിരിക്കാം കഞ്ചാവ് കടത്തിയതെന്ന് സംശയിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ യുവതികളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും വിഫലമായി. രണ്ട് മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തു. കഞ്ചാവുമായി മുൻപും ഇവർ കൊച്ചിയിലെത്തിയിട്ടുണ്ടെന്നാണ് സൂചന. എറണാകുളം റെയിൽവേ ഡിവൈ.എസ്.പി ജോർജ് ജോസഫ്, എസ്.ഐമാരായ നിസാറുദ്ദീൻ, ഇ.കെ.അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |