മമ്മൂട്ടി, വിനായകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവൽ എന്ന ചിത്രത്തിൽ 21 നായികമാരിൽ മേഘ തോമസും. രജിഷ വിജയൻ, ഗായത്രി അരുൺ തുടങ്ങിയവർ ഉൾപ്പെടുന്നതാണ് 21 നായികമാരുടെ നിര. ഭീമന്റെ വഴി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മേഘ തോമസ് അഞ്ചക്കള്ളകോക്കാൻ, രേഖാചിത്രം എന്നീ ചിത്രങ്ങളിലും തിളങ്ങി. ഭാവന, റഹ്മാൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന അനോമി ആണ് മേഘ തോമസിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. അതേസമയം സെക്കോ ത്രില്ലർ ഗണത്തിൽപ്പെടുന്ന കളങ്കാവൽ മമ്മൂട്ടി ആരാധകർ ആവേശത്തോടെയാണ് ഉറ്റുനോക്കുന്നത് . മമ്മൂട്ടിയുടെ വേറെ ലെവൽ വില്ലൻ കഥാപാത്രമായിരിക്കും.
വിനായകൻ ആണ് നായകൻ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ് കളങ്കാവൽ. ദുൽഖർ സൽമാൻ ചിത്രം കുറുപ്പിന്റെ കഥാകൃത്താണ് ജിതിൻ കെ. ജോസ്. ഫൈസൽ അലി ഛായാഗ്രഹണം നിർവഹിക്കുന്നു. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം. ഡൊമിനിക് ആന്റ് ദ ലേഡീസ് പഴ്സ്, ബസൂക്ക എന്നിവയാണ് ഈ വർഷം റിലീസ് ചെയ്ത മമ്മൂട്ടി ചിത്രങ്ങൾ. അതേസമയം മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രമാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ തുടർചിത്രീകരണം ഇന്ന് ശ്രീലങ്കയിൽ ആരംഭിക്കും. നാലുദിവസം എടപ്പാളിലും ചിത്രീകരണം ഉണ്ടാകും. തുടർന്ന് എറണാകുളത്തേക്ക് ഷിഫ്ട് ചെയ്യും. ജൂലായിൽ മമ്മൂട്ടി ജോയിൻ ചെയ്യുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |