ആലപ്പുഴ: അയൽവാസി കൃഷിസ്ഥലത്ത് സ്ഥാപിച്ച വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു. താമരക്കുളം കിഴക്കേമുറി പുത്തൻചന്ത പ്രസന്നഭവനത്തിൽ ശിവൻകുട്ടി കെ. പിള്ളയാണ് (65) മരിച്ചത്. ഇന്നലെ രാവിലെ 7ഓടെ വീടിന് 300 മീറ്ററകലെയുള്ള കൊടുവര വയലിലായിരുന്നു അപകടം. സംഭവത്തിൽ സ്ഥലം ഉടമ ഇടക്കണ്ടത്തിൽ ജോൺസണിനെ പൊലീസ് അറസ്റ്റ് ചെയ്തു.
പശുവളർത്തലിനൊപ്പം മരച്ചീനി,വാഴ,പച്ചക്കറി തുടങ്ങിയവയുടെ കൃഷിയും ശിവൻകുട്ടിക്കുണ്ട്. കൃഷിസ്ഥലത്ത് പന്നിശല്യമോ മഴക്കെടുതിയോ ഉണ്ടായിട്ടുണ്ടോയെന്ന് നോക്കൻ പോയ ശിവൻകുട്ടി ഏറെനേരമായിട്ടും തിരികെ വരാതിരുന്നതിനാൽ മകൾ ശരണ്യ അന്വേഷിച്ചെത്തിയപ്പോഴാണ് പറമ്പിൽ വീണ് കിടക്കുന്നത് കണ്ടത്. ശരണ്യയുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. ഇടത്കാൽമുട്ടിന് താഴെ കണ്ട പൊള്ളലേറ്റ അടയാളമാണ് ഷോക്കേറ്റതാകാമെന്ന സംശയത്തിലേക്ക് നയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാൽ മരണവിവരമറിഞ്ഞ് സ്ഥലം ഉടമ ജോൺസൺ വൈദ്യുതിക്കെണിക്ക് ഉപയോഗിച്ച കമ്പിവേലി പൂർണമായും നീക്കം ചെയ്തിരുന്നു. പൊലീസ് നടത്തിയ കൂടുതൽ പരിശോധനയിൽ ഇവ ജോൺസണിന്റെ വീട്ടിൽനിന്ന് കണ്ടെത്തുകയായിരുന്നു. ജോൺസണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.
മരച്ചീനിയും വാഴയും മറ്റും കൃഷി ചെയ്തിരുന്ന ജോൺസന്റെ പറമ്പിൽ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു. കൃഷി സ്ഥലത്തിന് ചുറ്റും ഇരുമ്പ് കമ്പി വലിച്ചുകെട്ടി അതിലേക്ക് വീടിന് സമീപത്തെ പഴയ ഷെഡിൽ നിന്ന് വയർ വഴി വൈദ്യുതി കടത്തിവിടുകയായിരുന്നു. ശിവൻകുട്ടിക്ക് വൈദ്യുതാഘാതമേറ്റതിന് പിന്നാലെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങൾ ഉണ്ടായില്ല. ശിവൻകുട്ടിയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റുമോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിട്ടുള്ളത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമെങ്കിൽ മറ്റ് വകുപ്പുകൾ ചുമത്തും. വിദേശത്തുള്ള മകൻ ശ്യാം എസ്.കെ. പിള്ള നാട്ടിലെത്തിയശേഷം ശിവൻകുട്ടി പിള്ളയുടെ മൃതദേഹം സംസ്കരിക്കും. ഭാര്യ: ശോഭകുമാരി. മകൾ: ശരണ്യ എസ്.കെ. പിള്ള. മരുമകൻ: ഉണ്ണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |